49.3 കോടി റിയാലിന്റെ ബാങ്കിങ് തട്ടിപ്പ്; സൗദി പൗരൻ അറസ്റ്റിൽ
text_fieldsഅൽ ഖോബാർ: 49.3 കോടി റിയാലിന്റെ ബാങ്കിങ് തട്ടിപ്പ് നടത്തിയ സൗദി പൗരൻ ഖാലിദ് ഇബ്രാഹിം അൽ ജാരിവി അറസ്റ്റിലായെന്ന് സൗദി അഴിമതി വിരുദ്ധ അതോറിറ്റി (നസഹ)അറിയിച്ചു. ഒരു പ്രാദേശിക ബാങ്കിലെ ജീവനക്കാരന്റെ സഹായത്തോടെ ബാങ്കിങ് സംവിധാനങ്ങളെ കബളിപ്പിച്ച് ഇത്രയും തുക തട്ടിയെടുത്തെന്നാണ് കേസ്. ദേശീയ സുരക്ഷ ഏജൻസിയുടെയും സൗദി സെൻട്രൽ ബാങ്കിന്റെയും സഹകരണത്തോടെയാണ് അറസ്റ്റ്.
റിയൽ എസ്റ്റേറ്റ് ആവശ്യത്തിനായി ഇയാൾ വായ്പക്ക് വേണ്ടിയാണ് ബാങ്കിനെ സമീപിച്ചത്. ബാങ്ക് ജീവനക്കാരൻ ഇയാളുടെ അപേക്ഷയിന്മേൽ അനുകൂല നടപടി സ്വീകരിക്കുകയും വായ്പ അനുവദിക്കാൻ ശിപാർശ ചെയ്തു കൊണ്ട് മേലധികാരികൾക്ക് ഇ-മെയിൽ അയക്കുകയും ചെയ്തു.
വായ്പ അനുവദിക്കപ്പെട്ടു. അയാൾ അത് കൈപ്പറ്റിപ്പോവുകയും ചെയ്തു. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിൽ അപേക്ഷയോടൊപ്പം ഹാജരാക്കിയ റിയൽ എസ്റ്റേറ്റ് ഡീലുകളും കരാറുകളും വ്യാജമാണെന്ന് കണ്ടെത്തി. മാത്രമല്ല അയാൾക്ക് വായ്പ ലഭ്യമാക്കാൻ സഹായിച്ച ബാങ്ക് ജീവനക്കാരനും വലിയ തുകയുടെ ഇടപാട് നടത്തിയതായി കണ്ടു.
ഇയാൾ രാജ്യത്തിന് പുറത്തേക്ക് 10 കോടി റിയാൽ ട്രാൻസ്ഫർ ചെയ്തതായും അത് റിയൽ എസ്റ്റേറ്റിൽ നിക്ഷേപിച്ച് ബന്ധുക്കളുടെ പേരിൽ വസ്തുക്കൾ വാങ്ങിക്കൂട്ടിയതായും വിശദപരിശോധനയിൽ വ്യക്തമാവുകയും ചെയ്തു.
ഇതോടെ തട്ടിപ്പിന്റെ മുഴുവൻ ചിത്രവും വെളിപ്പെട്ടു. തട്ടിപ്പ് നടത്തിയ സ്വദേശി പൗരന് അനധികൃതമായി രാജ്യത്തിന് പുറത്തേക്കും അകത്തേക്കും സഞ്ചരിക്കാൻ ജവാസത് (ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട്) ഉദ്യോഗസ്ഥരായ അബ്ദുല്ല മസ്ഊദ് അൽ അനസി, നവാഫ് ജാഖിദേബ് അൽ ഹർബി, അബ്ദുറഹ്മാൻ മതാർ അൽ ഷമാരി എന്നിവർ സൗകര്യമൊരുക്കിയെന്നും കണ്ടെത്തി.
ഇവരും അറസ്റ്റിലായി. ഈ പ്രതികളെല്ലാം കുറ്റങ്ങൾ സമ്മതിച്ചിട്ടുണ്ട്. പബ്ലിക് പ്രോസിക്യൂഷനിൽ എല്ലാ പ്രതികൾക്കുമെതിരെ നടപടികൾ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.