ശ്രദ്ധാകേന്ദ്രമായി ബിൽ ഗേറ്റ്സ്
text_fieldsആഗോള വികസന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിലും ഏറ്റവും ദുർബലരായ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിലും നവീകരണത്തിന്റെ നിർണായക പങ്കിനെ ഊന്നിപ്പറഞ്ഞാണ് വിശ്വപ്രസിദ്ധ വ്യവസായി ബിൽ ഗേറ്റ്സ് സദസ്സിനെ അഭിസംബോധന ചെയ്തത്.
സുസ്ഥിരമായ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള അടിത്തറയായി സാങ്കേതികവിദ്യയിലും വിദ്യാഭ്യാസത്തിലും നിക്ഷേപം നടത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു.
ഇത്തരം നിക്ഷേപങ്ങൾ ഭാവിതലമുറയെ അവരുടെ സമൂഹങ്ങളെ ക്രിയാത്മകമായി സ്വാധീനിക്കാൻ പ്രാപ്തരാക്കുന്നുവെന്നും ആഗോള വിദ്യാഭ്യാസത്തിനും പൗരത്വ പ്രശ്നങ്ങൾക്കും നൂതനമായ പരിഹാരങ്ങൾ നിർദേശിക്കാനും സർഗാത്മകത വളർത്താനും ലോകമെമ്പാടുമുള്ള മിടുക്കരായ മനസ്സുകളെ അടിച്ചമർത്തുന്ന വികസന വെല്ലുവിളികളെ നേരിടാൻ യുവാക്കളെ പ്രചോദിപ്പിക്കാനും താൻ ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
യുവാക്കളുടെ കഴിവുകൾ വർധിപ്പിക്കുന്നതിലും നവീകരണവും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ‘മിസ്ക് ഗ്ലോബൽ ഫോറം 2024’ പോലുള്ള സംരംഭങ്ങളെ ഉദ്ധരിച്ച് യുവാക്കളെ ശാക്തീകരിക്കുന്നതിൽ സൗദി അറേബ്യയുടെ നേതൃത്വത്തെ ഗേറ്റ്സ് പ്രശംസിച്ചു.
അനുകരണത്തിന് അർഹമായ ആഗോള മാതൃകയാണിതെന്ന് അദ്ദേഹം ഫോറത്തെ വിശേഷിപ്പിച്ചു. നിലവിലെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന സംയുക്ത പരിഹാരങ്ങൾ വികസിപ്പിക്കുന്നതിന് അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൂടുതൽ സുസ്ഥിരമായ ഭാവി കൈവരിക്കുന്നതിന് സർഗാത്മകത, സംഘടിത ശ്രമം, കൂട്ടായ ചിന്ത എന്നിവയെ പരിപോഷിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തിന് ഗേറ്റ്സ് അടിവരയിട്ടു.
ഒരു ബിസിനസ് നടത്താനുള്ള നിങ്ങളുടെ അഭിനിവേശം പ്രാവർത്തികമാക്കാൻ നിങ്ങൾ വഴിവെട്ടുന്നില്ലെങ്കിൽ അത് നിങ്ങളുടെ ഒരു ഹോബി മാത്രമായി കരുതണമെന്ന് പാനൽ ചർച്ചയിൽ മറ്റൊരു വ്യവസായി എസ്സ ബെഹ്ബെഹാനി പറഞ്ഞു. ആപ്പിളിന്റെ സഹസ്ഥാപകനും ആധുനിക കമ്പ്യൂട്ടിങ് യുഗത്തിന്റെ തുടക്കക്കാരനുമായ സ്റ്റീവ് വോസ്നിയാക്, ‘മി മൈ സെൽഫ് ആൻഡ് എ.ഐ’ എന്ന വിഷയത്തിൽ സദസ്സിനെ പ്രചോദിപ്പിക്കുന്ന പ്രഭാഷണം നടത്തി.
ചെറുപ്പക്കാരും ആഗോള സാങ്കേതിക തൽപരരും നിറഞ്ഞ സദസ്സിനോട് സംസാരിച്ച വോസ്നിയാക്, കൃത്രിമബുദ്ധി, സർഗാത്മകത, സാങ്കേതികവിദ്യയിലെ നൈതികതയുടെ പ്രാധാന്യം എന്നിവയെക്കുറിച്ചുള്ള തന്റെ ഉൾക്കാഴ്ചകൾ പങ്കിട്ടു. ദ്വിദിന സമ്മേളനം ഉപകാരപ്രദവും ഭാവിയിലേക്കുള്ള വഴി തെളിയിക്കുന്നതുമായിരുന്നെന്ന് പങ്കെടുത്തവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.