ചതിക്കുഴികൾക്കെതിരെ ജാഗ്രത പാലിക്കുക
text_fieldsആടുജീവിതം എപ്പോഴും നടന്നുകൊണ്ടിരിക്കുന്ന ചതിയിൽപെട്ടവരുടെ ജീവിതമാണ്. 17 വർഷങ്ങൾക്ക് മുമ്പ് ആടുജീവിത ദുരിതത്തിൽനിന്ന് രക്ഷപ്പെട്ട ഒരു കോഴിക്കോട്ടുകാരൻ നമ്മുടെ ബാച്ചിലർ റൂമിൽ വന്ന് അവന്റെ ദുരിതകഥ പറഞ്ഞതുകേട്ട് കരഞ്ഞുപോയത് ഇന്നും ഓർക്കുന്നു. വിസ ഏജന്റുമാർ നൽകുന്ന വിസയിലെത്തി ദുരിതത്തിൽ അകപ്പെടുക മാത്രമല്ല; ഗൾഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ വന്നിറങ്ങുന്ന ഓരോ മനുഷ്യനെയും ഈ ചതിക്കുഴി കാത്തിരിപ്പുണ്ട്.
വിമാനത്തിൽ വന്നിറങ്ങുന്നവരെ ലക്ഷ്യമിട്ട് വിമാനത്താവള ഗേറ്റിന് പുറത്ത് ചിലയാളുകൾ എപ്പോഴും വലവിരിച്ചിരിപ്പുണ്ട്. ആദ്യമായി ഗൾഫിൽ വന്നിറങ്ങുന്നവരെ അവർ ലക്ഷ്യമിടുന്നു. ഒറ്റപ്പെട്ടവനും അന്ധാളിച്ചു സ്വന്തം കഫീലിനെ കാത്തിരിക്കുന്നവനെയും അവർ തിരിച്ചറിയുന്നു. അവന്റെ കഫീലെന്ന വ്യാജേന അവനെ സമീപിച്ചു വാഹനത്തിൽ കയറ്റുന്നു. പിന്നെ രക്ഷപ്പെടാൻ പഴുതുകളില്ലാത്ത ദുരിതജീവിതത്തിലേക്ക് അവൻ അകപ്പെട്ടു കഴിഞ്ഞു.
ഗൾഫിൽ കാൽ കുത്തുന്ന ഓരോരുത്തരും ഈ ചതിക്കുഴി മനസ്സിലാക്കണം. ഏത് വിസ തന്നെ ആയാലും വിമാനത്താവളത്തിന് പുറത്ത് ശ്രദ്ധപുലർത്തണം. യാത്രാസൗകര്യം വാഗ്ദാനം ചെയ്യുന്ന ആരുടെയും കാറിൽ കയറരുത്. ഔദ്യോഗിക ടാക്സികളിൽ മാത്രം സഞ്ചരിക്കുക. ആദ്യമായി വരുന്നയാളാണെങ്കിൽ എയർപോർട്ടിൽ സ്വീകരിക്കുവാൻ സ്വന്തക്കാരുടെ സഹായം തേടുക. ഒരു അശ്രദ്ധ മതി ആടുജീവിതം എന്ന ദുരിതം നമ്മുടെ ജീവിതത്തിൽ സംഭവിക്കുവാൻ. രക്ഷപ്പെട്ടവരുടെ കഥകളാണ് നമ്മൾ കേട്ടത്. ഇപ്പോഴും ദുരിതജീവിതം അനുഭവിക്കുന്നവരുടെയും കൊല്ലപ്പെട്ടവരുടെയും ഒരു ശബ്ദം കേൾക്കുവാൻ കാത്തിരിക്കുന്ന മാതാപിതാക്കളുണ്ട്, ഭാര്യമാരുണ്ട്, മക്കളുണ്ട് ഈ ലോകത്തിന്റെ പലഭാഗങ്ങളിലും!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.