ഗാനരചന രംഗത്ത് വർഷങ്ങളുടെ തഴക്കവുമായി ബാപ്പുട്ടി നാലകത്ത്
text_fieldsജീസാൻ: മാപ്പിളപ്പാട്ട്, ആനുകാലിക സംഭവങ്ങളെക്കുറിച്ചുള്ള ഗാനങ്ങൾ, വിവാഹ പാർട്ടിക്കുവേണ്ടിയുള്ള ഗാനങ്ങൾ, രാഷ്ട്രീയ ഗാനങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ ഗാനരചന നടത്തി ശ്രദ്ധേയനായിരിക്കുകയാണ് ജീസാനിൽ പ്രവാസിയായ ബാപ്പുട്ടി നാലകത്ത് വള്ളുവമ്പ്രം.
20 വർഷമായി ജീസാനിൽ ജോലിചെയ്യുന്ന ഇദ്ദേഹം ഏതൊരു വിഷയത്തെക്കുറിച്ചും ഇമ്പമാർന്ന പാട്ടുകളും കവിതകളും എഴുതും. തനിമചോരാതെ തന്റേതായ ശൈലിയിൽ പാട്ടുകളുടെ ഈരടികളെഴുതി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്റേതായൊരു ഇടം കണ്ടെത്തി ആസ്വാദക ഹൃദയങ്ങളിൽ കൂടുകെട്ടി ജൈത്രയാത്ര തുടരുകയാണ് ഈ പ്രവാസി യുവാവ്.
സ്കൂൾ കലോത്സവങ്ങളിൽ നാടകം, മോണോ ആക്ട്, മിമിക്രി, മാപ്പിളപ്പാട്ട്, പ്രബന്ധ രചന, ക്വിസ്, പ്രസംഗ മത്സരം തുടങ്ങിയ ഇനങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിരുന്നു. എഴുത്തിലും വായനയിലും സജീവമായി മുഴുകിയിരുന്നെങ്കിലും ജീവിത പ്രാരബ്ധങ്ങൾക്കിടയിൽ കലയും സർഗാത്മകമായ കഴിവുകളും കൈവിട്ടു. തുടർന്ന് രാഷ്ട്രീയ, പരസ്യ, ഫുട്ബാൾ അനൗൺസ്മെന്റുകളിലൂടെ ശ്രദ്ധേയനായി. ഇതിനിടക്ക് 2002 ൽ പ്രവാസിയായി ജീസാനിലെത്തി. നേരത്തേ നിർത്തിവെച്ചിരുന്ന എഴുത്തിന്റെ ലോകത്തേക്ക് പ്രവാസിയായതിനുശേഷം വീണ്ടും തിരിച്ചുവന്നു. കുടുംബ കൂട്ടായ്മക്ക് വേണ്ടിയും ജന്മനാടായ വള്ളുവമ്പ്രം പ്രവാസി കൂട്ടായ്മക്കുവേണ്ടിയും വിവാഹങ്ങൾക്ക് വേണ്ടിയും ഗാനങ്ങളെഴുതിത്തുടങ്ങിയ ഇദ്ദേഹം മറ്റു സമകാലിക വിഷയങ്ങളെക്കുറിച്ചും പാട്ടുകളെഴുതി. അതെല്ലാം സാമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു.
കരിപ്പൂർ വിമാനാപകട രക്ഷാപ്രവർത്തനത്തെക്കുറിച്ച് എഴുതിയ 'തകർന്നുവീണൊരു വിമാനം കണ്ട് പകച്ചുനിൽക്കാത്തൊരു ജനത' എന്ന് തുടങ്ങുന്ന ഗാനം ഉൾപ്പെടെ ഒട്ടുമിക്ക പാട്ടുകളും സമൂഹമാധ്യമങ്ങളിൽ വൈറലായി. സൗദി ദേശീയദിനത്തോടനുബന്ധിച്ച് ഇദ്ദേഹം എഴുതിയ ഗാനം വലിയരീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏറ്റവുമൊടുവിൽ ഹിജാബ് വിഷയവുമായി ബന്ധപ്പെട്ടെഴുതിയ 'താറുമഴിച്ച് നടക്ക്ണ നാട്ടിൽ നാറിയ കളികൾ ഏറിയ മേട്ടിൽ' എന്ന് തുടങ്ങുന്ന ഗാനം ഗാനാസ്വാദകർ ഏറ്റെടുത്തിരുന്നു. ഫാഷിസ്റ്റു വിരുദ്ധ ഗാനങ്ങൾ, ദേശഭക്തി ഗാനങ്ങൾ, കർഷക പ്രക്ഷോഭ ഗാനങ്ങൾ, പ്രവാസി ഗാനങ്ങൾ, മലബാർ ഖിലാഫത്ത് ഗാനങ്ങൾ, ലക്ഷദ്വീപ് ഐക്യദാർഢ്യ ഗാനം, വാരിയൻ കുന്നത്ത് ഗാനം, ഒമിക്രോൺ ഗാനം, നാർക്കോട്ടിക് ജിഹാദ് ഗാനം, യുക്രെയ്ൻ യുദ്ധ ഗാനം തുടങ്ങി ഇതിനോടകം മുന്നൂറോളം രചനകൾ ബാപ്പുട്ടി നാലകത്തിന്റെ തൂലികയിൽ നിന്നും പുറത്തുവന്നു. ജീസാനിലെ ജീവകാരുണ്യ കലാകായിക സാംസ്കാരിക സംഘടനയായ ജീസാൻ ആർട്സ് ലവേഴ്സ് അസോസിയേഷൻ ബൈഷ് യൂനിറ്റ് പ്രസിഡന്റായ ഇദ്ദേഹം സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്തും സജീവമാണ്. പരേതനായ നാലകത്ത് കുഞ്ഞിമുഹമ്മദിന്റെയും ആമിനയുടെയും മകനാണ്. ഷാനിതയാണ് ഭാര്യ. മക്കൾ: അഹമ്മദ് നജാത്, ശമാഷ് മുഹമ്മദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.