ലൈസൻസില്ലാതെ പക്ഷിവേട്ട; 14 പേർ അറസ്റ്റിൽ
text_fieldsറിയാദ്: സൗദി അറേബ്യയിൽ അനുമതിയില്ലാതെ പക്ഷിവേട്ട നടത്തിയ 14 പേർ അറസ്റ്റിൽ. രാജ്യത്തിന്റെ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന കിങ് സൽമാൻ റോയൽ റിസർവിലും റിയാദ് പ്രവിശ്യയിലുമാണ് ലൈസൻസില്ലാതെ പക്ഷിവേട്ട നടത്തിയവരെ പരിസ്ഥിതി സുരക്ഷാസേന പിടികൂടിയത്.
പ്രതികളിൽനിന്ന് ഒമ്പത് എയർ ഗണ്ണും പക്ഷിവേട്ടക്ക് ഉപയോഗിക്കുന്ന രണ്ട് വലകളും പക്ഷികളെ ആകർഷിക്കാനുള്ള ഉപകരണവും 1,020 എയർ ഗൺ വെടിയുണ്ടകളും വേട്ടയാടിപ്പിടിച്ച എട്ട് പക്ഷികളെയും കണ്ടെത്തി. ഇവർക്കെതിരെ നിയമാനുസൃത ശിക്ഷാനടപടികൾ സ്വീകരിച്ചു. സൗദിയിൽ ലൈസൻസില്ലാതെ സംരക്ഷിത പ്രകൃതി മേഖലകളിൽ പ്രവേശിച്ചാൽ 5,000 റിയാലും പക്ഷിവേട്ടക്ക് വലകളും കൂടുകളും ഉപയോഗിച്ചാൽ ഒരുലക്ഷം റിയാലും പക്ഷികളെ ആകർഷിക്കുന്ന ഉപകരണം ഉപയോഗിച്ചാൽ 50,000 റിയാലും ലൈസൻസില്ലാതെ പക്ഷിവേട്ട നടത്തിയാൽ 10,000 റിയാലും പിഴ ചുമത്തും.
പരിസ്ഥിതിക്കും വന്യജീവികൾക്കുമെതിരായ കൈയേറ്റങ്ങളെക്കുറിച്ച് മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളിൽ 999, 996 നമ്പറുകളിലും പൊതുജനങ്ങൾക്ക് പരാതി അറിയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.