'ഹോല ഖത്തർ' ആൽബം രചയിതാവിനെ മലപ്പുറം ഒ.ഐ.സി.സി ആദരിച്ചു
text_fieldsറിയാദ്: ഫുട്ബാൾ ലോകകപ്പ് ഇതിവൃത്തമാക്കി ഇംഗ്ലീഷ് ആൽബം രചിച്ച പ്രവാസി മലയാളിയെ ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി ആദരിച്ചു. കാൽപന്ത് കളിയുടെ ആസ്വാദകരായി ഖത്തറിൽ സംഗമിച്ച രാജ്യങ്ങളെയും കളിയെയും കളിപ്രേമികളെയും പ്രകീർത്തിച്ച് പുറത്തിറക്കിയ 'ഹോല ഖത്തർ' ആൽബത്തിന്റെ രചയിതാവും നിർമാതാവുമായ മലപ്പുറം താനൂർ സ്വദേശി നൗഫൽ പാലേരി റിയാദിൽ പ്രവാസിയാണ്. പ്രശസ്ത ഗായിക യുംന അജിൻ പാടിയ ആൽബം ഇതിനകം യൂട്യൂബിൽ മാത്രം 12 ലക്ഷത്തിലധികം ആളുകൾ കണ്ടിട്ടുണ്ട്.
'ബത്ഹയിലിരുന്ന് ഖത്തർ കാണാം' എന്ന ശീർഷകത്തിൽ മലപ്പുറം ഒ.ഐ.സി.സി ഒരുക്കിയ ഫാൻ ഫെസ്റ്റിലാണ് കലാകാരനെ ആദരിച്ചത്. പ്രവാസത്തിന്റെ തിരക്കുകൾക്കും പ്രതിസന്ധികൾക്കുമിടയിൽ കലാ പ്രവർത്തനങ്ങൾക്ക് സമയം കണ്ടെത്തുകയും ശ്രദ്ധേയമായ കലാസൃഷ്ടികൾ നിർമിക്കുകയും ചെയ്യുന്ന നൗഫലിന്റെ ആത്മസമർപ്പണത്തെ ജില്ല കമ്മിറ്റി അഭിനന്ദിച്ചു. ജില്ല പ്രസിഡൻറ് അമീർ പട്ടണത്ത് ഹാരാർപ്പണം നടത്തി.
ജില്ല ജനറൽ സെക്രട്ടറി സക്കീർ ദാനത്ത് നൗഫൽ പാലേരിക്ക് പാർട്ടി അംഗത്വം നൽകി. ഗ്ലോബൽ സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ, നാഷനൽ കമ്മിറ്റി സെക്രട്ടറി സിദ്ദീഖ് കല്ലുപറമ്പൻ, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറുമാരായ സലിം കളക്കര, മുഹമ്മദ് അലി മണ്ണാർക്കാട്, ജില്ല ഭാരവാഹികളായ ജംഷാദ് തുവ്വൂർ, വാഹിദ് വാഴക്കാട്, അബൂബക്കർ ഭ്രമരത്ത്, വിനീഷ് ഒതായി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.