സുൽത്താൻ ഹ്യുമാനിറ്റേറിയൻ സിറ്റിക്ക് പുരസ്കാരം
text_fieldsജുബൈൽ: ദുബൈയിൽ നടന്ന പേഷ്യന്റ് സേഫ്റ്റി കോൺഗ്രസിൽ റിയാദിലെ സുൽത്താൻ ഹ്യുമാനിറ്റേറിയൻ സിറ്റിക്ക് 'പേഷ്യന്റ് സേഫ്റ്റി പ്ലാറ്റിനം അവാർഡ്' ലഭിച്ചു. 'സുസ്ഥിര ഗുണനിലവാരവും രോഗിസുരക്ഷാ സംരംഭവും' എന്ന വിഭാഗത്തിലാണ് അവാർഡ്.
പശ്ചിമേഷ്യയിലെ 16 രാജ്യങ്ങളിൽനിന്നുള്ള 71 മെഡിക്കൽ വിഭാഗങ്ങൾ മത്സരത്തിൽ പങ്കെടുത്തു. ജീവനക്കാരുടെ അശ്രാന്ത പരിശ്രമവും സർക്കാറിന്റെ അകമഴിഞ്ഞ പിന്തുണയുമാണ് പുരസ്‌കാരത്തിന് കാരണമെന്ന് സുൽത്താൻ ബിൻ അബ്ദുൽ അസീസ് അൽ സഊദ് ഫൗണ്ടേഷൻ സെക്രട്ടറി ജനറൽ അമീർ ഫൈസൽ ബിൻ സുൽത്താൻ പറഞ്ഞു.
രോഗികൾക്കും ജീവനക്കാർക്കും അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കാൻ ആശുപത്രിക്ക് കഴിഞ്ഞിട്ടുണ്ട്.സമൂഹത്തിന് വിപുലമായ സേവനങ്ങൾ നൽകാൻ സഹായിക്കുന്ന വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിയിട്ടുണ്ട്. വൈദ്യ പരിചരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള വികസന പ്രവർത്തനങ്ങൾ നടക്കുന്നു. സൗദി സർക്കാറിന്റെ പരിധിയില്ലാത്ത പിന്തുണയും 'വിഷൻ 2030' ന്റെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള പരിപാടികളുമാണ് വിജയത്തിന് നിദാനം.
ഇത് ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ രാജ്യത്തെ മുന്നിലെത്തിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലാഭേച്ഛയില്ലാത്ത മേഖലയുമായി സംയോജനം കൈവരിക്കുന്നതിലും സമൂഹത്തെ സേവിക്കാൻ പ്രാപ്തമാക്കുന്നതിലും ആരോഗ്യ മന്ത്രാലയത്തിന്റെ പങ്കിനെ അദ്ദേഹം പ്രശംസിച്ചു.
റിയാദിന് വടക്ക് ബാൻബാൻ ഏരിയയിൽ 10 ലക്ഷം ചതുരശ്ര മീറ്ററിലാണ് സുൽത്താൻ ഹ്യുമാനിറ്റേറിയൻ സിറ്റി സ്ഥിതി ചെയ്യുന്നത്. പരിചയസമ്പന്നരായ മെഡിക്കൽ സ്റ്റാഫ്, നഴ്‌സുമാർ, വിദഗ്ധർ എന്നിവരാൽ രോഗികൾക്ക് ഉയർന്ന നിലവാരത്തിലുള്ള ആരോഗ്യ സേവനങ്ങൾ നൽകാൻ കഴിയുന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.