സൗദി സിനിമ വ്യവസായത്തിന് വൻ കുതിപ്പ്; വരുമാനം 53.5 കോടി റിയാൽ കവിഞ്ഞു
text_fieldsയാംബു: സൗദി അറേബ്യയിൽ സിനിമാ വ്യവസായത്തിന് വൻ കുതിപ്പ്. രാജ്യത്ത് സിനിമാനിർമാണവും പ്രദർശനവും പുനരാരംഭിച്ച് അഞ്ചുവർഷത്തിനുള്ളിൽ ഈ വ്യവസായരംഗത്തെ മൊത്തം വിറ്റുവരുമാനം 53.5 കോടി റിയാൽ കവിഞ്ഞെന്ന് ദ ജനറൽ കമീഷൻ ഫോർ ഓഡിയോവിഷ്വൽ മീഡിയ (ജി.സി.എ.എം) അറിയിച്ചു. സൗദിയിലെ സാമൂഹിക ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി സിനിമ മേഖല വളർന്നുവന്ന കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഒരു കോടിയിലധികം സിനിമ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. 35 വർഷത്തെ നിരോധനത്തിനൊടുവിൽ 2018 ഏപ്രിൽ 18നാണ് സൗദി അറേബ്യയിൽ സിനിമാപ്രദർശനം പുനരാരംഭിച്ചത്. റിയാദ് കിങ് അബ്ദുല്ല ഫിനാൻഷ്യൽ സിറ്റിയിലെ എ.എം.സി സിനിമ തിയറ്ററിൽ ബ്ലാക്ക് പാന്തർ എന്ന സിനിമയുടെ പ്രദർശനത്തോടെയായിരുന്നു സൗദിയിലേക്ക് സിനിമയുടെ മടങ്ങിവരവ്.
സൗദിയുടെ സമ്പൂർണ വികസന പദ്ധതിയായ ‘സൗദി വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി നല്ല വേഗത്തിലാണ് സിനിമാ വ്യവസായവും വളരുന്നതെന്ന് കമീഷൻ വ്യക്തമാക്കി. സൗദിയിലുള്ള 69 സിനിമ തിയറ്ററുകളിലെ സീറ്റുകളുടെ എണ്ണം 64,000 കവിഞ്ഞു. രാജ്യത്തെ 20ലധികം നഗരങ്ങളിലായി ഏഴ് അന്താരാഷ്ട്ര കമ്പനികളാണ് സിനിമ തിയറ്ററുകൾ ഓപറേറ്റ് ചെയ്യുന്നത്. വോക്സ് സിനിമാസും മൂവി സിനിമാസുമാണ് ഇതിൽ പ്രധാന എക്സിബിറ്റേഴ്സ്. ഇതിനകം സൗദിയിൽ നിർമിച്ച 33ലേറെ സിനിമകളും പ്രദർശനത്തിനെത്തി. സൗദി സിനിമകളുടേതായി മാത്രം 12 ലക്ഷത്തിലധികം ടിക്കറ്റുകൾ വിൽക്കുകയും വരുമാനം 8.4 കോടി റിയാൽ കവിഞ്ഞതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ഈ വർഷം രണ്ടാം പാദത്തിൽ സൗദി സിനിമ മേഖല 28 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. വാണിജ്യ മന്ത്രാലയത്തിന്റെ ബിസിനസ് സെക്ടർ ബുള്ളറ്റിനിലാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. സിനിമ, വിനോദം, കല എന്നിവയിലെ നിയമ ലംഘനങ്ങളിൽ സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിക്ക് വ്യക്തമായ നിലപാടും വ്യവസ്ഥകളും ഉണ്ട്. അതോറിറ്റി പിന്തുടരുന്ന രീതിശാസ്ത്രത്തിനും ചട്ടങ്ങൾ അംഗീകരിക്കുന്നവർക്കും മാത്രമേ ലൈസൻസ് അനുവദിക്കുന്നുള്ളൂ.
വമ്പിച്ച തോതിൽ വരുമാനമുണ്ടാക്കാനും ആയിരക്കണക്കിന് സ്വദേശി യുവതീയുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാനും രാജ്യത്തെ തിയറ്ററുകൾ തുറക്കാൻ കഴിഞ്ഞതും വമ്പിച്ച നേട്ടമായതായി വിലയിരുത്തുന്നു. 2030 വിഷൻ പദ്ധതിയുടെ ഭാഗമായി വിനോദത്തിന് വേണ്ടി രാജ്യം മാറ്റിവെച്ചത് 267 കോടി ഡോളറാണ്. സൗദി പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടിൽനിന്നാണ് ഇത്രയും വലിയ തുക ചെലവിടുന്നത്. സൗദിയിലുള്ളവർ വിദേശ രാജ്യങ്ങളിൽ വിനോദ പരിപാടികൾക്കായി ഓരോ വർഷവും 2,000 കോടി ഡോളർ ചെലവിടുന്നുണ്ടെന്നാണ് ചില കണക്കുകൾ വ്യക്തമാക്കുന്നത്. വിദേശത്ത് ചെലവഴിക്കുന്ന തുക സ്വന്തം രാജ്യത്തിനുതന്നെ കിട്ടുന്ന സാഹചര്യം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് കലാസാംസ്കാരിക-സിനിമ മേഖലയിൽ പുതിയ ചുവടുവെപ്പിന് സൗദി ഭരണകൂടം മുന്നോട്ടുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.