വ്യാജ ഹജ്ജ് സേവന സ്ഥാപനങ്ങളെ സൂക്ഷിക്കുക -ഹജ്ജ് ഉംറ മന്ത്രാലയം
text_fieldsജിദ്ദ: വ്യാജ ഹജ്ജ് സേവന സ്ഥാപനങ്ങളെ കരുതിയിരിക്കണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം. വ്യാജ അക്കൗണ്ടുകൾക്കും ഹജ്ജ് സേവനങ്ങൾ നൽകുമെന്ന് അവകാശപ്പെടുന്ന ആളുകൾക്കും എതിരെയാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തിനുള്ളിലെ പൗരന്മാരും താമസക്കാരും 'ഇഅ്തമർനാ' ആപ്ലിക്കേഷനിലൂടെയും https://localhaj.haj.gov.sa എന്ന ലിങ്ക് വഴിയുമാണ് ഹജ്ജിന് അപേക്ഷിക്കേണ്ടത്.
നിരവധി വ്യാജ അക്കൗണ്ടുകളും ഹജ്ജ് സേവനങ്ങൾ നൽകുമെന്ന് അവകാശപ്പെടുന്ന ആളുകളുടെ തെറ്റായ കോൺടാക്റ്റ് നമ്പറുകളും നിരീക്ഷിച്ച് മനസിലാക്കിയിട്ടുണ്ട്. ഈ വ്യാജന്മാർ വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും ഔദ്യോഗിക രേഖകളും ചോദിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും വരുന്ന ഔദ്യോഗിമല്ലാത്ത പരസ്യങ്ങളിൽ ആരും വഞ്ചിതരാകരുത്.
ഹജ്ജ് നിർവഹിക്കാൻ അനുമതി നൽകുന്നുവെന്ന് അവകാശപ്പെടുന്ന ഏതെങ്കിലും ഓഫീസിനെയോ കമ്പനിയെയോ വ്യക്തിയെയോ കുറിച്ച് ശ്രദ്ധയിൽപ്പെട്ടാൻ ഉടൻ വിവരം അറിയിക്കണം. ആഭ്യന്തര തീർഥാടകർക്ക് രജിസ്ട്രേഷന് ഇലക്ട്രോണിക് പോർട്ടൽ ഒരുക്കിയിട്ടുണ്ട്. സുതാര്യത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. അംഗീകൃത ആഭ്യന്തര തീർഥാടക കമ്പനികളുടെയും സ്ഥാപനങ്ങളുടെയും സേവനങ്ങൾ ബുക്ക് ചെയ്യുന്നതിനുള്ള ഏക ജാലകമാണിത്.
ആഭ്യന്തര തീർഥാടകർക്കുള്ള ഹജ്ജ് രജിസ്ട്രേഷൻ അടുത്ത ശനിയാഴ്ച അവസാനിക്കും. അതിനുശേഷം സ്‌ക്രീനിങ് ഫലം പ്രഖ്യാപിക്കും. മന്ത്രാലയത്തിലെ നിരീക്ഷണ, ഫോളോ അപ്പ് കമ്മിറ്റികൾ എല്ലാ നിയമലംഘനങ്ങളും അനധികൃത പ്രചാരണങ്ങളും നിരീക്ഷിക്കുന്നുണ്ട്. നിയമം ലംഘിക്കുന്നവർക്കെതിരെ സുരക്ഷാ അധികൃതരുമായി സഹകരിച്ച് നിയമനടപടികൾ സ്വീകരിക്കുമെന്നും ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.