ദുബൈ എക്സ്പോയിൽ മികച്ച പവിലിയനുള്ള അവാർഡ് സൗദിക്ക്
text_fieldsജിദ്ദ: ദുബൈ എക്സ്പോയിൽ എക്സിബിറ്റർ മാസികയുടെ തിരഞ്ഞെടുപ്പ് അനുസരിച്ച് സൗദി മികച്ച പവിലിയനുള്ള അവാർഡും രണ്ട് ഓണററി അവാർഡുകളും നേടി. വലിയ സ്യൂട്ടുകളുടെ വിഭാഗത്തിലാണ് എക്സ്പോ 2020ൽ മികച്ച പവിലിയനുള്ള അവാർഡും മികച്ച എക്സ്റ്റീരിയർ ഡിസൈൻ വിഭാഗത്തിൽ ഓണററി അവാർഡും മികച്ച ഡിസ്പ്ലേ വിഭാഗത്തിൽ ഓണററി അവാർഡും സൗദി നേടിയത്.
യു.എസ് ഗ്രീൻ ബിൽഡിങ് കൗൺസിൽ (യു.എസ്.ജി.ബി.സി) ലീഡിൽ പ്ലാറ്റിനം സർട്ടിഫിക്കറ്റ് സൗദി പവിലിയൻ നേടിയിട്ടുണ്ട്.
ഏറ്റവും വലിയ ഇന്ററാക്ടിവ് ലൈറ്റ് ഫ്ലോർ, 32 മീറ്റർ നീളമുള്ള ഏറ്റവും നീളമേറിയ ഇന്ററാക്ടിവ് വാട്ടർ കർട്ടൻ, 1,240 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തീർണമുള്ള ഏറ്റവും വലിയ ഇന്ററാക്ടിവ് ഡിജിറ്റൽ സ്ക്രീൻ മിറർ എന്നിങ്ങനെ മൂന്ന് ഗിന്നസ് വേൾഡ് റെക്കോഡുകളും പവിലിയൻ സ്വന്തമാക്കിയിട്ടുണ്ട്.
30 വർഷത്തിലേറെയായി എക്സ്പോ വേൾഡ് ഫെയറുകളുടെ ലോകത്തിലെ ഏറ്റവും പ്രശസ്തമായ പ്രധാന മൂല്യനിർണയക്കാരാണ് എക്സിബിറ്റർ മാഗസിൻ. ഡിസൈൻ, മാർക്കറ്റിങ്, ഇവന്റ് വിദഗ്ധർ എന്നിവരടങ്ങുന്ന ഒരു അന്താരാഷ്ട്ര സമിതിയാണ് മൂല്യനിർണയം നടത്തുന്നത്.
ഇവരുടെ തിരഞ്ഞെടുപ്പിലൂടെയാണ് മികച്ച രീതിയിൽ രൂപകൽപന ചെയ്ത എക്സിബിഷനുകളെ നിർണയിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ച ദുബൈയിലെ 'എക്സ്പോ 2020' ൽ സൗദി പവിലിയൻ സന്ദർശകരുടെ ശ്രദ്ധ ഏറെ ആകർഷിച്ചിരുന്നു. 40 ലക്ഷത്തോളം സന്ദർശകരാണ് സൗദി പവിലിയൻ സന്ദർശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.