2024-ലെ ആഗോള പാചക മേഖലയായി അസീറിനെ നാമനിർദേശം ചെയ്തു
text_fieldsജുബൈൽ: 2024-ലെ ആഗോള പാചക മേഖലയായി സൗദി അറേബ്യയുടെ ദക്ഷിണ പ്രവിശ്യയായ അസീറിനെ നാമനിർദേശം ചെയ്തതായി സൗദി പാചക കല കമീഷൻ അറിയിച്ചു.
ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്‌ട്രോണമി കൾച്ചർ ആർട്‌സ് ആൻഡ് ടൂറിസത്തിന്റെ ഭാഗമായാണ് അസീറിനെ തെരഞ്ഞെടുത്തത്. ലോകമെമ്പാടുമുള്ള അഞ്ച് പ്രദേശങ്ങൾക്ക് എല്ലാ വർഷവും സമ്മാനം നൽകിവരുന്നു.
അസീറിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും വ്യതിരിക്തമായ ഭക്ഷണ വിഭവങ്ങളുമാണ് ഗ്ലോബൽ അവാർഡിനായി തിരഞ്ഞെടുക്കാൻ കാരണം പ്രാദേശിക സമൂഹങ്ങളുടെ സംസ്കാരവും പാചക മേഖലയിലെ സർഗാത്മക കഴിവുകളും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് മത്സരം. സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭാവന നൽകുന്ന വിധത്തിൽ സർക്കാർ, സ്വകാര്യ മേഖലകളുടെ സഹായവും ഇതിനുണ്ടാവും.
പ്രാദേശിക ഉൽപന്നങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെയും ആതിഥ്യമര്യാദ വർധിപ്പിക്കുന്നതിലൂടെയും സുസ്ഥിര വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാമെന്നും ചെറുകിട ഇടത്തരം സംരംഭങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുമെന്നും കമീഷൻ വിലയിരുത്തി.
2012ൽ സ്ഥാപിതമായ ലാഭേച്ഛയില്ലാത്ത സ്ഥാപനമായ ഐ.ജി.സി.എ.ടി വ്യതിരിക്തമായ ഭക്ഷണം, സംസ്കാരം, കലകൾ, സുസ്ഥിര ടൂറിസം ആസ്തികൾ എന്നിവ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും അവബോധം വളർത്തുന്നതിനും ലക്ഷ്യമിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.