രാജ്യത്ത് ഭിക്ഷാടനം ഇല്ലാതാക്കാൻ ഊർജിത ശ്രമം
text_fieldsയാംബു: സൗദി അറേബ്യയിൽ ഭിക്ഷാടനം പൂർണമായും ഒഴിവാക്കാൻ കർശന നടപടികളെടുത്ത് അധികൃതർ. രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ ഭിക്ഷാടനം നടത്തുന്നവരെ പിടികൂടുന്നത് തുടരുകയാണ്. രാജ്യത്തെ പൊതുസുരക്ഷ ചട്ടങ്ങൾ പ്രകാരം നേരത്തേ തന്നെ ഭിക്ഷാടനം നിരോധിച്ചിട്ടുണ്ടെങ്കിലും പൂർണമായും ഇത് ഇല്ലാതാക്കാനാണ് ഇപ്പോഴത്തെ നീക്കം. ഭിക്ഷാടനവുമായി ബന്ധപ്പെട്ടുള്ള എല്ലാ കുറ്റകൃത്യങ്ങളും നേരിടാൻ പൊതുസുരക്ഷയുടെ ഭാഗമായി പഴുതടച്ച നടപടിക്രമങ്ങൾക്കാണ് സൗദി അഭ്യന്തരമന്ത്രാലയം മാസങ്ങൾക്കുമുമ്പ് കാമ്പയിൻ തുടങ്ങിയത്. ഈ കാമ്പയിനുമായി ബന്ധപ്പെട്ട് പൊലീസ് വിഭാഗങ്ങൾ രാജ്യത്തെ വിവിധ പ്രദേശങ്ങളിൽനിന്ന് നൂറുകണക്കിന് ഭിക്ഷാടകരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. സുരക്ഷവിഭാഗങ്ങൾ വിവിധ പ്രദേശങ്ങളിൽ നിരീക്ഷണ സ്കോഡുകളും ഭിക്ഷാടകരുടെ അറസ്റ്റും തുടരുന്നതായിട്ടാണ് റിപ്പോർട്ട്.
ഭിക്ഷാടനത്തിൽ ഏർപ്പെടുന്നവർക്ക് കടുത്ത ശിക്ഷ നൽകാൻ ആഭ്യന്തരമന്ത്രാലയം നടപടികൾ ശക്തമാക്കി. പുതിയ ഭിക്ഷാടന നിയമമനുസരിച്ച് ഒരുവർഷം പരമാവധി തടവും ഒരു ലക്ഷം റിയാൽ പിഴയും ഭിക്ഷാടനം നടത്തുന്ന ആർക്കും ചുമത്തും. കള്ളക്കടത്തുകാരോ അനധികൃത കുടിയേറ്റക്കാരുടെ പ്രവേശനമോ സഞ്ചാരമോ സുഗമമാക്കുന്നതിനുവേണ്ടി പ്രവർത്തിക്കുന്നവർക്ക് 15 വർഷത്തിൽ കുറയാത്ത തടവുശിക്ഷയും ഒരു ദശലക്ഷം റിയാൽ വരെ പിഴയും വാഹനങ്ങളോ വസ്തുവകകളോ കണ്ടുകെട്ടലും ആയിരിക്കുമെന്നും സൗദി പബ്ലിക് സെക്യൂരിറ്റി നേരത്തേ അറിയിച്ചിരുന്നു. അനധികൃത കുടിയേറ്റക്കാരെ വാഹനത്തിൽ കൊണ്ടുപോകുന്നതും അവരെ പാർപ്പിക്കുന്നതും കുറ്റകരമാണെന്നും അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംഘടിത സ്വഭാവത്തിൽ ഭിക്ഷാടനത്തിൽ ഏർപ്പെടുന്നവർക്കും ഭിക്ഷാടകരെ വിവിധ രീതിയിൽ പ്രോത്സാഹിപ്പിക്കുന്നവർക്കും അവർക്ക് വിവിധരീതിയിൽ സഹായം ചെയ്യുന്നവർക്കും പരമാവധി ഒരുവർഷം തടവോ ലക്ഷം റിയാൽ പിഴയോ അല്ലെങ്കിൽ രണ്ടും കൂടി ഒന്നിച്ചോ ശിക്ഷ വിധിക്കും.
സ്വന്തമായി ഭിക്ഷ യാചിക്കുകയോ ഭിക്ഷാടനം നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുകയോ സഹായിക്കുകയോ ചെയ്യുന്നതായി കണ്ടെത്തിയാൽ പരമാവധി 50,000 റിയാലിൽ കൂടാത്ത പിഴയോ രണ്ടും കൂടിയോ ലഭിക്കും. ഭിക്ഷാടനത്തിന് ശിക്ഷിച്ച വിദേശികളെ ശിക്ഷ കഴിഞ്ഞശേഷം നാടുകടത്താനും സൗദിയിൽ ജോലിക്കായി അത്തരക്കാരെ മടങ്ങാൻ അനുവദിക്കാതിരിക്കാനും നിയമം അനുശാസിക്കുന്നു. പൊതുസ്ഥലങ്ങൾ, പള്ളികൾ, സ്ഥാപനങ്ങൾ, കടകൾ, പൊതുഗതാഗത സൗകര്യങ്ങൾ എന്നിവ ഉപയോഗപ്പെടുത്തി പണം ആവശ്യപ്പെടുന്നതെല്ലാം ഭിക്ഷാടനമായി കണക്കാക്കുമെന്നും സ്വദേശികളിൽ ചിലരെ യാചനയിലേക്ക് നയിക്കുന്ന പ്രശ്നങ്ങൾ പഠിക്കാനും അവരുടെ പരാധീനതകൾ കേൾക്കാനും സ്വകാര്യ ചാരിറ്റബിൾ ഏജൻസികളുടെ സഹകരണത്തോടെ ശാശ്വത പരിഹാരം കാണാനും ആഭ്യന്തര മന്ത്രാലയം നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.
മക്കയിലും റിയാദിലും ഭിക്ഷാടനം നടത്തുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ 911 ലും മറ്റു പ്രദേശങ്ങളിൽ 999 ലും വിളിച്ച് റിപ്പോർട്ട് ചെയ്യണമെന്ന് പൊതുജനങ്ങളോട് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. നിർധനരായ ആളുകൾക്കും മറ്റും സംഭാവനകൾ നൽകാൻ ആഗ്രഹിക്കുന്നവർ ഔദ്യോഗിക പ്ലാറ്റ്ഫോമുകൾ വഴി മാത്രം നൽകാനും അർഹരായവർക്ക് സർക്കാറിന്റെ ചാരിറ്റി വകുപ്പുകൾ വഴി കൈമാറുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.