കഷണ്ടിക്കാരെ, കുടവയറുള്ളവരെ, ജാഗ്രതൈ; തട്ടിപ്പുസംഘം ദമ്മാമിൽ
text_fieldsദമ്മാം: മുടി വളരാനും കുടവയറുകുറയാനുമുള്ള ഒറ്റമൂലി മരുന്നുകളെന്ന വ്യാജേന ആളുകളെ കബളിപ്പിച്ച് പണം തട്ടുന്ന സംഘം ദമ്മാമിലെ സീകോ പരിസരത്ത് വിലസുന്നു. ഇവരുടെ വാചാലതയിൽ മയങ്ങി ചികിത്സ തേടിപ്പോയ മലയാളികൾ ഉൾപ്പെടെയുള്ള നിരവധി പേർക്കാണ് പണം നഷ്ടമായത്. മാനക്കേട് ഭയന്ന് പലരും പുറത്തുപറയാൻ മടിച്ചതിനാൽ തട്ടിപ്പുകൾ കുറേക്കാലമായി തുടരുകയാണ്. ഇവരുടെ തട്ടിപ്പ് തിരിച്ചറിഞ്ഞ് അന്വേഷിച്ചെത്തിയവരോട് മാപ്പുപറഞ്ഞ് രക്ഷപ്പെട്ടവർ പക്ഷേ, അടുത്ത ഇരകളെ വലയിൽ പെടുത്തുകയാണ്.
വളരെ തിരക്കിനിടയിൽ സഹായിക്കാനെന്ന വ്യാജേനയാണ് ഇവർ അടുത്തുകൂടുന്നത്. കഴിഞ്ഞ ദിവസം ചിത്രകാരനായ മലയാളി വിനോദ് കുഞ്ഞിന് ഉണ്ടായ അനുഭവം രസകരമാണ്.
ദീർഘകാലമായി കഷണ്ടിയുള്ള ബിനു വിഗ് വെച്ചാണ് സാധാരണ പുറത്തിറങ്ങാറ്. കഴിഞ്ഞ ദിവസം വിഗ് വെക്കാതെ പുറത്തിറങ്ങിയ ബിനുവിനെ സിറയിക്കാരനായ ഒരാൾ സമീപിക്കുകയായിരുന്നു. എതിരെ വന്നയാൾ പരിചയം ഭാവിച്ച് തടഞ്ഞുനിർത്തി ചോദിച്ചത് നിെൻറ മുടിയിങ്ങനെ കൊഴിയാൻ തുടങ്ങിയിട്ട് എത്രകാലമായി എന്നായിരുന്നു.
കുറേക്കാലമായി എന്നു മറുപടി പറഞ്ഞപ്പോൾ നിനക്കിതിൽ വിഷമമില്ലേ എന്നായി അടുത്ത ചോദ്യം.
എന്നാൽ ഇപ്പോൾ മുടി കിളിർക്കാനുള്ള ചില നാടൻ മരുന്നുകൾ ഉണ്ടെന്നും തനിക്കും പിതാവിനും സഹോദരങ്ങൾക്കുമെല്ലാം ഈ മരുന്ന് ഉപയോഗിച്ച് ഫലം കിട്ടിയെന്നും അയാൾ പറഞ്ഞു. ജോലിക്ക് പോകുന്ന തിരക്കിലാണെങ്കിലും നിന്നെ സഹായിക്കാൻ ആ മരുന്നു കാട്ടിത്തരാം എന്നു പറഞ്ഞ് അടുത്തുള്ള ഒരു കടയിലേക്ക് പോകാൻ അയാൾ ക്ഷണിച്ചു. ആവശ്യമില്ലെന്ന് പറഞ്ഞിട്ടും നിർബന്ധിച്ച് കൂട്ടികൊണ്ടുപോയി ഒരു എണ്ണ കാണിച്ചു. ഇതിനോടൊപ്പം മറ്റ് ചില പൊടികൾ കൂടി ചേർത്തുവേണം തലയിൽ തേക്കാൻ. എല്ലാം കൂടി 1,500 റിയാൽ ആകുമെന്നും അയാൾ പറഞ്ഞു. പിന്നെ വരാം എന്നുപറഞ്ഞ് ചതിയിൽ പെടാതെ രക്ഷപ്പെട്ട ബിനു ‘ഗൾഫ് മാധ്യമവു’മായി ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മറ്റു നിരവധി പേർക്കും സമാന അനുഭവമുണ്ടായെന്ന് അറിയുന്നത്.
യു.പി സ്വദേശിയോട് കുടവയർ കുറയാൻ മരുന്നുണ്ടെന്ന മോഹന വാഗ്ദാനവുമായാണ് സമീപിച്ചത്. ഒരാഴ്ചക്കുള്ളിൽ വയറു കുറയും എന്നായിരുന്നു വാഗ്ദാനം.
ആദ്യം കുടിക്കാൻ അൽപം മരുന്നുതന്നെന്നും അത് കുടിച്ചയുടനെ മയക്കം അനുഭപ്പെട്ടുവെന്നും ഉണർന്നപ്പോൾ കൈയിലുണ്ടായിരുന്ന 1,000ലേറെ റിയാൽ അവർ കവർന്നെന്നും അയാൾ പറയുന്നു. പത്തനംതിട്ട സ്വദേശി ബിനുവിന് കഷണ്ടിക്കുള്ള മരുന്നു നൽകാം എന്ന വാഗ്ദാനവുമായണ് തട്ടിപ്പുകാർ സമീപിച്ചത്. താൻ ചെല്ലുേമ്പാൾ നാലഞ്ചുപേർ കൂടി തന്നെ പോലെ വലയിൽ കുടുങ്ങി അവിടെ എത്തിയിരുന്നെന്ന് ബിനു പറഞ്ഞു. പലരുടെ കൈയിൽനിന്നും 1,000 ഉം, 1,500 ഉം റിയാൽ വീതം ഇവർ വാങ്ങിയതായും ബിനു പറഞ്ഞു.
സീകോയിലെ ചില മലയാളി കച്ചവടക്കാർ വിശദീകരിച്ചത് ഇത്തരം തട്ടിപ്പിനിരയായ പലരും തങ്ങളെ സമീപിച്ച് സങ്കടം പറയാറുണ്ടെന്നും പക്ഷേ, തട്ടിപ്പിെൻറ ആളുകൾ മാറിമാറി വരുന്നതിനാൽ ഇവരെ കണ്ടുപിടിക്കാൻ പറ്റുന്നില്ല എന്നുമാണ്. തട്ടിപ്പിനിരയായ ചില മലയാളികൾ കഴിഞ്ഞ ദിവസം ഏറെ നേരം കാത്തുനിന്ന് ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്ന ഒരാളെ പിടിച്ചുവെച്ചു.
പൊലീസിനെ അറിയിക്കരുതെന്നും ഇനി താൻ ഈ തട്ടിപ്പ് നടത്തില്ലെന്നും കരഞ്ഞ് കാലുപിടിച്ചതോടെ അയാളെ വിട്ടയച്ചത്രെ. എന്തെങ്കിലും കേട്ടാലുടനെ മുമ്പും പിമ്പും നോക്കാതെ ഇറങ്ങിപ്പുറപ്പെടുന്നവരാണ് ഇത്തരം തട്ടിപ്പു സംഘങ്ങളുടെ ഇരകൾ. അതുകൊണ്ടു തന്നെ ഇത്തരം ആളുകളിൽനിന്ന് ജാഗ്രത പാലിക്കാൻ ശ്രദ്ധിക്കണമെന്ന് തട്ടിപ്പിനിരയായവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.