'ഒരുദേശത്തിന്റെ ആത്മകഥ'; ജിദ്ദ പൂങ്ങോട് പ്രവാസി കൂട്ടായ്മ ചരിത്ര മാഗസിൻ പുറത്തിറക്കുന്നു
text_fieldsജിദ്ദ: മലപ്പുറം ജില്ലയിൽ കാളികാവ് പഞ്ചായത്തിലെ പൂങ്ങോട് നിവാസികളുടെ ജിദ്ദയിലെ കൂട്ടായ്മയായ ജിദ്ദ പൂങ്ങോട് പ്രവാസി കൂട്ടായ്മ ചരിത്ര മാഗസിൻ പുറത്തിറക്കുന്നു. ഇന്ത്യൻ സ്വാതന്ത്ര സമരത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടിയ പ്രദേശത്തെ സ്വാതന്ത്ര്യസമര രക്തസാക്ഷികൾ, ജയിൽവാസം നടത്തേണ്ടി വന്നവർ, ഖിലാഫത്ത് സമരങ്ങൾ തുടങ്ങി പൂങ്ങോട് പ്രദേശവുമായി ബന്ധപ്പെട്ട ചെറുതും വലുതുമായ ചരിത്രങ്ങളുടെ നേർക്കാഴ്ചയായിരിക്കും 'ഒരുദേശത്തിന്റെ ആത്മകഥ' എന്ന പേരിൽ ഇറങ്ങുന്ന മാഗസിനെന്ന് ഭാരവാഹികൾ ജിദ്ദയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ജനുവരി ആദ്യ വാരത്തിൽ പ്രമുഖ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യത്തിൽ ജനകീയ പങ്കാളിത്തത്തോടെ നടക്കുന്ന വിപുലമായ ചടങ്ങിൽ മാഗസിൻ പ്രകാശനം ചെയ്യും. പൂങ്ങോട് ഗ്രാമത്തിന്റെ 300 വർഷത്തെ ചരിത്രം വീണ്ടെടുക്കുകയാണ് ചരിത്ര മാഗസിനിലൂടെ ലക്ഷ്യമിടുന്നത്. അഞ്ചു വർഷം നീണ്ട ഗവേഷണങ്ങളിലൂടെയും പഠനങ്ങളിലൂടെയുമാണ് മാഗസിൻ തയാറാക്കിയിരിക്കുന്നത്. പൂങ്ങോടിന്റെ സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും അടയാളമായികൊണ്ട് ജാതിമത ഭേദമന്യേ സംഘടനാ പക്ഷപാതിത്ത്വമില്ലാതെ നാട്ടിലെ മുഴുവൻ ആളുകളെയും സഹകരിപ്പിച്ച് ജനകീയമായിട്ടായിരിക്കും മാഗസിൻ പുറത്തിറക്കുക.
പൂങ്ങോടിനെകുറിച്ചുള്ള അപൂർവ ചരിത്ര ശേഖരമായ 1800 കളിലെ ബ്രിട്ടീഷ് രേഖകൾ, പൂങ്ങോട് അടക്കമുള്ള പ്രദേശങ്ങളെ ഭരിച്ചിരുന്ന ജന്മി തറവാടായ പാണ്ടിക്കാട് മരനാട്ടുമനയുടെ ഇതുവരെ പ്രകാശിതമാകാത്ത ചരിത്രം തുടങ്ങിയവ മാഗസിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പൂങ്ങോടിന്റെ വിദ്യാഭ്യാസം, ഗതാഗതം, വ്യാപാരം, കൃഷി, രാഷ്ട്രീയം, വിനോദം, ആരോഗ്യം, മതരംഗം തുടങ്ങിയവയുടെ വിശദമായ ചരിത്രവും മറ്റു പ്രതിപാദ്യ വിഷയങ്ങളാണ്.
പൂങ്ങോട്ടിൽ നിലവിലുള്ള ഭൂരിഭാഗം കുടംബങ്ങളുടെയും ചരിത്രം, പ്രദേശത്തു നിലനിന്നിരുന്ന കലാരൂപങ്ങൾ, കായിക വിനോദങ്ങൾ, സാംസ്‌കാരിക പരിപാടികൾ എന്നിവയെയും പരിചയപ്പെടുത്തുന്നു. പ്രദേശത്തെ വിവിധ മതങ്ങളുടെ ആരാധനാലയങ്ങളുടെ ഉത്ഭവവും വളർച്ചയും, വിവിധ സമൂഹങ്ങളുടെ പുരോഗതിയിൽ അവ വഹിച്ച പങ്കും വിശദീകരിക്കുന്നു. അര നൂറ്റാണ്ടിലെത്തുന്ന പൂങ്ങോടിന്റെ പ്രവാസ ചരിത്രത്തെ സമഗ്രമായി മാഗസിൻ വരച്ചിടുന്നു. ആദ്യകാല പ്രവാസത്തിന്റെ പൊള്ളുന്ന ഓർമകളും ഗൾഫ് കൂട്ടായ്മകളുടെ രസകരമായ അനുഭവങ്ങളും പങ്കുവെക്കുന്നു. വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച പൂങ്ങോട്ടുകാരെ കുറിച്ചുള്ള വിവരണവും അത്യപൂർവങ്ങളായ നിരവധി ചിത്രങ്ങൾ കണ്ടെടുത്തു മാഗസിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ പ്രമുഖരായ എഴുത്തുകാരും മാധ്യമ പ്രവർത്തകരുമാണ് മാഗസിൻ നിർമാണത്തിൽ പങ്കാളികളായത്. 300 ലധികം പേജുകളിൽ നൂതന ഡിസൈനിംഗ് സംവിധാനത്തിലൂടെയാണ് മാഗസിൻ തയാറാക്കിയിരിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് വി.പി ഷിയാസ്, ജനറൽ സെക്രട്ടറി കെ.മുരളി, വൈസ് പ്രസിഡന്റ് സലാം സോഫിറ്റൽ, സെക്രട്ടറി എൻ. അബ്ദുൽ നാസർ, രക്ഷാധികാരി പി.എം.എ ഖാദർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.