കോൺട്രാക്റ്റിങ് മേഖലയിൽ ബിനാമി പങ്കാളിത്തം; സൗദി, സിറിയൻ പൗരന്മാർക്ക് രണ്ടരവർഷം തടവും ഒരു ലക്ഷം റിയാൽ പിഴയും
text_fieldsറിയാദ്: കോൺട്രാക്റ്റിങ് മേഖലയിലെ ബിനാമി പങ്കാളിത്തത്തിന് സൗദി പൗരനും സിറിയൻ പൗരനും രണ്ടരവർഷം തടവും ഒരു ലക്ഷം റിയാൽ പിഴയും റിയാദ് ക്രിമിനൽ കോടതി വിധിച്ചു. സൗദി പൗരന് ആറുമാസം തടവും സിറിയൻ പൗരന് രണ്ട് വർഷത്തെ തടവുമാണ് ശിക്ഷ വിധിച്ചതെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. വാണിജ്യ രജിസ്റ്ററും ലൈസൻസും റദ്ദാക്കിയതിനുപുറമെ ബിനാമി പങ്കാളിത്തത്തിന്റെ ഫലമായുണ്ടായ വരുമാനം കണ്ടുകെട്ടാനും കോടതി വിധിച്ചു.
ജയിൽ ശിക്ഷയും പിഴയും കഴിഞ്ഞ് സിറിയൻ പൗരനെ നാടുകടത്തും. അഞ്ച് വർഷത്തേക്ക് വാണിജ്യ പ്രവർത്തനങ്ങളിൽ നിന്ന് പൗരനെ വിലക്കിയിട്ടുണ്ട്. ശിക്ഷാവിധി പ്രാദേശിക പത്രങ്ങളിൽ സ്വന്തം ചെലവിൽ പ്രസിദ്ധീകരിക്കുന്നതിനൊപ്പം സക്കാത്തും ഫീസും നികുതിയും പ്രതികളിൽ നിന്ന് ഈടാക്കും. റിയാദ് നഗരത്തിലെ കരാർ മേഖലയിൽ രണ്ട് മില്യൺ റിയാൽ മൂല്യത്തിൽ സിറിയൻ പൗരന് ബിനാമി ബിസിനസിൽ ഏർപ്പെടാൻ സൗദി പൗരൻ അനുമതി നൽകിയത് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സൗദി പൗരൻ തന്റെ ഉടമസ്ഥതയിലുള്ള കോൺട്രാക്റ്റിങ് സ്ഥാപനംവഴി കരാർ പ്രവർത്തനങ്ങൾ ചെയ്യാൻ സിറിയൻ പൗരനായ താമസക്കാരന് സൗകര്യങ്ങൾ നൽകിയതായും കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.