ബാങ്കിങ് തട്ടിപ്പ് വ്യാപകം: മലയാളിയുടെ അക്കൗണ്ടിലുള്ള 7810 റിയാൽ നഷ്ടമായി
text_fieldsയാംബു: സൗദിയിൽ പ്രവാസികളുടെ ബാങ്കിങ് വിശദാംശങ്ങൾ കൈക്കലാക്കിയുള്ള തട്ടിപ്പ് വ്യാപകമാകുന്നു. ബാങ്കിങ് അപ്‌ഡേഷനെന്നു പറഞ്ഞ് അക്കൗണ്ട് നമ്പറും എ.ടി.എം പിൻ നമ്പറും ആവശ്യപ്പെടുന്ന ഫോൺവിളികളിൽനിന്നാണ് തട്ടിപ്പിന്‍റെ തുടക്കം. ബാങ്ക് ഉദ്യോഗസ്ഥരാണെന്ന വ്യാജേനയാണ് ഫോൺ വിളിക്കുന്നത്. കഴിഞ്ഞ ദിവസം യാംബുവിലുള്ള കോട്ടയം സ്വദേശിയുടെ അക്കൗണ്ടിലുള്ള മുഴുവൻ തുകയായ 7810 റിയാൽ ഇങ്ങനെ നഷ്ടമായി. ബാങ്കിൽനിന്നാണ് വിളിക്കുന്നതെന്ന് തെറ്റിദ്ധരിച്ചാണ് അദ്ദേഹം എ.ടി.എം കാർഡിന്‍റെ വിവരങ്ങളും ഫോണിലേക്കു വന്ന ഒ.ടി.പി കോഡും കൈമാറിയത്. നിമിഷങ്ങൾക്കകം അക്കൗണ്ട് കാലിയായപ്പോഴാണ് കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലായത്. അക്കൗണ്ട് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ ബാങ്കിങ് സേവനങ്ങൾ മരവിപ്പിക്കുമെന്നും പുതിയ നിയമമാണെന്നും പറഞ്ഞാണ് ഫോൺവിളികൾ വരുന്നത്.
അറബി, ഇംഗ്ലീഷ്, ഉർദു ഭാഷകൾ അനായാസം സംസാരിക്കുന്നവരാണ് വിളിക്കുന്നത്. ഐ.എം.ഒ വഴിയും തട്ടിപ്പ് വിളികൾ എത്തുന്നുണ്ട്. ഇഖാമ പുതുക്കിയാൽ നേരിട്ട് ബാങ്കിൽ എത്തിയോ ഓൺലൈൻ വഴിയോ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതാണ് ബാങ്കിങ് രംഗത്തെ പതിവ്. ഇതേ സേവനത്തിനാണ് ബാങ്കുകളിൽനിന്ന് നേരിട്ട് വിളിക്കുകയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രവാസികളെ പറ്റിക്കുന്ന പണി വ്യാപകമായി നടക്കുന്നത്. ഒരാളുടെ അക്കൗണ്ട് നമ്പറും എ.ടി.എം കോഡും ലഭിച്ചാൽ പണം പിൻവലിക്കാൻ കഴിയും. ബാങ്കുകളിൽനിന്ന് വിശദാംശങ്ങൾ ചോദിച്ച് ആരും വിളിക്കില്ലെന്നും വ്യാജ വിളികളിൽ കരുതലെടുക്കണമെന്നും ബാങ്കുകൾ തങ്ങളുടെ ഇടപാടുകാർക്ക് നിരന്തരം മുന്നറിയിപ്പ് നൽകാറുണ്ട്. ബാങ്കുകളിൽനിന്ന് വ്യക്തിവിവരങ്ങൾ ചോദിച്ച് ആരും വിളിക്കില്ലെന്ന സാമാന്യബോധം എല്ലാവർക്കും വേണമെന്ന് സാമൂഹിക പ്രവർത്തകരും പറയുന്നു. ബാങ്ക് വിവരങ്ങൾ ഫോൺ വഴി ആരു ചോദിച്ചാലും നൽകരുതെന്നും ബാങ്കിലേക്ക് നേരിട്ട് വരാമെന്ന് അത്തരം വിളികളോട് മറുപടി പറയണമെന്നും ബാങ്ക് വൃത്തങ്ങൾ മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.