ബിനാമി ഇടപാട്: 115 കേസുകൾ രജിസ്റ്റർ ചെയ്തു
text_fieldsറിയാദ്: സൗദി പൗരരെ ബിനാമിയാക്കി നടത്തിവന്ന കച്ചവട ഇടപാടുകൾ കണ്ടെത്തി 115 കേസുകൾ രജിസ്റ്റർ ചെയ്തു. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും കേസുകളുണ്ടായതെന്ന് ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം അധികൃതർ വ്യക്തമാക്കി. ഇക്കഴിഞ്ഞ നവംബറിൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 1600ലധികം പരിശോധനകൾ നടത്തി. വാണിജ്യ സ്ഥാപനങ്ങൾ വിപണി നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും ബിനാമി ഇടപാടുകൾ തടയാനും ലക്ഷ്യമിട്ടായിരുന്നു റെയ്ഡ്. പരിശോധനയിൽ 115 കേസുകൾ കണ്ടെത്തി. നിയമലംഘകരായി പിടിയിലായ ആളുകളെ വിശദ അന്വേഷണത്തിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. നിയമലംഘനങ്ങൾ തെളിയിക്കപ്പെട്ടാൽ ഇവർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് പ്രോഗ്രാം വൃത്തങ്ങൾ പറഞ്ഞു. പഴം-പച്ചക്കറി ചില്ലറ വിൽപ്പന, ഓട്ടോമൊബൈൽ സ്പെയർ പാർട്സ് വ്യാപാരം, താമസ കെട്ടിടങ്ങളുടെ പൊതുനിർമാണം, സ്ത്രീ വസ്ത്രങ്ങളുടെ ചില്ലറ വിൽപ്പന, കാറ്ററിങ് സർവിസ്, റസ്റ്റാറന്റുകൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്.
ബിനാമി ഇടപാടിൽ ഉൾപ്പെട്ടവർക്കെതിരെ അഞ്ച് വർഷം വരെ തടവും 50 ലക്ഷം റിയാൽ വരെ പിഴയുമാണ് ശിക്ഷ. ഇൗ ഇടപാടുകളുടെ ഭാഗമായി കണ്ടെത്തുന്ന കള്ളപ്പണം കണ്ടുകെട്ടും. കൂടാതെ സ്ഥാപനം അടച്ചുപൂട്ടുകയോ പ്രവർത്തനം അവസാനിപ്പിക്കുകയോ ചെയ്യും. സ്ഥാപനത്തിന്റെ വാണിജ്യ രജിസ്ട്രേഷൻ റദ്ദാക്കും. സകാത്തും നികുതിയും ഈടാക്കും. പ്രതികളെ പരസ്യപ്പെടുത്തും. ഇതിൽ വിദേശികളായ ആളുകളെ ഈ ശിക്ഷകൾക്ക് ശേഷം പുനഃപ്രവേശന വിലക്കോടെ നാടുകടത്തും. ഇതെല്ലാം നിയമം അനുശാസിക്കുന്ന ശിക്ഷാനടപടികളിൽ ഉൾപ്പെടുന്നതാണെന്നും പ്രോഗ്രാം വൃത്തങ്ങൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.