ബാബരി മസ്ജിദ് തകര്‍ത്ത കേസ്; ജൂഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ത്തു - ഐ.സി.എഫ്
text_fieldsമക്ക: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട സി.ബി.ഐ പ്രത്യേക കോടതി വിധി ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തിയെന്ന് ഐ.സി.എഫ് സൗദി നാഷനല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. അഞ്ച് നൂറ്റാണ്ടിന് മുമ്പ് നിർമിക്കുകയും 400 വര്‍ഷത്തോളം മുസ്ലിംകള്‍ ആരാധന നിര്‍വ്വഹിക്കുകയും ചെയ്തു പോന്ന ബാബരിമസ്ജിദ് ദീര്‍ഘകാലത്തെ ഗൂഢാലോചനക്ക് ശേഷം ആസൂത്രിതമായാണ് 28 വര്‍ഷം മുമ്പ് തകര്‍ക്കപ്പെട്ടത്.
നിരവധി കലാപങ്ങളാണ് നാട്ടില്‍ ഈ ലക്ഷ്യത്തിനായി ഹൈന്ദവ ഫാസിസം നടത്തിയത്. ബി.ജെ.പി പ്രസിൻറായിരുന്ന എല്‍.കെ അദ്വാനിയുടെ നേതൃത്വത്തില്‍ നടത്തിയ രഥയാത്ര രാജ്യത്തിൻെറ വിവിധ ഭാഗങ്ങളില്‍ ചോരച്ചാലുകള്‍ തീര്‍ത്താണ് ആയോധ്യയിലെത്തിയത്. എല്‍.കെ അദ്വാനി, ഉമാഭാരതി, മുരളീ മനോഹര്‍ ജോഷി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആയുധങ്ങളും കല്ലുകളുമായി ഹൈന്ദവ ഫാസിസ്റ്റുകള്‍ മസ്ജിദ് തകര്‍ക്കുന്നത് ലോകം മുഴുവന്‍ കണ്ടിട്ടും ജുഡീഷ്യറിക്ക് കാണാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല, പള്ളി പൊളിക്കാന്‍ നേതൃത്വം നല്‍കിയ നേതാക്കളെ സമാധാനത്തിൻെറ വെള്ളരി പ്രാവുകളാക്കാനും മറന്നില്ല.
കണ്‍മുന്നില്‍ കണ്ട ഒരു സംഭവത്തിന് തെളിവില്ലെന്ന് പറയുന്ന ജുഡീഷ്യറിക്ക് ബാധിച്ച അന്ധത തന്നെയാണ് വരും കാലങ്ങളില്‍ രാജ്യം നേരിടേണ്ടുന്ന വലിയ പ്രതിസന്ധിയെന്നും ഐ.സി.എഫ് അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ അധികാരത്തിലിരുന്ന എല്ലാവരും ഫാസിസത്തിൻെറ വളർച്ചക്ക് അവരുടേതായ പങ്ക് വഹിച്ചിട്ടുണ്ട്. രാജ്യത്തിൻെറ അഖണ്ഡതക്കും മതേതര മൂല്യങ്ങള്‍ക്കും പരിഗണന നല്‍കാതെ അധികാരത്തിന് വേണ്ടി മൂല്യങ്ങള്‍ കാറ്റില്‍ പറത്തിയതാണ് ഇന്ന് രാജ്യം അനുഭവിക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നും ഐ.സി.എഫ് നാഷനല്‍ കമ്മിറ്റി പറഞ്ഞു.
ഹബീബ് അൽ ബുഖാരി അധ്യക്ഷത വഹിച്ചു. ബഷീർ എറണാകുളം, നിസാർ കാട്ടിൽ, ബഷീർ ഉള്ളണം, സലിം പാലച്ചിറ, റഷീദ് സഖാഫി മുക്കം, സലാം വടകര എന്നിവർ സംബന്ധിച്ചു. സിറാജ് കുറ്റിയാടി സ്വാഗതവും മുഹമ്മദലി വേങ്ങര നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.