മദീന ഇസ്ലാമിക് യൂനിവേഴ്സിറ്റി സാംസ്കാരിക മേളക്ക് തുടക്കം
text_fieldsമദീന: മദീന ഇസ്ലാമിക് യൂനിവേഴ്സിറ്റി സംഘടിപ്പിച്ച 10ാമത് സാംസ്കാരിക മേള മേഖല ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ ഖാലിദ് അൽഫൈസൽ ഉദ്ഘാടനം ചെയ്തു. 'ലോകം ഒരു മേൽക്കൂരക്ക് കീഴിൽ' എന്ന ശീർഷകത്തിൽ ഒരുക്കിയ മേളയുടെ ഉദ്ഘാടനം അറബ്, ഇസ്ലാമിക രാജ്യങ്ങളുടെ അംബാസഡർമാരുടെയും കോൺസൽമാരുടെയും സാന്നിധ്യത്തിലാണ് നടന്നത്. ലോകത്തിലെ മിക്ക രാജ്യങ്ങളെയും പ്രതിനിധാനംചെയ്യുന്ന 90ലധികം പവിലിയനുകൾ ഒരുമിച്ച സാംസ്കാരിക പരിപാടിയാണിതെന്ന് യൂനിവേഴ്സിറ്റി മേധാവി ഡോ. മംദൂഹ് ബിൻ സഊദ് ആലു സഊദ് പറഞ്ഞു. സമ്പന്നമായ വിദ്യാഭ്യാസ-സാംസ്കാരിക അന്തരീക്ഷത്തിൽ സഹവർത്തിത്വത്തിന്റെയും പരിചയത്തിന്റെയും സംഭാഷണങ്ങളും സന്ദേശങ്ങളും പ്രോത്സാഹിപ്പിക്കുകയും വിവിധ ജനവിഭാഗങ്ങൾക്കിടയിൽ സ്നേഹവും സമാധാനവും പ്രചരിപ്പിക്കുകയുമാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്.
വിദ്യാർഥികളെ അവരുടെ രാജ്യങ്ങളിലെ സംസ്കാരങ്ങളും നാഗരികതകളും മനസ്സിലാക്കാൻ പ്രാപ്തരാക്കുക എന്നും ഉദ്ദേശിക്കുന്നു. മേയ് 26വരെ മേള തുടരുമെന്നും യൂനിവേഴ്സിറ്റി മേധാവി പറഞ്ഞു. വൈവിധ്യമാർന്ന സംസ്കാരങ്ങൾ തമ്മിലുള്ള സമാധാനപരമായ സഹവർത്തിത്വത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമാണ് മദീന ഇസ്ലാമിക് യൂനിവേഴ്സിറ്റി ഒരുക്കിയ മേളയെന്നത് ശ്രദ്ധേയമാണ്. ലോകത്തിന്റെ വിവിധ ഭൂഖണ്ഡങ്ങളിൽനിന്നുള്ള 170ലധികം രാജ്യങ്ങളിൽനിന്നുള്ള സംസ്കാരങ്ങൾ ഇഴചേരുന്ന ലോകത്തിലെ ഏറ്റവും വലിയ യൂനിവേഴ്സിറ്റികളിലൊന്നാണ് മദീന ഇസ്ലാമിക് യൂനിവേഴ്സിറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.