മതപണ്ഡിതരെ കൊത്തിവലിക്കുന്ന കഴുകന്മാരെ കരുതിയിരിക്കുക -എസ്.ഐ.സി
text_fieldsറിയാദ്: ഒരു ഗ്രാമത്തിലെ മദ്റസയില്‍ കുട്ടികള്‍ക്ക് സമ്മാനം കൊടുക്കുന്ന ചെറിയ ഒരു പരിപാടിക്കിടെ നടന്ന പരാമര്‍ശത്തിന്റെ പേരില്‍, സമസ്ത നേതൃത്വത്തിലെ ഒരു പണ്ഡിത ശ്രേഷ്ഠനെ ദിവസങ്ങളോളം കൊത്തിവലിച്ചിട്ടും കൊതിതീരാത്ത മതവെറിയുടെ കഴുകൻകോലങ്ങളെ കരുതിയിരിക്കണമെന്ന് സമസ്ത ഇസ്ലാമിക് സെന്റർ (എസ്.ഐ.സി) സൗദി നാഷനല്‍ കമ്മിറ്റി.
വിദ്യാർഥിനിയുടെ രക്ഷിതാക്കൾക്കോ ബന്ധുക്കൾക്കോ പരാതിയില്ലാത്ത സംഭവത്തിലാണ് കൊടും ക്രിമിനലുകളോടെന്ന പോലെ മാധ്യമങ്ങളും സാംസ്കാരിക നായകന്മാര് എന്ന് ഊറ്റം കൊള്ളുന്നവരും അത്യാവേശപൂർവം തുടര്ചര്ച്ചകളൊരുക്കിയും വിദ്വേഷ കാമ്പയിൻ നടത്തിയും പുകമറ സൃഷ്ടിക്കുന്നത്. മതം നോക്കി സെലക്ടിവായി മാത്രം പ്രതികരിക്കുന്ന ഇത്തരം നീചമായ നടപടിക്കെതിരെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയും അപലപിക്കുകയും ചെയ്യുന്നതായി നേതാക്കള്‍ പറഞ്ഞു.
മലപ്പുറം സെന്റ് ജമ്മാസ് സ്കൂളില്‍ 30 വര്‍ഷത്തോളം നൂറോളം കുട്ടികളെ ക്രൂരമായി പീഡിപ്പിച്ച അധ്യാപകനെതിരെയോ രാഷ്ട്രീയ നേതാവിനെതിരെയോ, നിസ്സംഗരായി കൂട്ടുനിന്ന സ്കൂള്‍ മാനേജ്മെന്റിനെതിരെയോ ഒരക്ഷരം ഉരിയാടാതെ മൗനം പാലിക്കുന്ന മാധ്യമങ്ങളും നേതാക്കളും സാംസ്കാരിക കൂട്ടായ്മകളും എന്തു സന്ദേശമാണ് കൈമാറുന്നതെന്നത് ഭീതിദമാണ്.
നിലനില്‍പ്പിനായി മത്സരിക്കുന്ന ചാനലുകളും സാമൂഹ മാധ്യമങ്ങളിലെ വിധ്വംസക സംഘങ്ങളും മതനിരാസ ചിന്തകരും സമസ്തക്കെതിരെയും പണ്ഡിത നേതൃത്വത്തിനെതിരെയും നടത്തുന്ന നിഗൂഢനീക്കങ്ങള്‍ പൊതുസമൂഹം തിരിച്ചറിയണമെന്നും വെറുപ്പിന്റെ പ്രചാരകരെ കരുതിയിരിക്കണമെന്നും എസ്.ഐ.സി സൗദി ദേശീയ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.