വ്യാജ ഹജ്ജ് കാമ്പയിനുകളെയും സൈറ്റുകളെയും കരുതിയിരിക്കണം - ഹജ്ജ് ഉംറ മന്ത്രാലയം
text_fieldsജിദ്ദ: ഹജ്ജിന് ആഗ്രഹിക്കുന്നവർ വ്യാജ ഹജ്ജ് കാമ്പയിനുകളിലും വെബ്സൈറ്റുകളിലും ഇരയാകുന്നത് കരുതിയിരിക്കണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. മന്ത്രാലയത്തിന്റെ അംഗീകൃത വെബ്സൈറ്റിലൂടെയും ആഭ്യന്തര തീർഥാടകർക്കുള്ള ആപ്ലിക്കേഷനായ ‘നുസ്കി’ലൂടെയും മാത്രമെ ഇടപാടുകൾ നടത്താവൂ. അംഗീകൃത ഔദ്യോഗിക സൈറ്റുകളെ ആശ്രയിക്കുന്നത് ഹജ്ജ് ചെയ്യാനുള്ള അവസരം ഉറപ്പുനൽകും. ഇത് യാത്രയിലുടനീളം തീർഥാടകരുടെ അവകാശങ്ങൾ സംരക്ഷിക്കും. അംഗീകൃത ചാനലുകൾ ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഹജ്ജ് ഉംറ മന്ത്രാലയം പറഞ്ഞു.
പല രാജ്യങ്ങളിലും ആളുകളെ വഞ്ചിക്കാൻ സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റുകളിലൂടെ ഹജ്ജ് സേവനങ്ങൾ പരസ്യപ്പെടുത്തുന്നുണ്ട്. എന്നാൽ സൗദിയിലെ ബന്ധപ്പെട്ട വകുപ്പുകൾ നൽകുന്ന ഹജ്ജ് വിസ നേടിയാൽ മാത്രമെ ഹജ്ജ് നിർവഹിക്കാൻ കഴിയൂ. വിവിധ രാജ്യങ്ങളിലെ ഹജ്ജ് കാര്യ ഓഫിസുകളുമായി ഏകോപിച്ചും ഔദ്യോഗിക ഹജ്ജ് ഓഫിസുകളില്ലാത്ത രാജ്യങ്ങളിൽ ‘ഹജ്ജ് നുസ്ക്’ പ്ലാറ്റ്ഫോം വഴിയുമാണ് ഹജ്ജ് വിസകൾ നൽകുന്നത്. ആകർഷകമായ രൂപക്ക് ഹജ്ജ് സംഘടിപ്പിക്കുമെന്ന് അവകാശപ്പെടുന്ന സോഷ്യൽ നെറ്റ്വർക്കുകളിലെ വ്യാജ അക്കൗണ്ടുകൾക്ക് പുറമെ കമ്പനികളുടെ കാമ്പയിനുകളും പരസ്യങ്ങളും ഹജ്ജ് ഉംറ മന്ത്രാലയം നിരീക്ഷിച്ചിട്ടുണ്ട്. ഇത്തരം പ്രചാരണങ്ങളിൽ പെട്ടുപോകുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം പറഞ്ഞു. ഇറാഖിലെ ഹജ്ജ്, ഉംറ സുപ്രീം അതോറിറ്റി 25ലധികം വ്യാജ ഹജ്ജ് കമ്പനികൾ പിടികൂടിയതിനെ ഹജ്ജ് ഉംറ മന്ത്രാലയം അഭിനന്ദിച്ചു. വ്യാജ ഹജ്ജ് കമ്പനികളെ ചെറുക്കുന്നതിൽ എല്ലാ രാജ്യങ്ങളും നടത്തുന്ന ശ്രമങ്ങൾ അഭിനന്ദനാർഹമാണെന്നും ഹജ്ജ് ഉംറ മന്ത്രാലയം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.