ബിനാമി, കള്ളപ്പണം; സ്വദേശിക്കും താമസക്കാരനും എട്ടുവർഷം തടവും 60 ലക്ഷം റിയാൽ പിഴയും
text_fieldsജിദ്ദ: സൗദിയിൽ ബിനാമി, കള്ളപ്പണം വെളുപ്പിക്കൽ സാമ്പത്തിക കുറ്റകൃത്യങ്ങളിലേർപ്പെട്ട സ്വദേശിക്കും താമസക്കാരനും എട്ട് വർഷം തടവും 60 ലക്ഷം റിയാൽ പിഴയും. സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനിടയിലാണ് കള്ളപ്പണം വെളുപ്പിക്കൽ, ബിനാമി ഇടപാടുകൾ എന്നീ കുറ്റങ്ങളിലേർപ്പെട്ട ഒരു സൗദി പൗരനെയും മറ്റൊരു അറബ് പൗരനെയും പിടികൂടിയതെന്ന് പബ്ലിക് പ്രോസിക്യൂഷൻ വൃത്തങ്ങൾ പറഞ്ഞു. പ്രതിമാസവേതനത്തിന് പകരമായി വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും മെഡിക്കൽ സപ്ലൈസ് പ്രവർത്തന മേഖലയിൽ സ്വന്തം അക്കൗണ്ട് തുറന്ന് പ്രവർത്തിക്കാനും വിദേശിയായ അറബ് പൗരനെ സ്വദേശി സഹായിച്ചതായി അന്വേഷണ നടപടിക്രമങ്ങൾക്കിടയിൽ കണ്ടെത്തി.
കമ്പനികളിൽനിന്ന് മരുന്നുകൾ വാങ്ങാനും വിൽക്കാനും സർക്കാർ ഏജൻസികളുമായി കരാർ ചെയ്യാനും റിയൽ എസ്റ്റേറ്റ് ഉടമകളുമായി ചർച്ച നടത്താനും കമ്പനികൾക്ക് പണം നിക്ഷേപിക്കാനും കൈമാറാനും സൗകര്യങ്ങൾ ഒരുക്കി കൊടുക്കുകയും അതിന് യോഗ്യനുമാക്കിയതായും തെളിഞ്ഞു. വിദേശി പൗരൻ 70 ലക്ഷം റിയാലിലധികം നിക്ഷേപിക്കുകയും രാജ്യത്തിന് പുറത്തേക്ക് കൈമാറുകയും ചെയ്തതായും അന്വേഷണ നടപടിക്രമങ്ങൾ വ്യക്തമാക്കുന്നുവെന്ന് പബ്ലിക് പ്രോസിക്യൂഷൻ വൃത്തങ്ങൾ പറഞ്ഞു.
ഇയാളുടെ സ്ഥാപനങ്ങളിലെ പരിശോധനയിൽ 60 ലക്ഷം റിയാൽ, അഞ്ച് എ.ടി.എം കാർഡുകൾ, അഞ്ച് വാണിജ്യസ്ഥാപന സീലുകൾ, രണ്ട് ചെക്ക് ബുക്കുകൾ, ഒമ്പത് ബ്ലാങ്ക് ചെക്കുകൾ എന്നിവ കണ്ടെത്തി. രണ്ട് പ്രതികളെയും കോടതിയിലേക്ക് റഫർ ചെയ്തു. ഓരോരുത്തർക്കും നാല് വർഷം തടവും ആകെ 60 ലക്ഷം പിഴയും ചുമത്തി കോടതി വിധി പുറപ്പെടുവിച്ചതായും പബ്ലിക് പ്രോസിക്യൂഷൻ വൃത്തങ്ങൾ പറഞ്ഞു. കുറ്റകൃത്യത്തിന് വിധിച്ച പിഴയുടെ സമാന മൂല്യം ഇവരിൽനിന്ന് കണ്ടുകെട്ടാനും ശിക്ഷാ കാലാവധിക്കുശേഷം പ്രവാസിയെ രാജ്യത്തുനിന്ന് നാടുകടത്താനും കോടതി വിധിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയും സാമ്പത്തികശേഷിയും സംരക്ഷിക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ശ്രമം തുടരുകയാണ്. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ തകർക്കാൻ പ്രലോഭിപ്പിക്കുന്നവർക്കെതിരെ കഠിനമായ ശിക്ഷ ആവശ്യപ്പെടുന്നതിൽ വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും പബ്ലിക് പ്രോസിക്യൂഷൻ വൃത്തങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.