ബഹ്റൈൻ ടു സൗദി: റോഡ് മാർഗം പ്രവേശിക്കുന്നതിന് പുതിയ മാർഗനിർദേശങ്ങൾ
text_fieldsജിദ്ദ: ബഹ്റൈനിൽനിന്ന് ദമ്മാം കിങ് ഫഹദ് കോസ്വേ വഴി റോഡ് മാർഗം സൗദിയിലേക്ക് പ്രവേശിക്കാൻ കോവിഡ് വാക്സിൻ എടുത്തിരിക്കണമെന്ന് നിർബന്ധമാക്കി. കോസ്വേ അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൗദിയിലേക്ക് തൊഴിൽ, ടൂറിസം, സന്ദർശക വിസയിൽ വരുന്നവർക്കാണ് നിയമം ബാധകം. ഇവർ യാത്രയുടെ 72 മണിക്കൂറിനുള്ളിൽ എടുത്ത പി.സി.ആർ കോവിഡ് പരിശോധന നെഗറ്റിവ് ഫലവും കൂടെ കരുതണം.
സൗദിയിൽ അംഗീകരിച്ച ഫൈസര്‍ ബയോൻടെക്, ഓക്സ്ഫഡ് ആസ്ട്ര സെനക (കോവിഷീല്‍ഡ്), മൊഡേണ എന്നീ വാക്സിനുകളിൽ ഏതെങ്കിലും ഒന്നിന്റെ രണ്ടു ഡോസുകളും ജോൺസൻ വാക്സിെൻറ ഒറ്റ ഡോസോ എടുത്തശേഷം 14 ദിവസങ്ങൾ പൂർത്തിയാക്കിയവർക്ക് മാത്രമായിരിക്കും പ്രവേശനം.ഇവര്‍ക്ക് പിന്നീട് കോവിഡ് പരിശോധനയോ ക്വാറൻറീനോ ആവശ്യമില്ല. വാക്സിൻ എടുക്കാതെ അതിർത്തിയിൽ എത്തുന്നവർക്ക് സൗദിയിൽ പ്രവേശനം അനുവദിക്കില്ലെന്നും തിരിച്ചയക്കുമെന്നും അതോറിറ്റിയുടെ അറിയിപ്പിൽ പറയുന്നു.
എന്നാൽ, സൗദി പൗരന്മാര്ക്ക് പ്രവേശിക്കാൻ വാക്സിൻ എടുക്കുകയോ പി.സി.ആർ പരിശോധനയോ ആവശ്യമില്ല. ഇവരിൽ 18 വയസ്സിന് മുകളിലുള്ളവർ സൗദിയിൽ പ്രവേശിച്ച് ഏഴുദിവസം വീട്ടിൽ ക്വാറൻറീനിൽ ഇരിക്കുകയും ആറാം ദിവസം പി.സി.ആർ പരിശോധന നടത്തുകയും വേണം. സ്വദേശികളുടെ വിദേശി ഭാര്യമാര്‍, ഭർത്താക്കൾ, മക്കള്‍, അവരോടൊപ്പമുള്ള ഗാര്‍ഹിക തൊഴിലാളികള്‍, നയതന്ത്രജ്ഞര്‍, അവരുടെ കുടുംബങ്ങള്‍, അവരോടൊപ്പമുള്ള ഗാര്‍ഹിക തൊഴിലാളികള്‍ എന്നിവര്‍ യാത്രയുടെ 72 മണിക്കൂറിനുള്ളിൽ എടുത്ത പി.സി.ആർ കോവിഡ് പരിശോധന നെഗറ്റിവ് ഫലം അതിർത്തിയിൽ കാണിക്കണം. ഇവരിൽ വാക്സിനെടുത്തവർക്ക് പിന്നീട് ക്വാറൻറീനും കോവിഡ് പരിശോധനയും നിർബന്ധമില്ല. എന്നാൽ വാക്സിനെടുക്കാത്തവർ സൗദിയിൽ പ്രവേശിച്ച് ഏഴുദിവസം വീട്ടിൽ ക്വാറൻറീനിൽ ഇരിക്കുകയും ആറാം ദിവസം പി.സി.ആർ പരിശോധന നടത്തുകയും വേണം.
ട്രക്ക് ഡ്രൈവര്‍മാര്‍, അവരുടെ സഹായികള്‍ എന്നിവര്‍ക്ക് പി.സി.ആര് പരിശോധന ഫലം ഇല്ലാതെ സൗദിയിൽ പ്രവേശിക്കാം. ഇവർക്ക് ക്വാറൻറീനും ആവശ്യമില്ല. ആരോഗ്യം, നാഷനല്‍ ഗാര്‍ഡ്, പ്രതിരോധം, വിദ്യാഭ്യാസം തുടങ്ങി സര്‍ക്കാര്‍ മേഖലയില്‍ ജോലിചെയ്യുന്നവര്‍ കോസ്വേ വഴി സൗദിയിൽ പ്രവേശിച്ചാൽ അവർ 24 മണിക്കൂറിനുള്ളിൽ പി.സി.ആര് പരിശോധന നടത്തുകയും ഏഴുദിവസം വീട്ടിൽ ക്വാറൻറീനിൽ ഇരിക്കുകയും ഏഴാം ദിവസം വീണ്ടും പി.സി.ആർ പരിശോധന നടത്തുകയും വേണം.
സർക്കാർ മേഖലയിൽ ജോലിചെയ്യുന്ന ആരോഗ്യപ്രവർത്തകർ ഏഴുദിവസം തങ്ങളുടെ താമസസ്ഥലത്ത് ക്വാറൻറീനിൽ ഇരിക്കണം. സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്ന ആരോഗ്യപ്രവർത്തകർക്ക് ഇന്സ്റ്റിറ്റ്യൂഷൻ ക്വാറൻറീനും നിർബന്ധമാണ്. ഇവർ ഇരുകൂട്ടരും 24 മണിക്കൂറിനുള്ളിലും ഏഴാം ദിവസവും പി.സി.ആർ പരിശോധന നടത്തണമെന്നും അതോറിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.