കിങ് ഫൈസൽ അവാർഡുകൾ പ്രഖ്യാപിച്ചു
text_fieldsജിദ്ദ: ഈ വർഷത്തെ കിങ് ഫൈസൽ അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു. മക്ക ഗവർണറും കിങ് ഫൈസൽ അവാർഡ് അതോറിറ്റി ചെയർമാനുമായ അമീർ ഖാലിദ് അൽഫൈസലാണ് പ്രഖ്യാപനം നടത്തിയത്.
ഇസ്ലാമിക സേവനം, ഇസ്ലാമിക പഠനം, അറബി ഭാഷയും സാഹിത്യവും, വൈദ്യശാസ്ത്രം, ശാസ്ത്രം എന്നീ അഞ്ചു ശാഖകളിലാണ് ജേതാക്കളെ തെരഞ്ഞെടുത്തതെന്ന് കിങ് ഫൈസൽ അന്താരാഷ്ട്ര അവാർഡ് സെക്രട്ടറി ജനറൽ ഡോ. അബ്ദുൽ അസീസ് സബീൽ അറിയിച്ചു. ഇസ്ലാം സേവനത്തിനുള്ള അവാർഡ് താൻസനിയ മുൻ പ്രസിഡൻറ് അലി ഹസ്സൻ മ്വിവ്നിക്കും അൽ അസ്ഹർ യൂനിവേഴ്സിറ്റിയിലെ ഉന്നത പണ്ഡിത സഭ അംഗം ഡോ. ഹസൻ മുഹമ്മദ് അൽശാഫിയിക്കുമാണ്. കൊളോണിയലിസം, സോഷ്യലിസം എന്നിവയിൽനിന്നു മോചിപ്പിക്കുന്നതിനായി തന്റെ ഭരണകാലത്ത് രാജ്യത്തെ നയിച്ചത് പരിഗണിച്ചാണ് താൻസനിയൻ മുൻ പ്രസിഡന്റിനെ അവാർഡിന് തെരഞ്ഞെടുത്തത്.
ഇസ്ലാമിക പ്രബോധന പ്രവർത്തനങ്ങൾക്കു പുറമെ രാജ്യത്ത് ബഹുസ്വരത അവതരിപ്പിക്കുകയും നിരവധി ഇസ്ലാമിക സാമൂഹിക സംവിധാനങ്ങളും സ്ഥാപനങ്ങളും സ്ഥാപിക്കുകയും ചെയ്തു. മതസഹിഷ്ണുത പ്രചരിപ്പിക്കാനും ഇസ്ലാമിക വിദ്യാലയങ്ങൾ സ്ഥാപിക്കാനും അദ്ദേഹം മുൻകൈയെടുത്തു. ഹദീസ്, കർമശാസ്ത്രം, ജീവചരിത്രം എന്നീ വിഷയങ്ങളിലുള്ള നിരവധി ഗ്രന്ഥങ്ങൾ കിഴക്കൻ ആഫ്രിക്കയിലെ ദശലക്ഷക്കണക്കിന് ആളുകൾ സംസാരിക്കുന്ന സ്വാഹിലി ഭാഷയിലേക്ക് വിവർത്തനം ചെയ്തു. മുസ്ലിംകളെ പഠിപ്പിക്കുന്നതിലും വിദ്യാഭ്യാസപരവും സാമൂഹികവുമായ അവരുടെ നിലവാരം ഉയർത്തുന്നതിലും സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിലും പ്രത്യേക താൽപര്യം പുലർത്തിയ അദ്ദേഹം ഈ രംഗങ്ങളിലെല്ലാം നിസ്തുല സംഭാവനകൾ ചെയ്തിട്ടുണ്ടെന്ന് സെക്രട്ടറി ജനറൽ പറഞ്ഞു.
ഇസ്ലാമിക് സയൻസ്, അധ്യാപനം, രചന, വിവർത്തനം എന്നീ മേഖലകളിലെ സേവനം, ഇസ്ലാമാബാദിൽ ഇൻറർനാഷനൽ ഇസ്ലാമിക് യൂനിവേഴ്സിറ്റി സ്ഥാപിക്കുന്നതിലും പാഠ്യപദ്ധതി വികസിപ്പിക്കുന്നതിലും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഡോ. ഹസൻ മുഹമ്മദിന് അവാർഡ് നൽകിയിരിക്കുന്നത്. അൽ അസ്ഹർ പഠനവുമായി ബന്ധപ്പെട്ട നിരവധി സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിലെ ശ്രമങ്ങൾക്കു പുറമേ കൈറോയിലെ അറബിക് ലാംഗ്വേജ് അക്കാദമിയുടെ അധ്യക്ഷനായിരിക്കെ അദ്ദേഹം അറബി ഭാഷയുടെ പരിപോഷണത്തിനായി ധാരാളം സംഭാവനകൾ നൽകി.
അറബി ഭാഷക്കും സാഹിത്യത്തിനുമുള്ള അവാർഡ് അമേരിക്കയിലെ ജോർജ് ടൗൺ സർവകലാശാലയിലെ അമേരിക്കൻ പ്രഫസർ സൂസൻ സ്റ്റെറ്റ്കെവിച്ചിനും കൊളംബിയ സർവകലാശാലയിലെ അമേരിക്കൻ പ്രഫസർ മുഹ്സിൻ ജാസിം അൽ മൗസാവിക്കുമാണ്. 'അറബിക് സാഹിത്യ പഠനം ഇംഗ്ലീഷിൽ' എന്നതായിരുന്നു ഈ വർഷത്തെ അവാർഡിന് നിശ്ചയിച്ച വിഷയം. വൈദ്യശാസ്ത്രരംഗത്ത് ഈ വർഷത്തെ ഫൈസൽ അവാർഡ് ഹാർവഡ് യൂനിവേഴ്സിറ്റിയിലെ പ്രഫസർ ഡേവിഡ് ലുവിനാണ്.
ജനിതകസംവിധാനത്തിന്റെ വികസനത്തിന് നൽകിയ ഫലപ്രദമായ സംഭാവനകൾ പരിഗണിച്ചാണ് അവാർഡ് നൽകിയത്. സയൻസ് വിഭാഗത്തിൽ ലണ്ടൻ ഇംപീരിയൽ കോളജിലെ പ്രഫസറായ മാർട്ടിൻ ഹെയർ, ന്യൂയോർക് യൂനിവേഴ്സിറ്റിയിലെ തുനീഷ്യൻ പ്രഫസർ നാദർ മസ്മൂദി എന്നിവരെയാണ് അവാർഡിന് തെരഞ്ഞെടുത്തത്. ഗണിതശാസ്ത്രമായിരുന്നു ഇത്തവണത്തെ വിഷയമെന്നും അവാർഡ് സെക്രട്ടറി ജനറൽ പറഞ്ഞു. നാമനിർദേശം ചെയ്യപ്പെട്ട കൃതികൾ അവാർഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ ഈ വർഷത്തെ ഇസ്ലാമിക പഠനത്തിനുള്ള അവാർഡ് നിശ്ചയിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.