'തവക്കൽനാ' ആപ്പിനുണ്ടായ സാങ്കേതിക തകരാർ പരിഹരിക്കാൻ ശ്രമിക്കുന്നതായി അധികൃതർ
text_fieldsഅബ്ദുറഹ്മാൻ തുറക്കൽ
ജിദ്ദ: 'തവക്കൽനാ' ആപ്പിനുണ്ടായ സാങ്കേതിക തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് സൗദി അതോറിറ്റി ഫോർ ഡാറ്റ ആൻറ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (സദായാ) വക്താവ് മാജിദ് അൽ അൽശഹ്രി പറഞ്ഞു. 'അൽഅറബിയ' ചാനലിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഉടൻ സാങ്കേതിക തകരാർ പരിഹരിക്കാൻ സാധിച്ചേക്കും. സുസ്ഥിരമായ പരിഹാരത്തിനായുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. തകരാറിന്റെ തുടക്കം മുതൽ സാങ്കേതിക വിഭാഗം പ്രശ്നം പരിഹരിക്കാൻ നിരന്തരം പ്രവർത്തിക്കുന്നുണ്ട്.
തത്കാലിക പരിഹാരമെന്നോണം തവക്കൽനാ, അബ്ഷിർ ഫ്ളാറ്റ്ഫോമുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാവരുടെയും ആരോഗ്യനില സംബന്ധിച്ച എസ്.എം.എസ് സന്ദേശം അയക്കാൻ നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇങ്ങിനെ ലഭിക്കുന്ന സന്ദേശം ഔദ്യോഗിക രേഖയായിരിക്കും. വെള്ളിയാഴ്ച മുഴുസമയം ഈ സന്ദേശത്തിന് സാധുത ഉണ്ടായിരിക്കും. ഈ കാലയളവ് അവസാനിക്കുന്നതിനു മുമ്പ് സുസ്ഥിരമായ ഒരു പരിഹാരം കണ്ടെത്താനാകുമെന്നാണ് പ്രത്യാശിക്കുന്നതെന്നും വക്താവ് പഅറിയിച്ചു. കോവിഡ് വ്യാപനം തടയുന്നതിന് മുൻകരുതലായി ആരോഗ്യവകുപ്പ് അംഗീകരിച്ച തവക്കൽനാ ആപ്പിന് ബുധനാഴ്ചയാണ് സാങ്കേതിക തകരാർ ആരംഭിച്ചത്.
ഇക്കാര്യം ആപ്പ് അഡ്മിനിസ്ട്രേഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു. തവക്കൽനാ, അബ്ഷിർ ഫ്ളാറ്റുഫോമുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാവർക്കും ആരോഗ്യനില സംബന്ധിച്ച എസ്.എം.എസ് സന്ദേശം അയക്കുമെന്ന വിശദീകരണവും അവർ പുറത്തിറക്കിട്ടുണ്ട്. ഈ സന്ദേശം താൽകാലിക പരിഹാരവും അംഗീകൃതവുമായിരിക്കുമെന്നും അവർ പറഞ്ഞിട്ടുണ്ട്. ഉപഭോക്താവിന്റെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ അധികാരികൾക്ക് അതിലൂടെ സാധിക്കും. ആപ്പുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റുകൾ അറിയുന്നതിനു എല്ലാവരും സോഷ്യൽ മീഡിയയിലെ തവൽക്കനാ ആപ്ളിക്കേഷന്റെ അക്കൗണ്ടുകൾ പിന്തുടരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യ സ്ഥിതി തെളിയിക്കാനുള്ള അംഗീകൃത രീതിയാണ് സന്ദേശം. സന്ദേശത്തിലോ, അതിന്റെ ഉള്ളടക്കത്തിലോ എന്തെങ്കിലും ദുരുപയോഗം ശ്രദ്ധയിൽപ്പെട്ടാൽ ഗുണഭോക്താവ് നിയമപരമായ നടപടിക്ക് വിധേയമായിരിക്കുമെന്നും അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ റിയാദിലും ദമ്മാമിലും ഷോപ്പിംഗ് മാളുകളിലും മറ്റും പ്രവേശിക്കുന്നതിന് തവക്കൽനാ ആപ്പ് നിർബന്ധമാക്കിയിരുന്നു.
ജിദ്ദയിലും സൗദിയിലെ മറ്റു പ്രദേശങ്ങളിലും നിയമം ഔദ്യോഗികമായി നിലവിൽ വന്നിട്ടില്ലെങ്കിലും ചില ഷോപ്പിംഗ് മാൾ അധികൃതർ തങ്ങളുടെ ഉപഭോക്താക്കളെ അകത്തേക്ക് പ്രവേശിപ്പിക്കുന്നതിന് തവക്കൽനാ ആപ്പ് നിർബന്ധമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.