ബംഗ്ലാദേശി യുവതി സൗദി എയർലൈൻസ് വിമാനത്തിൽ പെൺകുഞ്ഞിന് ജന്മം നൽകി
text_fieldsജിദ്ദ: സൗദി അറേബ്യൻ എയർലൈൻസ് വിമാനത്തിൽ പെൺകുഞ്ഞിന് ജന്മം നൽകി ബംഗ്ലാദേശി യുവതി. തബൂക്കിൽനിന്ന് പുറപ്പെട്ട 1546-ാം നമ്പർ വിമാനത്തിലാണ് 30കാരി പ്രസവിച്ചത്. ജിദ്ദ വിമാനത്താവളത്തിലെത്തിച്ച കുഞ്ഞിനും മാതാവിനും അധികൃതർ അടിയന്തര സഹായവും ശുശ്രൂഷയും നൽകി. യാത്രക്കാരിയായ യുവതി വിമാനത്തിൽ പ്രസവിച്ചതായി എയർ ട്രാഫിക് കൺട്രോൾ ടവറിൽ നിന്ന് വിവരം ലഭിച്ചയുടനെ തങ്ങൾ എല്ലാ തയ്യാറെടുപ്പും പൂർത്തിയാക്കുകയായിരുന്നു എന്ന് വിമാനത്താവള അധികൃതർ പറഞ്ഞു.
വിവരം ലഭിച്ച ഉടനെ വിമാനത്താവളത്തിലെ അടിയന്തര മെഡിക്കൽ വിഭാഗത്തോട് വേണ്ട മുൻകരുതൽ എടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. അടിയന്തര വൈദ്യസഹായം ഉറപ്പാക്കാനായി ഏറ്റവും അടുത്തുള്ള ഗേറ്റിനടുത്ത് വിമാനം പാർക്ക് ചെയ്യാൻ പൈലറ്റിന് നിർദേശം നൽകുകയും ചെയ്തു. വൈദ്യസഹായത്തിന് യോഗ്യരായ സൗദി വനിതാ പാരാമെഡിക്കുകൾ ഉൾപ്പെടെയുള്ള ഒരു മെഡിക്കൽ സംഘത്തെ അതിവേഗം ഒരുക്കി.
പിന്നീട് യുവതിക്കും നവജാത ശിശുവിനും ആവശ്യമായ എല്ലാ അടിയന്തര സേവനങ്ങളും നൽകി. മാതാവിന്‍റെയും നവജാതശിശുവിന്‍റെയും ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കൽ സംഘം ഉറപ്പുവരുത്തി. ശേഷം ആംബുലൻസിൽ കിങ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്സിലേക്ക് കൊണ്ടുപോയതായും വിമാനത്താവള അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.