സൗദി-യു.എസ് ബന്ധത്തിന്റെ ചരിത്രം ഓർമപ്പെടുത്തി 'ബാറ്റർജി ഹൗസ്'
text_fieldsറിയാദ്: യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ സൗദി സന്ദർശനവും സൽമാൻ രാജാവുമായുള്ള കൂടിക്കാഴ്ചയുമെല്ലാം ഏറെ വാർത്തപ്രാധാന്യം നേടുമ്പോൾ ജിദ്ദയിലെ ചിരപുരാതനമായ ബാറ്റർജി ഹൗസും ശ്രദ്ധേയമാകുന്നു. സൗദി-യു.എസ് ബന്ധത്തിന്റെ ചരിത്രം ഓർമപ്പെടുത്തുന്ന ആദ്യ അമേരിക്കൻ കോൺസുലേറ്റ് സ്ഥിതി ചെയ്തിരുന്ന കെട്ടിടമാണ് ബാറ്റർജി ഹൗസ്. പടിഞ്ഞാറൻ അറേബ്യയിലെ പെട്രോളിയം വികസനത്തിനുള്ള ബ്രിട്ടീഷ് കമ്പനിയുടെ ആസ്ഥാനം കൂടിയായിരുന്നു ഈ വീട്. പിന്നീട് ഇത് അറബ്-അമേരിക്കൻ ഓയിൽ കമ്പനിയായ അരാംകോ ഏറ്റെടുത്തു. 1860ലാണ് ബാറ്റർജി ഹൗസ് നിർമാണം പൂർത്തിയാക്കിയത്. ശൈഖ് ഇബ്രാഹിം ഹസൻ ബാറ്റർജി, ശൈഖ് ഉമർ ബാജുബൈർ എന്നിവരായിരുന്നു ഉടമസ്ഥർ. മക്കയിൽ നിന്നുള്ള ഒരു എൻജിനീയറുടെ മേൽനോട്ടത്തിൽ ശൈഖ് ഇബ്രാഹിം ഹസൻ ബാറ്റർജി വീട്ടിൽ ബാൽക്കണികളും മറ്റും നിർമിച്ചു. ഇരുമ്പും മരവും ഉപയോഗിച്ചുള്ള ഫർണിഷിങ്ങും കോൺക്രീറ്റ് കോണിപ്പടികളും മൊസൈക്ക് തറയും അക്കാലത്ത് അപൂർവമായിരുന്നു.
1940-52 കാലഘട്ടത്തിൽ സൗദി അറേബ്യയിലെ ആദ്യത്തെ യു.എസ് എംബസിയുടെ ആസ്ഥാനത്തിനു വേണ്ടി അമേരിക്കൻ സർക്കാർ ബാറ്റർജി ഹൗസ് വാടകക്കെടുത്തു. ആ സമയത്ത് വീടിന്റെ പ്രധാന വാതിൽ വാങ്ങാൻ യു.എസ് അംബാസഡർ 10,000 ഡോളർ ചെലവഴിച്ചു. അത് ഇന്നും നിലനിൽക്കുന്നു. ജിദ്ദയിലെ അൽ-ഷാം പരിസരത്തെ ഏറ്റവും പ്രധാനപ്പെട്ട വീടുകളിലൊന്നായി ബാറ്റർജി ഹൗസ് കണക്കാക്കപ്പെടുന്നു. 200 ഓളം പുരാവസ്തുക്കളും ഏവരിലും താൽപര്യമുണർത്തുന്ന മറ്റ് കൗതുകവസ്തുക്കളും ഉൾക്കൊള്ളുന്നതിനാൽ ഈ വീട് പ്രദേശത്തെ ഏറ്റവും വിശിഷ്ടമായ സാംസ്കാരിക കേന്ദ്രമായി അറിയപ്പെട്ടു.
രണ്ട് വാളുകളും ഈന്തപ്പനയുടെ രൂപവും ഉൾക്കൊള്ളുന്ന ആദ്യത്തെ സൗദി ഫോണും ഇവിടുത്തെ പുരാവസ്തുക്കളുടെ കൂട്ടത്തിലുണ്ട്. 1917-ലെ കാമറ, 100 വർഷം പഴക്കമുള്ള പ്രിന്ററുകൾ, ഓട്ടോമൻ കാലഘട്ടത്തിലെ തോക്കുകൾ, ഗ്ലാസ് വെയർ, ഏഴും എട്ടും നൂറ്റാണ്ടുകളിലെ ചെമ്പ് പാത്രങ്ങൾ, ആദ്യകാല നാണയങ്ങൾ എന്നിവയും ശേഖരത്തിലുണ്ട്. ബാറ്റർജി ഹൗസ് ഇപ്പോൾ ഒരു വിനോദസഞ്ചാരകേന്ദ്രമായി മാറിയിട്ടുണ്ട്. മൂന്ന് നിലകളുള്ള ഈ വീടും അയൽപക്കത്തെ വീടും ബാറ്റർജി കുടുംബത്തിന്റേതാണ്. സൗദി അറേബ്യയിൽ എണ്ണ പര്യവേക്ഷണം നടത്തിയ ആദ്യത്തെ ബ്രിട്ടീഷ് ദൗത്യത്തിന്റെ ആസ്ഥാനമായിരുന്നു. സൗദി കമീഷൻ ഫോർ ടൂറിസം ആൻഡ് നാഷനൽ ഹെറിറ്റേജും ജിദ്ദ മുനിസിപ്പാലിറ്റിയും ഈ വീട് പുനരുദ്ധാരണത്തിലുള്ള ശ്രമങ്ങളിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.