'ബഷീർ വിചാര'വുമായി സമീക്ഷ പി.ജി സ്മാരക പ്രതിമാസവായന
text_fieldsജിദ്ദ: സമീക്ഷ പി.ജി. സ്മാരക പ്രതിമാസവായന സദസ്സ് 'ബഷീർ വിചാരം'എന്നപേരിൽ ബഷീർ അനുസ്മരണത്തിന് വേദിയൊരുക്കി. പത്രപ്രവർത്തകനും എഴുത്തുകാരനുമായ മുസാഫിർ ഉദ്ഘാടനം ചെയ്തു. സർഗപ്രതിഭയാൽ കാലദേശങ്ങളെ കീഴടക്കിയ എഴുത്തുകാരനായിരിക്കുമ്പോഴും വ്യക്തിബന്ധങ്ങൾ ഊഷ്മളമായി സൂക്ഷിച്ച പച്ച മനുഷ്യനായിരുന്നു വൈക്കം മുഹമ്മദ് ബഷീർ എന്ന് സ്വാനുഭവങ്ങളിലൂടെ അദ്ദേഹം ഓർത്തെടുത്തു.
ചെയർമാൻ ഹംസ മദാരി അധ്യക്ഷത വഹിച്ചു. 'ബഷീർ; എഴുത്തും ജീവിതവും'എന്നവിഷയത്തെ അധികരിച്ച് സന്തോഷ് വടവട്ടത്ത് സംസാരിച്ചു. സാധാരണക്കാരെൻറ ജീവിതകഥകൾ നാട്യങ്ങളില്ലാത്ത ഭാഷയിൽ നർമമധുരമായവതരിപ്പിച്ച പ്രതിഭയായിരുന്നു ബഷീർ എന്നദ്ദേഹം അഭിപ്രായപ്പെട്ടു. ബഷീർ കൃതികളുടെ അവതരണവും ആസ്വാദനവും വിലയിരുത്തലുകളും സദസ്സിന് നവ്യാനുഭവമായി.
'ആനവാരിയും പൊൻകുരിശും' അനുപമ ബിജുരാജ്, 'മതിലുകൾ' സലീന മുസാഫിർ 'ൻറുപ്പുപ്പാക്കൊരാനേണ്ടാർന്ന്' നൂറുന്നിസ ബാവ, 'വിശ്വവിഖ്യാതമായ മൂക്ക്' ഷാജു അത്താണിക്കൽ എന്നിവർ അവതരിപ്പിച്ചു. 'അനർഘ നിമിഷം'എന്ന സമാഹാരത്തിലെ 'യുദ്ധം അവസാനിക്കണമെങ്കിൽ...', 'വിശുദ്ധരോമം' എന്നീ രചനകളുടെ വായനാനുഭവം റഫീഖ് പത്തനാപുരം പങ്കുവച്ചു. കത്തുന്ന വിശപ്പിലും നർമം വിടർത്തുന്ന ബഷീറിെൻറ ആത്മകഥാംശം കലർന്ന 'ജന്മദിനം' എന്ന കഥ ഹംസ മദാരി അവതരിപ്പിച്ചു.
പ്രഫ. എം.കെ. സാനു രചിച്ച 'ബഷീർ; ഏകാന്തവീഥിയിലെ അവധൂതൻ' എന്നകൃതിയെ അവലംബിച്ച് സംസാരിച്ച കിസ്മത്ത് മമ്പാട് ബഷീറിെൻറ സർഗജീവിതത്തിലെയും വ്യക്തിജീവിതത്തിലെയും പ്രധാന മുഹൂർത്തങ്ങൾ സദസ്സുമായി പങ്കുെവച്ചു. മുഹമ്മദ് സാദത്ത് സ്വാഗതവും രാജീവ് നായർ നന്ദിയും പറഞ്ഞു. മുസാഫർ പാണക്കാട്, ബിജുരാജ് രാമന്തളി, റജി അൻവർ, ഫിറോസ് മുഴുപ്പിലങ്ങാട്, ഹസൻ ഭായ്, അദ്നു ഷബീർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.