പ്രവാസികൾ കൈകോർത്തു ഒമ്പതു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ബാബു വർഗീസ് നാടണഞ്ഞു
text_fieldsഅബഹ: ഒമ്പതു വർഷമായി നാട്ടിൽ പോകാൻ കഴിയാതെ പ്രയാസത്തിലായിരുന്ന മലയാളി പ്രവാസി സുമനസ്സുകളുടെ കാരുണ്യത്താൽ നാടണഞ്ഞു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബാബു വർഗീസാണ് പ്രവാസി സുഹൃത്തുക്കളുടെയും സാമൂഹിക സന്നദ്ധ പ്രവർത്തകരുടെയും സഹായത്താൽ നാട്ടിലെത്തിയത്. വർഷങ്ങളായി വർഗീസിന്റെ താമസരേഖയുടെ (ഇഖാമ) കാലാവധി കഴിഞ്ഞിരുന്നു.
ഒരു വർഷത്തിലേറെയായി ജോലിചെയ്യാൻ കഴിയാത്തവിധം കാഴ്ചശക്തി നഷ്ടപ്പെട്ട ഇദ്ദേഹം നാട്ടിലേക്ക് പോകാനാകാതെ പ്രതിസന്ധിയിലായിരുന്നു. താമസരേഖയും മറ്റും ശരിയാകാതെ നാട്ടിൽ പോകാൻ കഴിയാത്ത അവസ്ഥയെ തുടർന്ന് അബഹ ലേബർ ഓഫിസിന്റെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങാൻ ശ്രമിച്ചെങ്കിലും അതിനും കഴിഞ്ഞില്ല. ജോലി ചെയ്തിരുന്ന കമ്പനിയുടെ രേഖകൾ ലേബർ ഓഫിസിന്റെ സിസ്റ്റത്തിൽനിന്ന് നീക്കം ചെയ്തതു കാരണം, റിയാദിലെ ലേബർ ഓഫിസ് ആസ്ഥാനത്തുനിന്ന് പ്രത്യേക അനുമതിക്കായി നടത്തിയ പരിശ്രമങ്ങളും പരാജയപ്പെട്ടു.
ഖമീസ് മുശൈത്തിലെ പ്രവാസി സുഹൃത്തുകളുടെ സമയോചിത ഇടപെടലാണ് പിന്നീട് തുണയായത്. നിർമാണ തൊഴിലാളിയായി സൗദിയിലെത്തിയ ഇദ്ദേഹം കുറെ മാസങ്ങളായി സുമനസ്സുകളായ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ജീവിച്ചുപോന്നത്.
റിയാദ് എംബസിയിലും ജിദ്ദ കോൺസുലേറ്റിലും എക്സിറ്റ് വിസക്ക് രജിസ്റ്റർ ചെയ്തുവെങ്കിലും കാര്യമായ നടപടികളൊന്നും ഉണ്ടായില്ല. പരസഹായം കൂടാതെ നടക്കാൻ കഴിയാത്തവിധം കാഴ്ചശക്തി നഷ്ടമായ ബാബുവിന്റെ അവസ്ഥ സുഹൃത്തുക്കളായ ഇബ്രാഹിം, റെജി, അക്ബർ, ശിവരാജൻ, സാം, ബാലൻ, അനിൽ തുടങ്ങിയവരാണ് ഒ.ഐ.സി.സി സൗദി ദക്ഷിണ മേഖല പ്രസിഡന്റ് അഷ്റഫ് കുറ്റിച്ചലിന്റെ ശ്രദ്ധയിൽപെടുത്തിയത്. തുടർന്ന് ബാബുവിന്റെ നിസ്സഹായാവസ്ഥ അധികാരികളുടെ ശ്രദ്ധയിൽപെടുത്തി പ്രത്യേക അനുമതിയോടെയാണ് അഷ്റഫ് അബഹ നാടുകടത്തൽ കേന്ദ്രത്തിൽനിന്ന് നടപടി പൂർത്തിയാക്കി എക്സിറ്റ് വിസ തരപ്പെടുത്തിയത്.
ബാബുവിന് നാട്ടിലെ ചികിത്സക്കായി സാമ്പത്തിക സഹായവും ഖമീസിലെ സുമനസ്സുകളായ പ്രവാസികളിൽനിന്ന് സുഹൃത്തുക്കൾ സ്വരൂപിച്ച് നൽകി.
അൻസാരി കുറ്റിച്ചൽ, റഫീഖ്, അഷ്റഫ് കുറ്റിച്ചൽ, റെജി, മുജീബ് എള്ളുവിള തുടങ്ങിയവർ ടിക്കറ്റും മറ്റു യാത്രാരേഖകളും വർഗീസിന് കൈമാറി.
ഒ.ഐ.സി.സി സൗദി ദക്ഷിണ മേഖല കമ്മിറ്റിയാണ് അബഹയിൽനിന്ന് ഷാർജ വഴി തിരുവനന്തപുരത്തേക്കുള്ള വിമാന ടിക്കറ്റ് നൽകിയത്. തന്നെ വിവിധ രീതിയിൽ സഹായിച്ച പ്രവാസി സുഹൃത്തുക്കൾക്ക് നന്ദി പറഞ്ഞ് എയർ അറേബ്യ വിമാനത്തിൽ കഴിഞ്ഞ ദിവസം ബാബു വർഗീസ് നാട്ടിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.