അസീർ പ്രവാസിസംഘം കാരംസ്-ചെസ് ടൂർണമെന്റിന് സമാപനം
text_fieldsഖമീസ്മുശൈത്ത്: അസീർ പ്രവാസി സംഘം ഖമീസ്മുശൈത്ത് ഏരിയ കമ്മിറ്റി ഒരു മാസമായി നടത്തി വന്ന ചെസ്-കാരംസ് ടൂർണമെന്റിന് സമാപനമായി. കാരംസ് ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തിയ ഷിയാസ് (സിംഗ്ൾ), ബൈജു കണ്ണൂർ, ഗഫൂർ എന്നിവരും ചെസ് മത്സരത്തിൽ റിയാസും വിജയം കരസ്ഥമാക്കി.
അസീറിലെ വിവിധ മേഖലകളിൽനിന്നായി കാരംസ് ഡബ്ൾ മത്സരത്തിന് 18 ടീമുകളും സിംഗ്ളിന് 24 ടീമുകളും ചെസ് മത്സരങ്ങൾക്കായി എട്ടു ടീമുകളും പങ്കെടുത്തു.
ചെസ്-കാരംസ് മത്സരങ്ങളുടെ സമാപന സമ്മേളനം അസീർ പ്രവാസി സംഘം രക്ഷാധികാരി റഷീദ് ചെന്ത്രാപ്പിന്നി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ഷൗക്കത്തലി ആലത്തൂർ അധ്യക്ഷനായി. കൺവീനർ ഹാഷിഫ് ഇരിട്ടി പരിപാടി വിശദീകരിച്ചു. അസീർ പ്രവാസി സംഘം ജനറൽ സെക്രട്ടറി അബ്ദുൽ വഹാബ്, ഏരിയ വൈസ് പ്രസിഡന്റ് സുരേന്ദ്രൻ പിള്ള, ലഹദ് ഏരിയ സെക്രട്ടറി സുനിൽ കുമാർ, മുസ്തഫ കാരത്തൂർ, മുസ്തഫ പെരുമ്പാവൂർ, മുജീബ് എള്ളുവിള(മാധ്യമം) എന്നിവർ സംസാരിച്ചു.
കാരംസ് ഡബ്ൾ മത്സരവിജയികൾക്ക് (ബൈജു, ഗഫൂർ) ഹോട്ടൽ ന്യൂസഫയർ സ്പോൺസർ ചെയ്ത ട്രോഫിയും കാഷ് പ്രൈസും (1001 റിയാൽ) സഫയർ ഹോട്ടൽ മാനേജർ മുസ്തഫയും അസീർ പ്രവാസി സംഘം രക്ഷാധികാരി റഷീദ് ചെന്ത്രാപ്പിന്നിയും ചേർന്ന് സമ്മാനിച്ചു.കാരംസ് ഡബ്ൾ റണ്ണറപ്പായ ടീമിന് (സിദ്ദീഖ്, ഷുഹൈബ്) ലൈഫ് ടൈം വാച്ചസ് സ്പോൺസർ ചെയ്ത ട്രോഫിയും കാഷ് പ്രൈസും (501 റിയാൽ) ലൈഫ് ടൈം വാച്ചസ് മാനേജർ നസീറും അസീർ പ്രവാസി സംഘം ജന. സെക്രട്ടറി അബ്ദുൽ വഹാബും ചേർന്ന് നിർവഹിച്ചു.
കാരംസ് സിംഗ്ൾ വിജയിയായ ഷിയാസിന് വിവ ഇലക്ട്രോണിക്സ് സ്പോൺസർ ചെയ്ത ട്രോഫിയും കാഷ് പ്രൈസും (501 റിയാൽ ) സിദ്ദീഖ് വിവയും അസീർ പ്രവാസി സംഘം പ്രസി താമരാക്ഷൻ ക്ലാപ്പനയും, റണ്ണറപ്പായ സിദ്ദീഖിന് എ.എം കാർഗോ സ്പോൺസർ ചെയ്ത ട്രോഫിയും കാഷ് പ്രൈസും (301 റിയാൽ) അസീർ പ്രവാസി സംഘം കേന്ദ്ര കമ്മിറ്റി എക്സിക്യൂട്ടിവ് അംഗങ്ങളായ സുനിൽ കുമാർ കോഴിക്കോട്, ഷൗക്കത്ത് ആലത്തൂർ എന്നിവരും നൽകി. ചെസ് മത്സരവിജയികൾക്കുള്ള സമ്മാനദാനം കേന്ദ്ര കമ്മിറ്റി അംഗം റസാഖ് ദർബ്, ഏരിയ വൈസ് പ്രസിഡന്റ് സുരേന്ദ്രൻ പിള്ള എന്നിവർ ചേർന്ന് നിർവഹിച്ചു. ചടങ്ങിൽ ഖമീസ് ഏരിയ സെക്രട്ടറി സിദ്ദീഖ് സ്വാഗതവും ഏരിയ കമ്മിറ്റി അംഗം വിശ്വനാഥൻ നന്ദി പ്രകടനവും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.