ആസ്വാദകരുടെ മനം കവർന്ന് ആയിശ മനാഫ് പാടുകയാണ്
text_fieldsറിയാദ്: വേദികളിൽനിന്ന് വേദികളിലേക്ക് പാട്ടുപാടി ചേക്കേറുകയാണ് ആയിശ മനാഫ് എന്ന കൊച്ചു പാട്ടുകാരി. റിയാദിലെ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽനിന്ന് പ്ലസ് ടു പഠനം പൂർത്തിയാക്കിയ ആയിശ ഇതിനകം നിരവധി വേദികളിൽ പാട്ടുപാടി സംഗീത ആസ്വാദകരുടെ മനം കവർന്നെടുക്കുകയാണ്.
സംഗീതം പഠിച്ചിട്ടില്ലാത്ത ആയിശയുടെ പാട്ടുകേൾക്കുന്നവർ ആ ശബ്ദവിന്യാസത്തിനു മുന്നിൽ കൈയടിച്ചു നിന്നുപോകും. ജന്മസിദ്ധമായി ലഭിച്ച പാടാനുള്ള കഴിവിനെ അതേപടി താലോലിച്ചു കൊണ്ടുനടക്കുകയാണ് ആയിശ മനാഫ് എന്ന ഈ കൗമാരക്കാരി. ഇന്ന് റിയാദിലെ ഒട്ടുമിക്ക വേദികളിലും തന്റെ ശബ്ദംകൊണ്ട് ഒരു ഇടം നേടിയിട്ടുണ്ട് ഈ കോഴിക്കോട്ടുകാരി.
തുടക്കത്തിൽ വേദികൾ ലഭിച്ചിരുന്നില്ലെന്നും ഇപ്പോൾ ഒട്ടുമിക്ക പരിപാടികളിലും അവസരങ്ങൾ ലഭിക്കുന്നതായും ആയിശ പറയുന്നു. റിയാദിൽ 'ഗൾഫ് മാധ്യമം' സംഘടിപ്പിച്ച അഹ്ലൻ കേരളയിലെ ചിത്രവർഷങ്ങൾ, അറേബ്യൻ പട്ടുറുമാൽ എന്നിവയിൽ പങ്കെടുത്തിട്ടുണ്ട് ഈ മിടുക്കി.
റിയാദ് മ്യൂസിക്കൽ ക്ലബ് അംഗംകൂടിയാണ് ആയിശ. എല്ലാത്തരം പാട്ടുകളും വഴങ്ങുന്ന ആയിഷക്ക് ആതുരസേവന രംഗത്ത് എത്തിച്ചേരണം എന്നതാണ് ആഗ്രഹം. പാട്ടിനോടൊപ്പം ഡാൻസും പെയിന്റിങ്ങും വഴങ്ങും. ഒരു പാട്ടുകാരി എന്ന നിലയിൽ റിയാദിൽ അറിയപ്പെടുന്നതിൽ സന്തോഷമുണ്ടെന്നും ആയിഷ പറഞ്ഞു.
റിയാദിൽ ശിഫ സനയയിൽ താമസിക്കുന്ന കോഴിക്കോട് മാത്തോട്ടം സ്വദേശി അബ്ദുൽ മനാഫ്-ഹഫ്സത് മനാഫ് എന്നിവരുടെ മക്കളിൽ മൂത്തവളാണ് ആയിശ മനാഫ്. സംഗീതലോകത്ത് എല്ലാ പിന്തുണയും നൽകി സഹോദരങ്ങളായ മുഹമ്മദ് ഷാലാനും ഫാത്തിമ മനാഫും ഒപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.