ഭീകരാക്രമണത്തിൽ ബഹ്റൈൻ, യു.എ.ഇ സൈനികർ കൊല്ലപ്പെട്ടു; സൗദി അറേബ്യ അനുശോചിച്ചു
text_fieldsറിയാദ്: സോമാലിയയിലുണ്ടായ ഭീകരാക്രമണത്തിൽ ബഹ്റൈൻ ഡിഫൻസ് ഫോഴ്സിലെയും യു.എ.ഇ സായുധ സേനയിലെയും സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ സൗദി അറേബ്യ അനുശോചിച്ചു.
സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇൗസ ആൽഖലീഫക്കും യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സാഇദ് അൽ നഹ്യാനും അനുശോചന സന്ദേശം അയച്ചു. ബഹ്റൈൻ ഡിഫൻസ് ഫോഴ്സിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥനു നേരെ ഭീകരാക്രമണം നടന്നതായും ഒരു സൈനികൻ വീരചരമം പ്രാപിച്ചതായും അറിഞ്ഞെന്നും ഈ ക്രിമിനൽ നടപടിയെ ശക്തമായ ഭാഷയിൽ അപലപിക്കുന്നതായും ബഹ്റൈൻ രാജാവിന് അയച്ച സന്ദേശത്തിൽ പറഞ്ഞു. ബഹ്റൈൻ ഭരണകൂടത്തോടും മരിച്ച ഉദ്യോഗസ്ഥന്റെ കുടുംബത്തോടും ബഹ്റൈനിലെ സഹോദരങ്ങളോടും ഞങ്ങളുടെ അഗാധമായ അനുശോചനവും ആത്മാർഥമായ സഹതാപവും അറിയിക്കുന്നുവെന്നും രാജാവും കിരീടാവകാശിയും കൂട്ടിച്ചേർത്തു. സൽമാൻ രാജാവ്, കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ എന്നിവർ യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സാഇദ് അൽ നഹ്യാനും അനുശോചന സന്ദേശം അയച്ചു. യു.എ.ഇ സായുധ സേനയിലെ അംഗങ്ങൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിന്റെ വിശദാംശങ്ങൾ അറിയാനിടയായി. ചില ജീവനുകൾ പൊലിയാനും മറ്റു ചിലർക്ക് പരിക്കേൽക്കാനും ഇടയായെന്നതും ദുഃഖത്തോടെയാണ് കേട്ടത്. ഈ ക്രിമിനൽ നടപടിയെ ശക്തമായ ഭാഷയിൽ ഞങ്ങൾ അപലപിക്കുന്നു. നിങ്ങളോടും മരിച്ചവരുടെ കുടുംബങ്ങളോടും യു.എ.ഇയിലെ ജനങ്ങളോടും അഗാധമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും യു.എ.ഇ പ്രസിഡന്റിനയച്ച അനുശോചന സന്ദേശത്തിൽ പറഞ്ഞു.
സോമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിലെ സൈനിക താവളത്തിൽ സംയുക്ത സൈനിക പരിശീലനത്തിനിടയിലാണ് കഴിഞ്ഞദിവസം സൈനികർക്ക് നേരെ ഭീകരാക്രമണമുണ്ടായത്. സംഭവത്തിൽ നാല് യു.എ.ഇ സൈനികരും ഒരു ബഹ്റൈൻ സൈനികനും കൊല്ലപ്പെട്ടിരുന്നു. ഭീകരാക്രമണത്തെ സൗദി വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.