സ്കൂട്ടറിൽ ലോകം ചുറ്റാനിറങ്ങിയ ബിലാലും അഫ്‌സലും റിയാദിൽ
text_fieldsറിയാദ്: ഒരു വർഷം മുമ്പ് ബജാജ് ചേതക് സ്കൂട്ടറിൽ ലോകം ചുറ്റാനിറങ്ങിയ മലയാളികളായ ബിലാലും അഫ്‌സലും സവാരിക്കിടെ റിയാദിൽ എത്തി. കെ.എൽ. 14 എ.ബി. 3410 എന്ന കേരള രജിസ്ട്രേഷൻ നമ്പറിലുള്ള 2000 മോഡൽ ബജാജ് ചേതക്കിൽ സാഹസിക സവാരിക്ക് പുറപ്പെട്ട ഈ യുവാക്കൾ കാസർകോട് നായ്മർ മൂല സ്വദേശികളാണ്. ഇബ്രാഹീം ബിലാലിന് 21ഉം, മുഹമ്മദ് അഫ്‌സലിന് 22ഉം വയസ് ആണ് പ്രായം.
കഴിഞ്ഞ വർഷം നവംബറിൽ കാസർകോട്ട് നിന്ന് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ പതാക വീശി ഉദ്ഘാടനം ചെയ്ത യാത്ര 16,800 കിലോമീറ്റർ താണ്ടിയാണ് റിയാദിൽ എത്തിയിരിക്കുന്നത്. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും ഇരുചക്രത്തിൽ ചുറ്റി സഞ്ചരിച്ച ശേഷം വിമാന മാർഗം ദുബൈയിലെത്തി. സ്കൂട്ടർ കപ്പലിലും ദുബൈയിൽ എത്തിച്ചു. ശേഷം വീണ്ടും ഇരുചക്രമേറി യു.എ.ഇ പൂർണമായും ചുറ്റിയടിച്ചു. റോഡ് മാർഗം സ്കൂട്ടറോടിച്ച് സൗദി അറേബ്യയിലേക്ക് കടന്നു. കിഴക്കൻ പ്രവിശ്യയിലെ അൽ-അഹ്സ വഴിയാണ് റിയാദിൽ എത്തിയത്. യാത്രകൾക്ക് പലരും ഏറ്റവും പുതിയ സംവിധാനങ്ങളുള്ള മുന്തിയ വാഹനങ്ങൾ തെരഞ്ഞെടുക്കുന്ന സമയത്ത്ത്‍ വളരെ പഴയൊരു ഇരുചക്ര വാഹനം തെരഞ്ഞെടുക്കാൻ ഇവരെ പ്രേരിപ്പിച്ചത് പലരെയും അദ്ഭുതപ്പെടുത്തുന്നുണ്ടെന്ന് യുവാക്കൾ പറയുന്നു.
പ്ലസ്ടു പഠനം കഴിഞ്ഞ ബിലാലും എ.സി. മെക്കാനിക്ക് പരിശീലനം പൂർത്തീകരിച്ച അഫ്സലും ഒരു വലിയ സ്വപ്നത്തിന്റെ സാഫല്യം തേടിയാണ് ഇരുചക്ര വാഹനത്തിൽ കയറി പുറപ്പെട്ടത്. മലയാളികളുടെ ഇരുചക്ര സവാരിയിൽ നൊസ്റ്റാൾജിയ പോലെ നിലകൊള്ളുന്ന ബജാജ് ചേതക്കിൽ എന്തുകൊണ്ട് ലോകം ചുറ്റി കണ്ടുകൂടാ എന്ന ചിന്തയാണ് ഈ സാഹസപ്രവൃത്തിക്ക് അവരെ പ്രേരിപ്പിച്ചത്.
യാത്രക്ക് മുമ്പ് ബജാജ് ചേതക് സ്കൂട്ടറുമായി ബന്ധപ്പെട്ട അത്യാവശ്യം അറ്റകുറ്റപ്പണികളെ പറ്റി ഇവർ പരിശീലനം നേടി. വണ്ടി കേടായി വഴിയിൽ കിടക്കാൻ പാടില്ലല്ലോ. എന്നാലും പഴയ വാഹനം തെരഞ്ഞെടുക്കുമ്പോൾ ഇടക്ക് പണിമുടക്കുമോ എന്നൊരു ഭയം ഇരുവർക്കുമുണ്ടായിരുന്നു. എന്നാൽ 16,800 കിലോമീറ്റർ യാത്ര ചെയ്ത് കഴിഞ്ഞപ്പോൾ അവർക്ക് ആത്മവിശ്വാസമായി. ഇതിനിടയിൽ ഒരു തടസ്സവും വാഹനത്തിൽ നിന്ന് നേരിടേണ്ടി വന്നില്ല. ഇടക്ക് ക്ലച്ചും പ്ലക്കും മാറിയെന്നതൊഴിച്ചാൽ ബജാജ് ചേതക്ക് പുലിയെന്നാണ് യുവാക്കളുടെ ഭാഷ്യം.
യാത്രക്കിടയിൽ ഒരു തവണ ഇരു ടയറുകളും മാറ്റിയിരുന്നു. ആവശ്യം വന്നാൽ ഉപയോഗിക്കാൻ ഒരു ടയർ കൂടെ കരുതിയിട്ടുണ്ട്. ദിവസം 300 മുതൽ 350 കിലോമീറ്റർ വരെയാണ് യാത്രചെയ്യുക. പഴയ വാഹനം എന്നതിനാൽ 80 മുതൽ 100 കിലോമീറ്റർ വരെ വേഗതയിൽ മാത്രമേ യാത്രചെയ്യാനാകൂ. യു.എ.ഇയിലോ സൗദിയിലോ ഒരു തരത്തിലുമുള്ള യാത്രാതടസ്സങ്ങൾ ഉണ്ടായില്ലെന്നും അതിർത്തികളിൽ സ്‌നേഹപൂർണമായ സമീപനമായിരുന്നെന്നും അഫ്സൽ പറഞ്ഞു.
പഴയ വാഹനം എന്നതിനാൽ ആറ് ലിറ്റർ പെട്രോൾ മാത്രമേ അടിക്കാൻ കഴിയൂവെന്നും അഞ്ചു ലിറ്റർ കൂടെ കരുതിയുമാണ് യാത്രയെന്നും അവർ പറഞ്ഞു. ദമ്മാം, ജിദ്ദ, അബഹ, മക്ക, മദീന തുടങ്ങിയ പട്ടണങ്ങൾ സന്ദർശിച്ച ശേഷം ഖത്തർ, ബഹ്‌റൈൻ, കുവൈത്ത്, ജോർഡാൻ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ച് ആഫ്രിക്കൻ വൻകരയിലേക്ക് കടക്കും. എമിറേറ്റ് ഫസ്റ്റ് എന്ന കമ്പനിയാണ് ഇവരുടെ യാത്ര സ്‌പോൺസർ ചെയ്യുന്നത്. വീട്ടുകാരിൽനിന്നും സുഹൃത്തുക്കളിൽനിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നതെന്നും യാത്രക്ക് അത് കൂടുതൽ പ്രോത്സാഹനമാകുന്നുണ്ടെന്നും ബിലാലും അഫ്സലും 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. തങ്ങൾക്കും വാഹനത്തിനും ഒരേ പ്രായമാണെന്നും ഇവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.