പാസ്പോർട്ട് പുതുക്കാൻ പുതിയ നിബന്ധന: ബിനോയ് വിശ്വം എം.പി ഇന്ത്യൻ വിദേശകാര്യമന്ത്രിക്ക് കത്തയച്ചു
text_fieldsസാജിദ് ആറാട്ടുപുഴ
ദമ്മാം: സൗദിയിലെ ഇന്ത്യക്കാരുടെ പാസ്പോർട്ട് പുതുക്കാൻ താമസരേഖയായ 'ഇഖാമ'യുടെ കാലാവധി മാനദണ്ഡമാക്കുന്ന നിയമം പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് ബിനോയ് വിശ്വം എം.പി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു. ഈ വിഷയത്തിൽ 'ഗൾഫ് മാധ്യമം' പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് ഇടപെടൽ.
നവയുഗം സാംസ്കാരികവേദി ഉൾപ്പെടെ മറ്റു പലരും ഈ വിഷയം തന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നതായും അദ്ദേഹം പറഞ്ഞു.
മന്ത്രിക്കയച്ച കത്തിന്റെ പകർപ്പ് അദ്ദേഹം ഗൾഫ് മാധ്യമത്തിന് അയച്ചു. കർക്കശമായ നയ തീരുമാനങ്ങൾ കാരണം സൗദിയിലെ പ്രവാസികൾ പാസ്പോർട്ട് പുതുക്കുന്നതിൽ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നതായി അദ്ദേഹം മന്ത്രിക്കെഴുതിയ കത്തിൽ ചൂണ്ടിക്കാട്ടുന്നു. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ഇത് കൂടുതൽ പേരെ പ്രയാസത്തിലാക്കുന്നതായും അദ്ദേഹം വിശദീകരിച്ചു. സൗദിയിൽ തൊഴിലാളിയുടെ ഇഖാമ പുതുക്കേണ്ടത് തൊഴിലുടമയുടെ ബാധ്യതയാണ്. എന്നാൽ ഇന്ത്യൻ പാസ്പോർട്ട് പുതുക്കുന്നതിന് ഇഖാമ മാനദണ്ഡമാക്കുന്നത് നീതീകരിക്കാനാവാത്തതാണെന്നും അദ്ദേഹം കത്തിലെഴുതി. നിലവിലെ സാഹചര്യങ്ങളാണ് നിരവധി പേരുടെ ഇഖാമ പുതുക്കാനാവാത്ത സാഹചര്യങ്ങൾ സൃഷ്ടിക്കുന്നത്. ഇക്കാര്യം കൊണ്ട് ഇന്ത്യക്കാരുടെ അവകാശം നിഷേധിക്കുന്നത് അശാസ്യമല്ല. അവരവരുടെ പാസ്പോർട്ട് പുതിക്കിനൽകാനുള്ള നടപടികൾക്കായി എംബസിക്ക് ആവശ്യമായ നിർദേശങ്ങൾ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാസ്പോർട്ട് പുതുക്കാൻ കഴിയാത്തവർ എക്സിറ്റിൽ പോകാൻ തയാറാകണമെന്നും അവർക്ക് എമർജൻസി സർട്ടിഫിക്കറ്റ് (ഔട്ട് പാസ്) നൽകാൻ തയാറാണെന്നുമാണ് ഇന്ത്യൻ എംബസിയുടെ നിലപാട്. എന്നാൽ ഔട്ട് പാസുമായി നാട്ടിലെത്തുന്നവർക്ക് വിമാനത്താവളത്തിൽ ഉൾപ്പെടെ നിരവധി കടമ്പകൾ കടക്കേണ്ടതുണ്ട്. പാസ്പോർട്ട് പുതുക്കാൻ ഇഖാമ പുതുക്കിയതായി വ്യാജരേഖ ചമച്ച പലരും ഇതിനകം കുടുങ്ങിയതായി സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു.
ഇഖാമയുടെ കാലാവധി അവസാനിച്ചാൽ പുതിയ തൊഴിൽ കണ്ടെത്താനുള്ള അനുമതി സൗദിയിൽ നിലവിലുണ്ട്. എന്നാൽ പാസ്പോർട്ട് കാലാവധി കഴിഞ്ഞാൽ അതിനുള്ള വഴിയും അടയും. നൂറുകണക്കിന് ആളുകൾ സഹായം അഭ്യർഥിച്ച് സമീപിക്കുകയാണെന്ന് സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്നവർ സാക്ഷ്യപ്പെടുത്തുന്നു.
എന്നാൽ ഇഖാമ കാലാവധി കഴിഞ്ഞവരുടെ പാസ്പോർട്ട് പുതുക്കാനുള്ള അപേക്ഷ പോലും സ്വീകരിക്കപ്പെടാത്ത സാഹചര്യമുണ്ടെന്നും അവർ പറയുന്നു. വിദേശ കാര്യമന്ത്രാലയത്തിൽ നിന്ന് വ്യക്തമായ നിർദേശം കിട്ടാതെ എംബസിക്കും ഇക്കാര്യത്തിൽ ഒന്നും ചെയ്യാനാവില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.