ബിൽക്കീസ് ബാനു വിധി നീതിപീഠത്തിന്റെ അന്തസ്സുയർത്തുന്നത് -മലപ്പുറം ജില്ല കെ.എം.സി.സി
text_fieldsറിയാദ്: ബിൽക്കീസ് ബാനു വിധി ജനാധിപത്യ ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നതാണെന്നും ഗുജറാത്ത് സർക്കാർ സ്വീകരിച്ച പക്ഷപാതപരമായ നടപടികൾക്കുള്ള തിരിച്ചടിയാണെന്നും റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലകമ്മിറ്റി അഭിപ്രായപ്പെട്ടു. ബിൽക്കീസ് ബാനു കൂട്ട ബലാത്സംഗക്കേസിൽ കുറ്റവാളികളെ വിട്ടയച്ചത് ഗുജറാത്ത് സർക്കാരിന്റെ വഴിവിട്ട ഇടപെടലിലൂടെയാണെന്നും സുപ്രീംകോടതി വിധിയോടെ രാജ്യം ഭരിക്കുന്ന മോദിയുടെ തനിരൂപം പുറത്തായിരിക്കുന്നുവെന്നും യോഗം അംഗീകരിച്ച പ്രമേയത്തിൽ പറഞ്ഞു.
പ്രതികളെ വിട്ടയച്ച ഹൈക്കോടതി വിധി സുപ്രീം കോടതി തള്ളുകയും കുറ്റവാളികളോട് രണ്ടാഴ്ചക്കുള്ളിൽ ജയിലിലേക്ക് പോകാൻ ഉത്തരവിട്ടതും ആശാവഹമാണ്. പ്രതികളെ രക്ഷപ്പെടുത്താൻ ഗുജറാത്ത് സർക്കാർ നടത്തുന്ന ഇടപെടലുകൾ എടുത്തുപറഞ്ഞുള്ള വിധി രാജ്യം ഭരിക്കുന്ന മോദിയുടെ സ്വന്തം സംസ്ഥാനത്ത് ഇന്ന് നിലവിലുള്ള സ്ഥിതി പുറത്തുകൊണ്ടുവരുന്നതാണ്. ജില്ല കെ.എം.സി.സി പ്രസിഡന്റ് ഷൗക്കത് കടമ്പോട്ട് അധ്യക്ഷത വഹിച്ചു. ചെയർമാൻ ഷാഫി ചിറ്റത്തുപാറ ഉദ്ഘാടനം ചെയ്തു. ഓർഗനൈസിങ് സെക്രട്ടറി മുനീർ മക്കാനി ചർച്ചകൾക്ക് തുടക്കം കുറിച്ചു.
മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ഗുജറാത്ത് കലാപത്തിൽ നിരപരാധിയായ ഒരു സ്ത്രീയെ കൂട്ടം ചേർന്ന് ക്രൂരമായി ബലാത്സംഗം ചെയ്ത കുറ്റവാളികളെ രക്ഷിക്കാൻ ശ്രമിക്കുന്നവർ ഏത് മാനസികാവസ്ഥയിലുള്ളവരാകും എന്നു ചിന്തിക്കാൻ കഴിയുന്നതാണ്. ഇത്തരക്കാർ രാജ്യഭരണത്തിന്റെ തലപ്പത്തു വന്നതു ഈ നാടിന്റെ ഗതികേടാണ്. ഇത്തരക്കാർ അധികാരവും ഭരണവും ഉപയോഗിച്ച് കോടതി വിധികളെപ്പോലും അട്ടിമറിക്കുന്നു എന്നത് രാജ്യത്ത് അപകടകരമായ സാഹചര്യം ഉണ്ടായിരിക്കുന്നു എന്നതിന്റെ തെളിവാണെന്നും യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
ജനറൽ സെക്രട്ടറി സഫീർ തിരൂർ സ്വാഗതവും ട്രഷറർ മുനീർ വാഴക്കാട് നന്ദിയും പറഞ്ഞു. ഭാരവാഹികളായ മജീദ് മണ്ണാർമല, നൗഫൽ താനൂർ, ഷകീൽ തിരൂർക്കാട്, ഫസൽ പൊന്നാനി, അർഷദ് തങ്ങൾ, മൊയ്ദീൻ കുട്ടി പൊന്മള, റഫീഖ് ഹസൻ വെട്ടത്തൂർ, റഫീഖ് ചെറുമുക്ക്, ഇസ്മാഈൽ ഓവുങ്ങൽ, സഫീർ ഖാൻ കരുവാരക്കുണ്ട്, യൂനുസ്നാണത്, ഷബീറലി പള്ളിക്കൽ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.