ദേശീയ പുരസ്കാരം നേടി ജിദ്ദയിൽനിന്നൊരു ചെറുസിനിമ ‘തേടി’
text_fieldsജിദ്ദ: പ്രവാസത്തിെൻറ നിരവധി വേദനകളിൽ ഒന്ന് ഇതിവൃത്തമാക്കി ജിദ്ദയിലെ മലയാളി കലാകാരന്മാർ അണിയിച്ചൊരുക്കിയ ചെറുസിനിമ ‘തേടി’ക്ക് ദേശീയ പുരസ്കാരം. കൊൽക്കത്തയിൽ നടന്ന ഇന്ത്യ ഇൻറർനാഷനൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ അവാർഡ്സ് (ഐ.എസ്.എഫ്.എഫ്.എ 2023) ചടങ്ങിലാണ് ചിത്രത്തിന് മൂന്ന് വിഭാഗങ്ങളിലായി പുരസ്കാരം ലഭിച്ചത്.
തുഷാര ഷിഹാബ് (മികച്ച തിരക്കഥ), മുഹമ്മദ് ഇഷാൻ അയ്യാരിൽ (മികച്ച രണ്ടാമത്തെ നടൻ) എന്നിവരോടൊപ്പം മികച്ച മലയാളം ഹ്രസ്വ സിനിമക്കുള്ള ഫെസ്റ്റിവൽ മെൻഷൻ അവാർഡ് സംവിധായകൻ മുഹസിൻ കാളികാവും കരസ്ഥമാക്കി. മാർച്ച് 14,15 തീയതികളിൽ കൊൽക്കത്ത രബീന്ദ്ര ഒക്കക്കൂറ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇവർക്ക് വേണ്ടി സിനിമയിലെ മറ്റൊരു അഭിനേതാവായ സ്റ്റാൻലി കണ്ണമ്പാറ അവാർഡുകൾ ഏറ്റുവാങ്ങി.
അർജുന അവാർഡ് ജേതാവും ബംഗ ഭൂഷൻ അവാർഡ് ജേതാവുമായ ദിബയേന്തു ബറുവ അവാർഡുകൾ സമ്മാനിച്ചു. കഴിഞ്ഞ മാസം കോഴിക്കോട് സംഘടിപ്പിച്ച മലബാര്‍ ഫിലിം ഡയറക്ടേഴ്സ് ക്ലബ്ബ് ഡോക്യുമെൻററി - ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലും ‘തേടി’ പുരസ്ക്കാരം നേടിയിരുന്നു. രണ്ടാമത്തെ മികച്ച പ്രവാസി ഹ്രസ്വ സിനിമ അവാര്‍ഡാണ് ലഭിച്ചത്. ചലച്ചിത്ര അക്കാദമി വൈസ് ചെയര്മാന് പ്രേംകുമാറിൽനിന്ന് ‘തേടി’ക്ക് വേണ്ടി സ്റ്റാൻലി കണ്ണമ്പാറ പുരസ്കാരം സ്വീകരിച്ചു.
പ്രവാസത്തിനിടയിൽ പെട്ടെന്ന് മരിക്കുകയും സാങ്കേതിക നൂലാമാലകള്‍ കൊണ്ടും മറ്റും ഗൾഫിൽ തന്നെ മൃതദേഹം ഖബറടക്കുകയും ചെയ്യേണ്ടിവരുന്നത് മിക്ക പ്രവാസികളുടെയും മനസ്സിനെ എപ്പോഴും ആകുലപ്പെടുത്തുന്ന കാര്യങ്ങളിലൊന്നാണ്. ഇതാണ് തിയറ്റർ പ്രൊഡക്ഷൻ ബാനറിൽ മുഹ്സിന് കാളികാവിന്റെ രചനയിലും സംവിധാനത്തിലും ഒരുങ്ങിയ ‘തേടി’ ഹ്രസ്വ സിനിമയുടെ പ്രമേയം.
പിതാവ് മരിച്ചുവെന്ന സത്യത്തെ തന്റെ മാതാവിൽനിന്നും സഹോദരിയിൽനിന്നും ഒളിച്ചുവെച്ച് മരുഭൂമിയിലെവിടെയോ അന്ത്യവിശ്രമം കൊള്ളുന്ന അദ്ദേഹത്തിന്റെ ഖബർ തേടി കൗമാരക്കാരനായ മകന് ഗള്ഫിലെത്തുന്നതും പിതാവിന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ ഖബർ കണ്ടെത്തുന്നതുമായ കഥാഗതിയിലാണ് 15 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ചിത്രം സഞ്ചരിക്കുന്നത്.
ഇനിയൊരിക്കലും തിരിച്ചു വരാത്ത വിധം പിതാവ് ഇഹലോകവാസം വെടിഞ്ഞെങ്കിലും ഇടക്കിടക്ക് തങ്ങളൊക്കെ വന്നുപോകുന്ന ഒരു മഖ്ബറയിലായിരുന്നു പിതാവിെൻറ ഖബറെങ്കിൽ എന്ന് പ്രധാന കഥാപാത്രമായ മകന് പറയുമ്പോള്‍, അത് കേവലം സിനിമ ഡയലോഗിന് അപ്പുറം മരുഭൂമിയിൽ കിടന്നു കഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് മലയാളികളുടെ സങ്കടം കൂടിയാക്കി അനുഭവിപ്പിക്കുവാൻ ഈ കൊച്ചു സിനിമക്ക് കഴിയുന്നുണ്ട്.
പശ്ചാത്തല സംഗീതവും കാമറ ഒപ്പിയെടുത്ത മരുഭൂമിയുടെ സുന്ദരമായ കാഴ്ചകളും മികച്ച സിനിമാനുഭവം നൽകുന്നു. പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 12-ാം ക്ലാസുകാരൻ ഇശാന് ശിഹാബ് അയ്യാനിക്കൊപ്പം മറ്റ് കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിരിക്കുന്നത് ജിദ്ദയിലെ മുതിർന്ന മാധ്യമപ്രവർത്തകൻ മുസാഫിർ, സ്റ്റാന്‍ലി കണ്ണംമ്പാറ, ബെന്‍സണ്‍ ചാക്കോ തുടങ്ങിവരാണ്. സംവിധായകന് മുഹ്സിന് കാളികാവ് തന്നെയാണ് കാമറ ചലിപ്പിച്ചത്.
തിരക്കഥ തുഷാര ശിഹാബ്, സംഗീതം: അബ്ദുൽ അഹദ് അയ്യാറില്‍, എഡിറ്റിങ്: റിയാസ് മുണ്ടേങ്ങര, പ്രൊഡ്യൂസര്‍ മുഹമ്മദ് ശിഹാബ് അയ്യാറില്‍ എന്നിവരാണ് മറ്റു പ്രധാന അണിയറ പ്രവര്‍ത്തകര്‍. ഈ കൂട്ടുകെട്ടിൽനിന്നുള്ള ആദ്യ ഹ്രസ്വ ചിത്രമാണ് ‘തേടി’. ആദ്യ ചിത്രത്തിന് തന്നെ പുരസ്കാരങ്ങൾ ലഭിച്ചതിലുള്ള സന്തോഷത്തിലാണ് ഇവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.