മുസ്ലിം ഭീതി സൃഷ്ടിച്ച് വർഗീയ ധ്രുവീകരണം നടത്താനുള്ള ശ്രമങ്ങളെ കരുതിയിരിക്കുക -അഡ്വ. ഷിബു മീരാൻ
text_fields1. കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ 'സമകാലിക കേരള രാഷ്ട്രീയം' എന്ന വിഷയത്തിൽ അഡ്വ. ഷിബു മീരാൻ സംസാരിക്കുന്നു 2. ‘ഗോൾഡൻ അച്ചീവ്മെന്റ് അവാർഡ് ദുബൈ-കേരള 2024' നേടിയ യാംബുവിലെ സിറാജ് മുസ്ലിയാരകത്തിനുള്ള ഉപഹാരം അഡ്വ. ഷിബു മീരാൻ നൽകുന്നു
യാംബു: മുസ്ലിം ഭീതി സൃഷ്ടിച്ച് സമൂഹത്തെ പ്രതിരോധത്തിലാക്കാനും വർഗീയ ധ്രുവീകരണം നടത്താനുമാണ് കേരളത്തിൽ സി.പി.എം ശ്രമിക്കുന്നതെന്നും ഇതിനെതിരെ സമൂഹം കരുതിയിരിക്കണമെന്നും മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യ വൈസ് പ്രസിഡന്റും ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ നിയമകാര്യങ്ങളിൽ ആക്ടിവിസ്റ്റുമായ അഡ്വ. ഷിബു മീരാൻ പറഞ്ഞു. കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.എം.സി.സി ഓഫിസ് ഓഡിറ്റോറിയത്തിൽ
'സമകാലിക കേരള രാഷ്ട്രീയം' എന്ന വിഷയത്തിൽ പൊതുപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തിൽ വർഗീയ ചേരിതിരിവ് സൃഷ്ടിച്ച് അതിലൂടെ രാഷ്ട്രീയ ലാഭമുണ്ടാക്കാനാവുമെന്ന ദുഷ്ടലാക്കിന് തെളിവായി സി.പി.എം നടത്തുന്ന ഓരോ നീക്കങ്ങളും തെളിവായി മാറുകയാണ്. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെ ആത്മവിശ്വാസം തകർക്കാനും ഭയപ്പെടുത്തി സമൂഹത്തെ അപരവത്കരിക്കാനും അതുവഴി സങ്കുചിത താൽപര്യങ്ങൾ സംരക്ഷിക്കാനും രാജ്യത്ത് ശ്രമങ്ങൾ നടക്കുന്നു.
വൈവിധ്യങ്ങളാൽ സമ്പന്നമായ മതേതര ജനാധിപത്യ ഇന്ത്യയുടെ പൈതൃകം സംരക്ഷിക്കാനും ഭിന്നിപ്പിന്റെ ശക്തികളിൽനിന്ന് രാജ്യത്തെ തിരിച്ചുപിടിക്കാനും സമൂഹത്തെ തയാറാക്കേണ്ടതുണ്ട്. സഹജീവി സ്നേഹത്തിന്റെയും പരസ്പര സാഹോദര്യത്തിന്റെയും ഇടങ്ങളായി നമ്മുടെ രാഷ്ട്രീയ മേഖലയെ തിരിച്ചുകൊണ്ടുവരാൻ കൂട്ടായ പരിശ്രമം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിന്റെ നല്ല ഭാവിക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതും സംഘ്പരിവാറിന് പരവതാനി വിരിക്കുന്നതുമായ സമീപനങ്ങൾ തുടർച്ചയായി സി.പി.എം കേരളത്തിൽ സ്വീകരിച്ചുവരികയാണ്. കേരളത്തിന്റെ മഹത്തായ സാമൂഹിക രാഷ്ട്രീയ അന്തരീക്ഷം തകർക്കുന്നതിനെതിരെ യോജിച്ച പ്രവർത്തനങ്ങൾ വേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.പി.എ. കരീം താമരശ്ശേരി പരിപാടി ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് നാസർ നടുവിൽ അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി യാംബു ഏരിയ പ്രസിഡന്റ് സിദ്ധീഖുൽ അക്ബർ ആശംസ നേർന്നു.
'ഗോൾഡൻ അച്ചീവ്മെന്റ് അവാർഡ് ദുബൈ-കേരള 2024' നേടിയ യാംബുവിലെ സിറാജ് മുസ്ലിയാരകത്തിനുള്ള ഉപഹാരവും കെ.എം.സി.സി സുരക്ഷാ പദ്ധതി കോഓർഡിനേറ്റർമാർക്കുള്ള അംഗീകാര പത്രവും അഡ്വ. ഷിബു മീരാൻ ചടങ്ങിൽ വിതരണം ചെയ്തു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി നിയാസ് പുത്തൂർ സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി അബ്ദുൽ കരീം പുഴക്കാട്ടിരി നന്ദിയും പറഞ്ഞു.
അർഷദ് പുളിക്കൽ, അബ്ദുൽ ഹമീദ് കൊക്കച്ചാൽ, അഷ്റഫ് കല്ലിൽ, മാമുക്കോയ ഒറ്റപ്പാലം, അബ്ദുറസാഖ് നമ്പ്രം, അഹ്മദ് ഫസൽ എ.ആർ നഗർ, അബ്ദുൽ അസീസ് കടുപ്പയിൽ, അലിയാർ മണ്ണൂർ, ബഷീർ താനൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.