ബാഫഖി തങ്ങൾ സെന്റർ സാമൂഹിക മുന്നേറ്റത്തിന്റെ കേന്ദ്രമാവും -എം.എ. റസാഖ് മാസ്റ്റർ
text_fieldsറിയാദ്: മുസ്ലിം ലീഗ് അഖിലേന്ത്യ പ്രസിഡന്റായിരുന്ന അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ നാമധേയത്തിൽ കോഴിക്കോട് നിർമാണം ആരംഭിച്ച ബാഫഖി തങ്ങൾ കമ്യൂണിറ്റി ഡെവലപ്മെന്റ് റിസോഴ്സ് സെന്റർ കേരളീയ മുസ്ലിം സമൂഹത്തിെന്റ വിദ്യാഭ്യാസ, രാഷ്ട്രീയ, സാംസ്കാരിക മുന്നേറ്റത്തിെൻറ കേന്ദ്രമാവുമെന്ന് കോഴിക്കോട് ജില്ല മുസ്ലിം ലീഗ് പ്രസിഡന്റ് എം.എ. റസാഖ് മാസ്റ്റർ അഭിപ്രായപ്പെട്ടു.
റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി ബത്ഹ ഓഫിസിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കെ.എം.സി.സി പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു.
കർമനിരതവും മാതൃകാപരവുമായ ജീവിതത്തെ കുറിച്ച് പുതുതലമുറക്കും അറിവ് പകർന്നുകൊടുക്കാനാണ് ബാഫഖി തങ്ങൾക്ക് അനുയോജ്യമായ ഒരു സ്മാരകം പണിയാൻ കോഴിക്കോട് ജില്ല മുസ്ലിം ലീഗ് കമ്മിറ്റി തീരുമാനിച്ചതെന്ന് എം.എ. റസാഖ് മാസ്റ്റർ പറഞ്ഞു.
ഡിജിറ്റൽ ലൈബ്രറി, സാമൂഹിക പഠനകേന്ദ്രം, ഓഫിസ് സമുച്ചയം, വിദ്യാർഥി ഹോസ്റ്റൽ തുടങ്ങി ആധുനിക സൗകര്യങ്ങൾ നിർദിഷ്ട കേന്ദ്രത്തിലുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോഴിക്കോട് ജില്ല മുസ്ലിം ലീഗ് ഭാരവാഹികൾക്ക് കെ.എം.സി.സി മലപ്പുറം ജില്ല ഭാരവാഹികളായ ശരീഫ് അരീക്കോട്, മജീദ് മണ്ണാർമല, ശിഹാബ് തങ്ങൾ കുറുവ എന്നിവർ ഉപഹാരങ്ങൾ നൽകി. സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റിയുടെ സാമൂഹിക സുരക്ഷപദ്ധതിയുടെ അപേക്ഷ ഫോറങ്ങൾ മങ്കട, വേങ്ങര, വള്ളിക്കുന്ന് നിയോജകമണ്ഡലം കെ.എം.സി.സി ഭാരവാഹികൾക്ക് മുസ്ലിം ലീഗ് നേതാക്കൾ കൈമാറി.
കോഴിക്കോട് ജില്ല മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി.ടി. ഇസ്മാഈൽ, ട്രഷറർ സൂപ്പി നരിക്കാട്ടിരി, റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര, ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത്, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അസീസ് വെങ്കിട്ട, നാസർ മാങ്കാവ്, ഷമീർ പറമ്പത്ത്, കോഴിക്കോട് ജില്ല കെ.എം.സി.സി പ്രസിഡൻറ് സുഹൈൽ അമ്പലക്കണ്ടി എന്നിവർ സംസാരിച്ചു.
മലപ്പുറം ജില്ല കെ.എം.സി.സി ഭാരവാഹികളായ മൊയ്ദീൻ കുട്ടി പൊന്മള, യൂനുസ് നാണത്ത്, ഷബീർ പള്ളിക്കൽ, റഫീഖ് ചെറുമുക്ക് എന്നിവർ നേതൃത്വം നൽകി. ജില്ല ജനറൽ സെക്രട്ടറി സഫീർ മുഹമ്മദ് സ്വാഗതവും ട്രഷറർ മുനീർ വാഴക്കാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.