അക്കൗണ്ട് വിവരങ്ങൾ ചോർത്തിയുള്ള തട്ടിപ്പിനെതിരെ സൗദി ബാങ്കുകളുടെ ബോധവത്‌കരണം
text_fieldsയാംബു: ഉപഭോക്താക്കളെ വിളിച്ച് അവരുടെ അകൗണ്ട് വിവരങ്ങൾ ചോർത്തി തട്ടിപ്പുനടത്തുന്ന സംഘങ്ങൾ സൗദിയിലും പെരുകിയ സാഹചര്യത്തിൽ മുന്നറിയിപ്പുമായി സൗദി ബാങ്കുകൾ. ബാങ്കിൽ നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞ് സംഭാഷണം ആരംഭിച്ച ശേഷം അകൗണ്ട് വിവരങ്ങളും പാസ് വേഡുകളും ചോർത്തി പണം തട്ടുന്ന രീതിയാണ് തട്ടിപ്പുകാരുടേത്. അകൗണ്ട് മരവിപ്പിച്ചിരിക്കുകയാണെന്നും വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാനാണ് വിളിക്കുന്നതെന്നും കളവ് പറഞ്ഞാണ് തന്ത്രപൂർവം വിവരങ്ങൾ കവരുന്നത്.
ഇതിനെതിരെ ജാഗ്രത പാലിക്കണമെന്ന സന്ദേശം നൽകിയാണ് പുതിയ രീതിയിൽ ബോധവത്കരണ പരിപാടിയുമായി രാജ്യത്തെ വിവിധ ബാങ്കുകളിലെ 'ബാങ്കിങ് ഇൻഫർമേഷൻ ആൻഡ് അവയർനസ് കമ്മിറ്റി' മുന്നോട്ട് വന്നിരിക്കുന്നത്. ബാങ്കിലെ ഒരു ഉപഭോക്താവും തട്ടിപ്പ് സംഘത്തിലെ ഒരു വ്യക്തിയും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് ട്വിറ്റ് ചെയ്തും സാമൂഹിക മാധ്യമങ്ങൾ വഴി പ്രചാരണം നൽകിയുമാണ് ബോധവത്കരണം. ഇതോടൊപ്പം 'നിങ്ങളുടെ അക്കൗണ്ട് ക്ലോസ് ചെയ്തു എന്ന് പറഞ്ഞ് ഒരു തട്ടിപ്പുകാരനിൽനിന്ന് നിങ്ങൾക്ക് വിളി ലഭിച്ചോ? എങ്കിൽ വിളി അവഗണിച്ച് വഞ്ചകൻ വിളിച്ച നമ്പർ കുറിച്ചുവെക്കുകയും ആ നമ്പർ 330330 എന്ന നമ്പറിൽ വിളിച്ച് ബാങ്കിന് കൈമാറുകയും ചെയ്യുക' എന്ന നിർദേശം ജനങ്ങൾക്ക് നൽകുകയും ചെയ്യുന്നു.
ശബ്ദ സന്ദേശം https://www.youtube.com/watch?v=MNeCFt7fL80&t=7s എന്ന യൂട്യൂബ് ലിങ്കിൽ കേൾക്കാം. ബാങ്ക് ഉപഭോക്താക്കൾ ഈ വിഷയത്തിൽ ഏറെ ശ്രദ്ധ പുലർത്തണമെന്നും ബാങ്ക് അകൗണ്ടുകളുമായും എ.ടി.എം കാർഡുകളുമായും ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്താൻ സർക്കാർ വകുപ്പുകളും ധനകാര്യസ്ഥാപനങ്ങളും ആവശ്യപ്പെടില്ലെന്ന് സൗദി സെൻട്രൽ ബാങ്ക് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബാങ്ക് വിവരങ്ങൾ ആര് ചോദിച്ചാലും ഫോൺ വഴി നൽകരുതെന്നും ബാങ്കിലേക്ക് നേരിട്ട് വരാമെന്ന് അറിയിക്കണമെന്നും സംശയം തോന്നുന്ന ഫോൺ നമ്പർ ശ്രദ്ധിക്കുകയും ബന്ധപ്പെട്ടവരെ അറിയിക്കുകയും വേണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.