അവധിക്കാലത്തെ വരവേൽക്കാൻ അസീർ സജീവമായി
text_fieldsഖമീസ് മുശൈത്ത്: നാട്ടിലും ഗൾഫിലും അവധിക്കാലമായതോടെ സന്ദർശകരെ സ്വീകരിക്കാൻ ദക്ഷിണ സൗദിയിലെ അസീർ മേഖല ഒരുങ്ങി. ഇന്ത്യയിൽ അവധിക്കാലം ആരംഭിക്കുകയും സൗദിയിലേക്ക് സന്ദർശക വിസ ലഭിക്കാൻ നടപടിക്രമങ്ങൾ ലളിതമാകുകയും ഫീസ് കുറയുകയും ചെയ്തതോടെ പ്രവാസി കുടുംബങ്ങൾ ധാരാളമായി വരാൻ തുടങ്ങിയിട്ടുണ്ട്. ഇവരിൽ അധികവും സൗദി അറേബ്യയിലെ ഉൗട്ടിയെന്ന് മലയാളികൾ വിശേഷിപ്പിക്കാറുള്ള അസീർ മേഖലയിലെ അബ്ഹ ഉൾപ്പെടെയുള്ള സുഖവാസ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനെത്തുന്നുണ്ട്.
റമദാൻ കഴിയുന്നതോടെ ഗൾഫ് രാജ്യങ്ങളിൽ നിന്ന് കൂടി സന്ദർശകർ എത്തി സീസൺ സജീവമാകും. സന്ദർശകരെ വരവേൽക്കാൻ മേഖലയാകെ മോടിപിടിപ്പിക്കാനും കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനും അധികൃതർ തകൃതിയായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. പെരുന്നാളിന് അബ്ഹ ഫെസ്റ്റിവൽ കൂടി തുടങ്ങുന്നതോടെ പൂർണമായും ഉത്സവാന്തരീക്ഷമാകും.
സന്ദർശകർ കൂടുതൽ എത്തുന്നത് അബ്ഹയിലെ അൽസുദ, റിജാൽ അൽമ, ഗ്രീൻ മൗണ്ടൻ, ആർട്സ് മ്യൂസിയം, ആർട്സ് സ്ട്രീറ്റ്, അബ്ഹ ഡാം, ഖയാൽ പാർക്ക്, സഹാബ് പാർക്ക്, ദർബ് ചുരം, മഹായിൽ ചുരം, ഹബ്‌ല, ദന്തഹ ഡാം എന്നിവയും സമീപ പ്രദേശത്തെ നജ്റാൻ ഹുദൂദ്, ജിസാനിലെ ശുഖൈഖ് ബീച്ച്, ജിസാൻ ബീച്ച്, ഫർസാൻ ദീപ് തുടങ്ങിയ ഇടങ്ങളിലുമാണ്. ഇപ്പോൾ കൂടുതലായി ഈ ഇടങ്ങളിൽ എത്തുന്നത് സ്വദേശികളും മലയാളി കുടുംബങ്ങളുമാണ്.
സന്ദർശകരുടെ പ്രവാഹം ആരംഭിച്ചതോടെ വ്യാപാര രംഗവും ഉണർന്നുകഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.