കോവിഡ് നിയന്ത്രണങ്ങളിൽ അയവ്: മക്ക ഹറമിൽ സംസം കണ്ടെയ്നറുകൾ പുനഃസ്ഥാപിച്ചു
text_fieldsമക്ക: മസ്ജിദുൽ ഹറമിൽ എത്തുന്നവർക്ക് സംസം വെള്ളം കുടിക്കാനുള്ള സൗകര്യം പുനഃസ്ഥാപിച്ചു. സംസം സൂക്ഷിക്കാനുള്ള കണ്ടെയ്നറുകൾ പുനഃസ്ഥാപിക്കുകയും വെള്ളമെടുത്ത് കുടിക്കാനുള്ള ടാപ്പുകൾ തുറന്നുകൊടുക്കുകയും ചെയ്തു. രാജ്യത്ത് കോവിഡ് പൊട്ടിപുറപ്പെട്ടതിനെ തുടർന്ന് ആരോഗ്യ മുൻകരുതൽ നടപടികളുടെ ഭാഗമായി കഴിഞ്ഞ വർഷം മാർച്ചിൽ എടുത്തുമാറ്റിയ സംസം കണ്ടെയ്നറുകളാണ് ഹറമിൽ എല്ലായിടത്തും പുനഃസ്ഥാപിച്ചത്. ഹറമിനകത്തും പുറത്തും മുറ്റങ്ങളിലും സംസം കുടിക്കാനൊരുക്കിയ ടാപ്പുകളിൽ സംസം ജലം ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. 20,000ത്താളം കണ്ടെയ്നറുകളാണ് തിരികെ വെച്ചത്. 155 പുതിയ സ്ഥലങ്ങളിൽ കൂടി സംസം കുടിക്കാനുള്ള സൗകര്യം സ്ഥാപിക്കുകയും ചെയ്തു. രാജ്യത്തെ പൗരന്മാർക്കും വിദേശികൾക്കുമിടയിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തവരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാവുകയും സാമൂഹിക പ്രതിരോധശേഷി രൂപപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് മക്ക ഹറമിനുള്ളിലെ സംസം ജലവിതരണ സംവിധാനം പുനഃസ്ഥാപിച്ചത്. ആരോഗ്യ മുൻകരുതൽ പ്രോട്ടോക്കോളുകൾ കർശനമായി പാലിച്ചാണ് സംസം കണ്ടെയ്നറുകൾ തിരികെ ഘടിപ്പിച്ചതെന്ന് ഇരുഹറം കാര്യാലയ സേവന കാര്യ അണ്ടർ സെക്രട്ടറി മുഹമ്മദ് മുസ്ലിഹ് അൽജാബിരി പറഞ്ഞു.
ഹറമിനുള്ളിൽ 145 സ്ഥലങ്ങളിൽ സംസം കുടിക്കാൻ ടാപ്പുകളോട് കൂടിയ സൗകര്യങ്ങളുണ്ട്. ഇതിൽ 97 എണ്ണം മാർബിൾ കൊണ്ട് നിർമിച്ച കൗണ്ടറാണ്. ഹറമിലെ ഭൂനിരപ്പിലുള്ള നിലയിലും ഒന്നാം നിലയിലും മാർബിൾ കൊണ്ട് നിർമിച്ച 48 സ്ഥലങ്ങൾ സംസം കുടിക്കാൻ ഒരുക്കിയിട്ടുണ്ട്. ഹറം മുറ്റങ്ങളിൽ മാർബിൾ കൊണ്ടുണ്ടാക്കിയ സംസം കൗണ്ടറുകളുടെ എണ്ണം 10 ആണ്. ഒന്നാമത്തെയും രണ്ടാമത്തെയും നിലകളിലും സഫാ മർവ കുന്നുകൾക്കിടയിലുള്ള നടപ്പാതയായ 'മസ്അ'യിലും സംസം കുടിക്കാനുള്ള സൗകര്യങ്ങൾ പുനഃസ്ഥാപിക്കുകയും നവീകരിക്കുകയും ചെയ്തിട്ടുണ്ട്. ഹറമിെൻറ െടറസിലെ സംസം കുടിക്കാനുള്ള കൗണ്ടറുകളും മാർബിൾകൊണ്ട് ഒരുക്കിയതാണ്. ഹറമിൽ മൊത്തം സംസം കണ്ടെയ്നറുകളുടെ എണ്ണം 20,000ത്തിലധികം വരും. പ്രതിദിനം ശരാശരി സംസം ഉപഭോഗം 16,33,030 ക്യുബിക് മീറ്ററാണ്. സംസം വിതരണം എളുപ്പമാക്കാനും അതിെൻറ നിരീക്ഷണത്തിനും മുഴുവൻ സമയ ജീവനക്കാരായി 126 പേരും വിതരണത്തിന് നിരവധി തൊഴിലാളികളുമുണ്ടെന്നും സേവന വിഭാഗം അണ്ടർ സെക്രട്ടറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.