ബെയ്ജിങ് ഉടമ്പടി: ഉഭയകക്ഷി സൗഹൃദം കൂടുതൽ ദൃഢമാക്കുമെന്ന് സൗദിയും ഇറാനും
text_fieldsജിദ്ദ: ഉഭയകക്ഷി സൗഹൃദം സംബന്ധിച്ച് ബെയ്ജിങ് ഉടമ്പടി നടപ്പാക്കുന്നതിനുള്ള പൂർണ പ്രതിബദ്ധത സൗദി അറേബ്യയും ഇറാനും പ്രകടിപ്പിച്ചു. ബന്ധം കൂടുതൽ ദൃഢമാക്കുന്നതിൽനിന്ന് പിന്നോട്ടില്ലെന്ന് വെള്ളിയാഴ്ച ബെയ്ജിങ്ങിൽ ചേർന്ന സൗദി-ചൈനീസ്-ഇറാൻ സംയുക്ത സമിതി ആദ്യ യോഗത്തിലാണ് ഇരുപക്ഷവും നിലപാട് വ്യക്തമാക്കിയത്. സൗദി, ഇറാൻ സൗഹൃദം പുനരാരംഭിക്കുന്നത് സംബന്ധിച്ച ബെയ്ജിങ് ഉടമ്പടിയുടെ തുടർനടപടികൾക്കായി ചൈനീസ് ഉപ വിദേശകാര്യ മന്ത്രി ഡെങ് ലീയുടെ നേതൃത്വത്തിലായിരുന്നു യോഗം ചേർന്നത്.
വിദേശകാര്യ സഹമന്ത്രി എൻജി. വലീദ് ബിൻ അബ്ദുൽകരീം അൽഖുറൈജിയുടെ നേതൃത്വത്തിലുള്ള സൗദി പ്രതിനിധി സംഘവും ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഡോ. അലി ബാഗേരി ഖനി നയിച്ച ഇറാൻ പ്രതിനിധി സംഘവും യോഗത്തിൽ പങ്കെടുത്തു. ഈ വർഷം മാർച്ചിൽ ചൈനയുടെ മധ്യസ്ഥതയിൽ ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ബെയ്ജിങ് കരാറിന്റെ വെളിച്ചത്തിൽ ത്രികക്ഷി കമ്മിറ്റി യോഗത്തിൽ സൗദി അറേബ്യയും ഇറാനും തമ്മിലുള്ള ബന്ധത്തിൽ കൈവരിച്ച പുരോഗതി അവലോകനം ചെയ്തു. റിയാദിലും ടെഹ്റാനിലും ഇരുരാജ്യങ്ങളുടെയും എംബസികൾ വീണ്ടും തുറക്കൽ, വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചകൾ, പരസ്പരമുള്ള സന്ദർശനങ്ങൾ എന്നിവയും അവലോകനം ചെയ്തതിലുൾപ്പെടും.
ഇതിൽ ചൈന വഹിച്ച പ്രധാന പങ്കിനും ഇപ്പോഴത്തെ യോഗത്തിന്റെ ആതിഥേയത്വത്തിനും സൗദിയും ഇറാനും അഭിനന്ദനം അറിയിച്ചു. ബെയ്ജിങ് ഉടമ്പടി നടപ്പാക്കുന്നതിൽ ക്രിയാത്മകമായ പങ്ക് വഹിക്കാനുള്ള സന്നദ്ധത ചൈന ആവർത്തിച്ച് വ്യക്തമാക്കി. ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള തുടർനടപടികൾ സ്വീകരിക്കുന്നതിന് ഇരുരാജ്യങ്ങളുടെയും ഭാഗത്തുനിന്നുള്ള ശ്രമങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. വിവിധ മേഖലകളിലെ ത്രികക്ഷി സഹകരണത്തിന്റെ വശങ്ങളും യോഗം ചർച്ച ചെയ്തു.
മേഖലയിലും അന്താരാഷ്ട്ര തലത്തിലും സുരക്ഷക്കും സമാധാനത്തിനും ഭീഷണിയായി ഗസ്സയിൽ തുടരുന്ന സാഹചര്യത്തെക്കുറിച്ച് മൂന്നു രാജ്യങ്ങളും യോഗത്തിൽ ആശങ്ക പ്രകടിപ്പിച്ചു. ഗസ്സയിലെ ഇസ്രായേൽ ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഗസ്സയിലെ സാധാരണ ജനങ്ങൾക്ക് സുസ്ഥിരമായ ആശ്വാസവും സമാധാനവും നൽകണമെന്നും ഫലസ്തീനികളുടെ നിർബന്ധിത കുടിയിറക്ക ശ്രമങ്ങളെ തള്ളിക്കളയുകയാണെന്നും ത്രികക്ഷി സമിതിയംഗങ്ങൾ പറഞ്ഞു. ഗസ്സയിലെ സ്ഥിതിയെക്കുറിച്ച് ഉത്കണ്ഠ പ്രകടിപ്പിക്കുകയും ഫലസ്തീൻ സംബന്ധിച്ച ഏതു കരാറും ഫലസ്തീൻ ജനതയുടെ ആഗ്രഹം പ്രതിഫലിപ്പിക്കണമെന്നും ഊന്നിപ്പറഞ്ഞു. അടുത്ത യോഗം ജൂണിൽ സൗദിയിൽ നടത്താനും സമിതി തീരുമാനിച്ചു. സൗദി, ഇറാനിയൻ പ്രതിനിധികൾ ചൈനീസ് വിദേശകാര്യ മന്ത്രിയുമായും കൂടിക്കാഴ്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.