പെരുന്നാൾ ദിവസം കൂടുതൽ ജാഗ്രത വേണം; മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം
text_fieldsയാംബു: ചെറിയ പെരുന്നാളിന് (ഈദുൽ ഫിത്ർ) ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സൗദിയിലെ താമസക്കാർക്ക് മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം. പെരുന്നാൾ അവധി ദിനങ്ങളിൽ കോവിഡ് പ്രോട്ടോകോൾ പാലനത്തിൽ കൂടുതൽ ജാഗ്രത കൈക്കൊള്ളാൻ രാജ്യത്തെ പൗരന്മാരോടും താമസക്കാരോടും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ലോകത്ത് കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം കൂടുതൽ പ്രതിസന്ധി ഉണ്ടാക്കിയ സാഹചര്യത്തിൽ രോഗവ്യാപനം ഇല്ലാതാക്കാൻ എല്ലാവരും കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ടെന്ന് മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദുൽ അലി പ്രസ്താവിച്ചു. കോവിഡ് സ്ഥിതിഗതികൾ വിവരിക്കുന്ന പ്രതിദിന വാർത്തസമ്മേളനത്തിലാണ് വക്താവ് ഇക്കാര്യം സൂചിപ്പിച്ചത്.
ഈദുൽ ഫിത്ർ അവധി ദിനങ്ങളിൽ ആരോഗ്യ മുൻകരുതലുകൾ കൂടുതൽ പാലിക്കേണ്ടത് അനിവാര്യമാണ്. ആരോഗ്യ മുന്നറിയിപ്പുകളും കോവിഡ് പ്രോട്ടോകോൾ പാലനവും അവഗണിച്ചുള്ള ആഘോഷമാണ് ആളുകൾ നടത്തുന്നതെങ്കിൽ പിന്നീട് നിർഭാഗ്യകരമായ ദിനങ്ങളായി അവ മാറാം. സൗദി അറേബ്യ ഇപ്പോഴും കോവിഡ് മഹാമാരിയുടെ റിപ്പോർട്ടിങ്ങിൽ ഏറ്റക്കുറച്ചിലുകൾ അഭിമുഖീകരിക്കുന്ന രാജ്യമാണ്.
കോവിഡ് കുത്തിവെപ്പ് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു മരണവും സൗദിയിൽ നടന്നിട്ടില്ലെന്നും ഇക്കാര്യത്തിൽ നടക്കുന്ന അഭ്യൂഹങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പ് നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. വാക്സിൻ സ്വീകരിച്ചതിനുശേഷം ഗുരുതര രോഗലക്ഷണങ്ങൾ അനുഭവപ്പെടുകയോ മൂന്നു ദിവസത്തിൽ കൂടുതൽ അസ്വസ്ഥത ഉണ്ടാവുകയോ ചെയ്താൽ അടുത്തുള്ള ആശുപത്രിയിൽ പോകാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങുകൾ സംഘടിപ്പിക്കുമ്പോഴും വാണിജ്യകേന്ദ്രങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിക്കേണ്ടതിെൻറ പ്രാധാന്യം എല്ലാവരും ജാഗ്രതയോടെ ഉൾക്കൊള്ളണമെന്ന് വാണിജ്യമന്ത്രാലയ വക്താവ് അബ്ദുറഹ്മാൻ അൽ ഹുസൈൻ പറഞ്ഞു. പെരുന്നാൾ അവധി ദിനങ്ങളിൽ ഷോപ്പിങ് നടത്തുമ്പോഴുള്ള കൂടിച്ചേരലുകളിലും ആരോഗ്യ സുരക്ഷ കാര്യങ്ങളിലും പ്രത്യേകം ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. ഷോപ്പിങ് സെൻററുകളിലെ സമയം 24 മണിക്കൂറായി വർധിപ്പിക്കാൻ മന്ത്രാലയം നിർദേശിച്ചിട്ടുണ്ടെന്നും തിരക്കേറിയ സമയങ്ങളിലുള്ള ഷോപ്പിങ് ഒഴിവാക്കാൻ ഇത് ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റമദാൻ: മസ്ജിദുന്നബവി മുഴുസമയം തുറന്നിടും
മദീന: റമദാൻ അവസാന പത്തിൽ മസ്ജിദുന്നബവി മുഴുസമയം തുറന്നിടുമെന്ന് മസ്ജിദുന്നബവി കാര്യാലയം വ്യക്തമാക്കി. അവസാന പത്തിൽ ഹറമിലെത്തുന്നവർക്ക് വേണ്ട എല്ലാ സൗകര്യവുമൊരുക്കിയതായി മസ്ജിദുന്നബവി കാര്യാലയ അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് ബിൻ അഹ്മദ് അൽഖുദൈരി പറഞ്ഞു. ആളുകളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ട പദ്ധതികൾ തയാറാക്കിയിട്ടുണ്ട്. സേവനങ്ങൾ ഉയർന്ന നിരവാരത്തിലാക്കാൻ സുരക്ഷ, ആരോഗ്യം തുടങ്ങിയ സർക്കാർ വകുപ്പുകളുമായി സഹകരണമുണ്ടെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.