'പ്രവാചകൻ മൂസ ആടുകൾക്ക് വെള്ളം കൊടുത്ത കിണർ'; സന്ദർശക പ്രവാഹത്തിൽ നിറഞ്ഞ് 'ബിഅ്റു മൂസ'
text_fieldsതബൂക്ക്: പ്രവാചകൻ മൂസ ആടുകൾക്ക് വെള്ളം കൊടുത്തതെന്ന് പറയപ്പെടുന്ന കിണർ കാണാൻ അവധി ദിനങ്ങളിൽ ധാരാളം സന്ദർശകരെത്തുന്നു. തബൂക്ക് പ്രവിശ്യയിലെ മഖ്നക്ക് സമീപത്തെ അൽ ബിദ്അയിലെ മദിയൻ ശുഐബിൻെറ എതിർവശത്ത് ഒരു കിലോമീറ്റർ പരിധിയിലാണ് ചരിത്രത്തിൽ ഇടം പിടിച്ച 'ബിഅറു മൂസ' എന്ന് അറബിയിൽ അറിയപ്പെടുന്ന മൂസയുടെ കിണർ സ്ഥിതി ചെയ്യുന്നത്. അഖ്ൽ റോഡിൽ അൽ ബിദ്അ നഗരകേന്ദ്രം കഴിഞ്ഞാലുടൻ വലതു വശത്തുള്ള വീതി കുറഞ്ഞ റോഡിലൂടെ മുന്നോട്ടു പോയാൽ ഈ പ്രദേശത്തെത്താം.
ഫറോവയുടെ പിടിയിൽനിന്ന് രക്ഷപ്പെടാൻ ദൈവം പ്രവാചകൻ മൂസയോട് (ബൈബിളിലെ മോസസ് പ്രവാചകൻ) പോകാൻ പറഞ്ഞ ദേശമായ 'മദ്യൻ' ആണിത്. നാഗരികത മുറ്റി നിൽക്കുന്ന ഈജിപ്തിൽനിന്ന് അന്ന് അത്രത്തോളം നാഗരികമല്ലാത്ത മദ്യനിലേക്ക് പോയാൽ ഫറോവൻെറ ശ്രദ്ധയിൽ പെടില്ലായിരുന്നു. മാത്രമല്ല മദ്യൻ അന്ന് ഒരു സ്വതന്ത്രനാട് കൂടിയായിരുന്നു. ഫറോവയുടെ ഏകാധിപത്യഭരണംപോലെ ഒന്ന് അവിടെയില്ല. ഈജിപ്തിൽനിന്ന് ഉത്കണ്ഠയോടെ മദ്യനിലെത്തിയ മൂസ 'എൻെറ നാഥൻ എന്നെ നേർവഴിക്ക് നയിച്ചേക്കും' എന്ന ആത്മവിശ്വാസത്തോടെയും പ്രാർഥനയോടെയുമാണ് മണൽ വഴികൾ പിന്നിട്ട് സഞ്ചാരം നടത്തിയത്.
ദൈവംതന്നെ കൈവെടിയില്ലെന്ന ഉറച്ച വിശ്വാസത്തോടെ നീങ്ങുന്നതിനിടയിലാണ് കുറച്ചാളുകൾ അവരുടെ ആട്ടിൻപറ്റങ്ങൾക്കും കന്നുകാലികൾക്കും വെള്ളം കോരിക്കൊടുക്കുന്ന കിണർ അദ്ദേഹത്തിെൻറ ശ്രദ്ധയിൽ പെട്ടത്. രണ്ടു പെൺകുട്ടികൾ തങ്ങളുടെ ആടുകൾക്ക് വെള്ളം കുടിപ്പിക്കാനുള്ള ഊഴവും കാത്ത് ഒരിടത്ത് മാറി നിൽക്കുന്നതും അന്നേരം മൂസയുടെ ദൃഷ്ടിയിൽ പതിഞ്ഞു.
മൂസ പെൺകുട്ടികളോട് കാര്യങ്ങൾ തിരക്കി. 'ആളുകൾ ഒഴിഞ്ഞു പോകാതെ ഞങ്ങൾക്ക് ആടുകൾക്ക് വെള്ളം കുടിപ്പിക്കാൻ കഴിയില്ല. അവർ ശക്തരും ഞങ്ങൾ ബലഹീനരുമാണ്. ഞങ്ങളുടെ പിതാവ് വൃദ്ധനാണ്' ഇതായിരുന്നു അവരുടെ മറുപടി. കരുണയുള്ള മൂസ അവരുടെ ആടുകൾക്ക് നിഷ്പ്രയാസം വെള്ളം കോരിക്കൊടുത്തു.
സാധാരണ ആടുകളുമായി വീട്ടിലെത്തുന്ന സമയത്തിനു മുമ്പ് പെൺകുട്ടികൾ വീട്ടിലെത്തിയപ്പോൾ അവരുടെ പിതാവായ പ്രവാചകൻ ശുഐബ് കാര്യങ്ങൾ അന്വേഷിച്ചു. പെൺകുട്ടികൾ മൂസ സഹായിച്ച വിവരം പറഞ്ഞു. അദ്ദേഹത്തെ വീട്ടിലേക്ക് അതിഥിയായി ക്ഷണിച്ചു കൊണ്ടു വരാൻ പിതാവ് ഒരു മകളെ പറഞ്ഞയച്ചു. ക്ഷണം സ്വീകരിച്ച് ശുഐബ് നബിയുടെ വീട്ടിലെത്തിയ മൂസയോട് മദ്യനിലെത്താനുണ്ടായ സാഹചര്യം ചോദിച്ചു. കഥയെല്ലാം വിവരിച്ച മൂസയോട് അദ്ദേഹം പറഞ്ഞു 'നീ ഭയപ്പെടേണ്ടതില്ല; അക്രമികളായ ജനതയിൽനിന്ന് നീ രക്ഷപ്പെട്ടല്ലോ'. അതിഥിയായി സ്വീകരിച്ച മൂസ വിശ്വസ്തനും ശക്തനുമാണ് എന്ന് ബോധ്യപ്പെട്ട ശുഐബ് പിന്നീട് തൻെറ ഒരു മകളെ അദ്ദേഹത്തിന് വിവാഹം ചെയ്തു കൊടുത്തു.
ചുരുങ്ങിയത് എട്ടു വർഷമെങ്കിലും തനിക്കുവേണ്ടി ജോലി ചെയ്തു കഴിയണമെന്ന വിവാഹ മൂല്യം ഉപാധിയായി സ്വീകരിച്ചാണ് വിവാഹം നടന്നത്. മൂസ വെള്ളം കോരിക്കൊടുത്തതെന്ന് പറയപ്പെടുന്ന ഈ കിണർ ഇപ്പോഴും അതിൻെറ പഴമ നില നിർത്തി മദ്യനിൽ ഉണ്ട്. സന്ദർശകർക്ക് ഇതു കാണുമ്പോൾ പ്രവാചകൻ മൂസ മദ്യനിലെത്തിയ ചരിതം മനോമുകുരങ്ങളിലേക്ക് ഓടിയെത്തും. 10 വർഷത്തോളം ആടുകളെ മേച്ച് മദ്യനിൽ മൂസ കഴിഞ്ഞു. അദ്ദേഹം ആടു മേച്ചിരുന്ന സ്ഥലവും പരിസരവും ഇന്നും ഇവിടെ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. ആടുകൾക്ക് വെള്ളം കൊടുത്തിരുന്ന പച്ച പിടിച്ചു നിൽക്കുന്ന ഈ ഭാഗത്ത് 'അയ്ൻ മൂസ' എന്ന പേരിലുള്ള നീരുറവയിൽ സുലഭമായി ഇപ്പോഴും വെള്ളം ലഭിക്കുന്നു. ഈ പ്രകൃതി രമണീയമായ പ്രദേശവും സഞ്ചാരികൾക്ക് അവാച്യമായ കാഴ്ച ഭംഗിയാണ് ഒരുക്കുന്നത്.
10 വർഷം മദ്യനിൽ കഴിഞ്ഞ മൂസ പിന്നീട് ഭാര്യയെയും കൂട്ടി ഈജിപ്തിലേക്ക് മടങ്ങുമ്പോഴാണ് സീന പർവതത്തിൽ വെച്ച് അദ്ദേഹത്തിന് ദിവ്യവെളിപാട് ലഭിക്കുകയും പ്രവാചകനായി അല്ലാഹു മൂസയെ നിയുക്തനാക്കുകയും ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.