ബേക്കൽ സാലിഹ് ഹാജി; നാടിന് നഷ്ടമാകുന്നത് ആയിരങ്ങൾക്ക് തണൽ വിരിച്ച നന്മമരം
text_fieldsദോഹ: ചെറുപ്രായത്തിൽ പ്രവാസ ലോകത്തെത്തി സ്വപ്രയത്നം കൊണ്ട് ബിസിനസ് രംഗത്തും സാമൂഹിക മേഖലയിലും ശ്രദ്ധേയ നേട്ടം കരസ്ഥമാക്കിയ വ്യക്തിത്വമാണ് ബേക്കൽ സാലിഹ് ഹാജി. 1971ലാണ് ലോഞ്ചിൽ അദ്ദേഹം ദുബൈ തീരമണഞ്ഞത്. ദുബൈയിൽ കാര്യമായ ജോലി ലഭിക്കാത്തതിനാൽ ഖത്തറിലേക്ക് മാറി. മദ്രാസിൽനിന്ന് പാസ്പോർട്ട് എടുത്ത് വിസ സംഘടിപ്പിച്ച് സുഹൃത്ത് അഹമ്മദിനൊപ്പം ഖത്തറിലേക്ക് എത്തി കാറ്ററിങ് തുടങ്ങി. 1973ൽ കാറ്ററിങ് പൂട്ടിയ ശേഷം ബ്രിട്ടീഷ് ബാങ്ക് മാനേജർ ഓഫിസിൽ ജോലിക്ക് കയറി. രണ്ടുവർഷത്തിനു ശേഷം പാർട്ണർമാരെ ചേർത്ത് ടെക്സ്റ്റൈൽസ് ആരംഭിച്ചെങ്കിലും പച്ചപിടിച്ചില്ല. പിന്നീട് മെട്രോ ഹോട്ടൽ എന്ന സ്ഥാപനം ആരംഭിച്ചു.
1979ൽ സെഞ്ച്വറി ടെക്സ്റ്റൈൽസ് ആരംഭിച്ചതോടെയാണ് മെച്ചപ്പെടുന്നത്. പങ്കാളികൾ സ്വമേധയാ ഒഴിഞ്ഞതിനാൽ സ്ഥാപനം സ്വന്തമായി നടത്തി. 1988ൽ തുടങ്ങിയ ബോംബെ സിൽക് സെന്റർ എന്ന സ്ഥാപനവും വേരുപിടിച്ചു. പിന്നീട് പടിപടിയായി അദ്ദേഹം ബിസിനസ് ശൃംഖല വളർത്തി. സത്യസന്ധമായ വഴിയിലൂടെ ധനസമ്പാദനത്തിന് എളുപ്പവഴി ഇല്ലെന്ന് അദ്ദേഹം വിശ്വസിച്ചു. അബ്ദുൽ അസീസ് അക്കരയോടൊപ്പം തുടങ്ങിയ ലെക്സസ് ടെയ്ലറിങ് എന്ന സ്ഥാപനവും അതിവേഗം വളർന്നു. ലെക്സസിന് ദോഹയിൽ 28ഉം ദുബൈയിൽ നാലും ഔട്ട്ലെറ്റുണ്ട്. 2019ൽ പാണ്ട ഹൈപ്പർ മാർക്കറ്റ് സ്ഥാപിച്ച് ഭക്ഷ്യ വിപണന രംഗത്തേക്കും കാലെടുത്തുവെച്ചു. സാമൂഹിക ജീവകാരുണ്യ മേഖലയിലും നിറസാന്നിധ്യമായിരുന്നു സാലിച്ച എന്ന ബേക്കൽ സാലിഹ് ഹാജി. സ്വന്തം നിലക്ക് ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുറമെ പൊതു സംരംഭങ്ങൾക്കും ജീവകാരുണ്യ ദൗത്യങ്ങൾക്കും നിറഞ്ഞ മനസ്സോടെ അദ്ദേഹം കാര്യമായി സാമ്പത്തിക പിന്തുണ നൽകിവന്നു. കാസർകോട് ജില്ലയിലെ സി.എച്ച് സെന്റർ ഉപാധ്യക്ഷനായിരുന്നു അദ്ദേഹം പത്ത് കുടുംബങ്ങൾക്ക് ബൈത്തുറഹ്മ എന്ന കാരുണ്യ ഭവനം നിർമിച്ചുനൽകി. ഖത്തറിൽ സന്ദർശനത്തിനെത്തുന്ന കേരളത്തിലെ മിക്ക മത, രാഷ്ട്രീയ നേതാക്കളും അദ്ദേഹത്തെ കാണാതെ പോകുമായിരുന്നില്ല.
പെരുമാറ്റത്തിലെ വിനയവും ജീവിതത്തിലെ മൂല്യങ്ങളുമാണ് അദ്ദേഹത്തെ പ്രിയപ്പെട്ടവനാക്കുന്നത്. ഇസ്ലാമിയ എ.എൽ.പി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പ്രവാസ ലോകത്തെത്തി സാമ്പത്തികമായി മെച്ചപ്പെട്ട ശേഷം ഈ സ്കൂൾ കോടികൾ മുടക്കി കെട്ടിടം പണിത് വിപുലീകരിച്ചു. ബേക്കൽ സാലിഹ് ഹാജിയുടെ വിയോഗത്തോടെ നാടിന് നഷ്ടമാകുന്നത് ആയിരങ്ങൾക്ക് തണൽ വിരിച്ച വലിയൊരു വൃക്ഷമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.