ഖുര്‍ആനിലേക്ക് മടങ്ങുക –കെ.ടി. സൂപ്പി
text_fieldsജിദ്ദ: ഹൃദയവിശാലതയും സഹജീവി സ്നേഹവും ഉദ്ഘോഷിക്കുന്ന വിശുദ്ധ ഖുര്‍ആെൻറ ചൈതന്യം സ്വാംശീകരിച്ച് ജീവിതം പ്രാര്ഥനാനിരതമാക്കണമെന്ന് പ്രശസ്ത കവിയും ഗവേഷകനുമായ കെ.ടി. സൂപ്പി. മഹാമാരി വിതറിയ ആകുലതകള്‍ക്കിടയില്‍ മനുഷ്യമനസ്സില്‍ സാന്ത്വനപ്പെയ്ത്ത് നടത്തുന്ന ഖുര്‍ആനിലേക്കുള്ള മടക്കം ഏറെ പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഗുഡ്വില് ഗ്ലോബല്‍ ഇനീഷ്യേറ്റിവ് (ജി.ജി.ഐ) സംഘടിപ്പിച്ച റമദാന് ടോക്ക്സ് സീസണ് രണ്ട് സമാപന സെഷനില്‍ 'ഖുര്ആനിലേക്കൊരു ജാലകം' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഞാന്‍ ചിന്തിക്കുന്നു, അതിനാല്‍ ഞാന്‍ നിലനില്ക്കുന്നു' എന്ന ഫ്രഞ്ച് തത്ത്വജ്ഞാനി റെനെ ഡെയ്കാര്ട്ടിെൻറ വാക്കുകള്‍ പ്രശസ്തമാണ്. അതുപോലെ, 'ഞാന്‍ പ്രാര്‍ഥിക്കുന്നു, അതിനാല്‍ ഞാന്‍ നിലനില്ക്കുന്നു' എന്ന തത്ത്വം ഇന്നത്തെ ആസുരകാലത്ത് ഏറെ പ്രസക്തമാണ്. പ്രപഞ്ചത്തിലെ സര്‍വചരാചരങ്ങളും ദൈവപ്രകീര്ത്തനത്തിലാണ്. പ്രാര്ഥനാസമ്പന്നമായ പ്രാപഞ്ചികഘടനയെ അതേപടി നിലനിര്‍ത്തുകയും വിനാശകരമായ കൃത്യങ്ങളിലേര്പ്പെടാതിരിക്കുകയും ചെയ്യുകയെന്ന ദൗത്യമാണ് ഭൂമിയിലെ ദൈവത്തിെൻറ പ്രതിനിധിയെന്ന നിലയില്‍ മനുഷ്യര്‍ക്ക് നിര്‍വഹിക്കാനുള്ളത്.
സ്രഷ്ടാവ് സംവിധാനിച്ച പ്രാപഞ്ചികക്രമത്തെ അടുത്തറിയാനുള്ള ജാലകമാണ് ഖുര്‍ആൻ. ഉല്‍കൃഷ്ട ജീവിതം നയിക്കാന്‍ അഭിലഷിക്കുന്നവര്ക്കെല്ലാം സാന്ത്വനവും കാരുണ്യവുമാണത്. കരുണാവാരിധിയായ ദൈവത്തിലേക്കുള്ള ക്ഷണത്തെയാണ് ഏറ്റവും സുന്ദര വാക്കെന്ന് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. അന്ത്യനാള്‍ വരെയും ദൈവകൃപയുടെ അണമുറിയാത്ത ധാരയായി ഖുര്‍ആെൻറ ചൈതന്യം പ്രവഹിച്ചുകൊണ്ടിരിക്കും.
ദുരന്തകാലത്ത് ഈ ചൈതന്യധാരയിലേക്കുള്ള മടക്കമാണ് വേണ്ടതെന്ന് കെ.ടി. സൂപ്പി ചൂണ്ടിക്കാട്ടി. ഓൺലൈൻ സെഷനില്‍ ജി.ജി.ഐ പ്രസിഡൻറ് ഡോ. ഇസ്മായില്‍ മരിതേരി, ജനറല്‍ സെക്രട്ടറി ഹസന് ചെറൂപ്പ എന്നിവർ മോഡറേറ്റര്‍മാരായിരുന്നു. വൈസ് പ്രസിഡൻറുമാരായ ജലീല്‍ കണ്ണമംഗലം സ്വാഗതവും എ.എം. അബ്ദുല്ലക്കുട്ടി ചെട്ടിപ്പടി നന്ദിയും പറഞ്ഞു. സെക്രട്ടറി ഇബ്രാഹിം ശംനാട് ഖുര്‍ആനില്‍നിന്ന് അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.