യാത്ര ഇളവ് പ്രയോജനപ്പെടുത്താൻ അടിയന്തര ഇടപെടലുകളുണ്ടാവണം –കെ.എം.സി.സി ജിദ്ദ
text_fieldsജിദ്ദ: സൗദിയിൽനിന്ന് രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ച് നാട്ടിൽ അവധിക്ക് പോയവർക്ക് മൂന്നാം രാജ്യത്തെ ക്വാറൻറീൻ ഇല്ലാതെതന്നെ സൗദിയിലേക്ക് നേരിട്ട് മടങ്ങാമെന്ന പുതിയ നിയമം പ്രവാസികൾ വളരെ സന്തോഷത്തോടെയാണ് ശ്രവിച്ചത്. സാധാരണ വിമാന സർവിസുകൾക്കുള്ള അനുമതി ഇനിയും വൈകുമെന്നിരിക്കെ ഈ ഇളവ് പ്രയോജനപ്പെടുത്താൻ ഇന്ത്യ-സൗദി എയർ ബബ്ൾ കരാർവഴി കൂടുതൽ വിമാന സർവിസുകൾ നടത്താൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു.
വർഷത്തിൽ ഒന്നും രണ്ടും മാസം മാത്രം അവധി ലഭിക്കുന്ന ലക്ഷക്കണക്കിന് പ്രവാസികൾ ഒന്നരവർഷത്തോളമായുള്ള യാത്ര നിയന്ത്രണങ്ങൾ കാരണം സമയത്തിന് തിരിച്ചുവരാനാവാതെ ജോലി നഷ്ടപ്പെടുമെന്ന ഭീതിയിൽ അവധിക്ക് പോവാതെ മാനസികമായും വിവിധ ശാരീരിക പ്രശ്നങ്ങൾ സഹിച്ചും സൗദിയിൽ പ്രയാസപ്പെടുകയാണ്. സൗദി സർക്കാറിെൻറ പുതിയ പ്രഖ്യാപനം പ്രയോജനപ്പെടുത്തുന്നതിന് ആവശ്യമായ കൂടുതൽ വിമാന സർവിസുകൾ തുടങ്ങുന്നതിന് കേന്ദ്രസർക്കാർ നയതന്ത്ര കാര്യാലയങ്ങൾ വഴി സാധാരണ വിമാന സർവിസ് എത്രയുംവേഗം ആരംഭിക്കാനുള്ള ചർച്ചകളും തൽക്കാലത്തേക്ക് എയർ ബബ്ൾ കരാർപ്രകാരം കൂടുതൽ വിമാന സർവിസുകൾ നടത്താനും വേണ്ട ശ്രമങ്ങൾ ഉണ്ടാവേണ്ടതുണ്ട്.
എത്രയും വേഗം നടപടികൾ ഉണ്ടാവുന്നതിന് കേരളസർക്കാർ കേന്ദ്രസർക്കാറിൽ ആവശ്യമായ സമ്മർദംചെലുത്തണമെന്നും ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അഹമ്മദ് പാളയാട്ട്, സെക്രട്ടറി അബൂബക്കർ അരിമ്പ്ര, ട്രഷറർ അൻവർ ചേരങ്കൈ, ചെയർമാൻ നിസാം മമ്പാട്, അംഗങ്ങളായ സി.കെ. റസാഖ് മാസ്റ്റർ, ഇസ്മായിൽ മുണ്ടക്കുളം, ഇസ്ഹാഖ് പൂണ്ടോളി, നാസർ മച്ചിങ്ങൽ, ലത്തീഫ് മുസ്ലിയാരങ്ങാടി, പി.സി.എ. റഹ്മാൻ ഇണ്ണി, ശിഹാബ് താമരക്കുളം, എ.കെ. ബാവ തുടങ്ങിയവർ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.