കേളി കലാസാംസ്കാരിക വേദി ഏഴാമത് മെഗാ രക്തദാന ക്യാമ്പ് ഇന്ന്
text_fieldsറിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ 'ജീവസ്പന്ദനം2024' എന്ന ശീർഷകത്തിൽ നടക്കുന്ന ഏഴാമത് മെഗാ രക്തദാന ക്യാമ്പ് ഇന്ന് റിയാദിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. റിയാദ് മലാസ് ലുലു ഹൈപ്പർ മാർക്കറ്റിൽ നടത്തുന്ന ക്യാമ്പ് രാവിലെ എട്ടു മണിക്ക് ആരംഭിച്ചു വൈകിട്ട് അഞ്ചു മണി വരെ നീണ്ടുനിൽക്കും. കേളി സൗദി ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചാണ് കഴിഞ്ഞ ആറ് തവണയും ക്യാമ്പ് നടത്തിയത്. ഇത്തവണ ആരോഗ്യ മന്ത്രാലയത്തിനു പുറമെ കിങ് സല്മാന് മിലിട്ടറി ആശുപത്രിയും കേളിയോടൊപ്പം ചേരുന്നുണ്ട്. തുടർച്ചയായി കഴിഞ്ഞ ആറു വർഷങ്ങളിൽ സൗദി ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടതനുസനുസരിച്ച് ഹജ്ജിനു മുന്നോടിയായി രക്തം ശേഖരിക്കുന്നതിനായാണ് മെഗാ രക്തദാന ക്യാമ്പ് നടത്തിവരുന്നത്. ക്യാമ്പിനു ശേഷവും വിവിധ ഘട്ടങ്ങളിൽ കേളി പ്രവർത്തകർ രക്തദാനം ചെയ്തുവരുന്നുണ്ട്. വാർഷിക ക്യാമ്പിനു പുറമെ വർഷത്തിൽ 250 യൂനിറ്റിൽ കുറയാത്ത രക്തദാനം കേളിയുടെ 12 ഏരിയകളിലായി നടക്കാറുണ്ട്. അതിനായി ജീവകാരുണ്യ കമ്മിറ്റിയുടെ കീഴിൽ ഒരു രക്തദാന സെൽ പ്രത്യേകമായി പ്രവർത്തിക്കുന്നുണ്ട്.
നാളിതുവരെ കേളി ഏകദേശം 8,500 യൂനിറ്റിൽ അധികം രക്തം വിവിധ ഘട്ടങ്ങളിലായി നൽകിയിട്ടുണ്ട്. ക്യാമ്പിന്റെ വിജയത്തിനായി മധു പട്ടാമ്പി ചെയർമാൻ, അനില്‍ അറക്കല്‍ വൈസ് ചെയർമാൻ, നസീര്‍ മുള്ളുര്‍ക്കര കൺവീനർ, നാസര്‍ പൊന്നാനി ജോയിന്റ് കൺവീനർ എന്നിവരടങ്ങുന്ന 101 അംഗ സംഘാടക സമിതി രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു. രജിസ്ട്രേഷൻ എളുപ്പമാകുന്നതിന് ഓൺലൈൻ രജിസ്ട്രേഷൻ നേരത്തെ തന്നെ ആരംഭിച്ചു. ഇതുവരെ 850ൽപരം പേർ ക്യാമ്പിന് രജിസ്റ്റർ ചെയ്തു. കേളിയുടെയും കേളി കുടുംബവേദിയുടെയും പ്രവർത്തകർക്കു പുറമെ ഇന്ത്യയിലെ വിവിധ സംസ്ഥാനക്കാരും, വിവിധ രാജ്യക്കാരും സൗദി പൗരന്മാരും കേളിയുടെ രക്തദാനത്തിൽ പങ്കാളികളാവാറുണ്ട്. രക്തദാനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ചെയർമാൻ മധു പട്ടാമ്പി 0536240020, കൺവീനർ നസീര്‍ മുള്ളുര്‍ക്കര 0540010163 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. കേളി കേന്ദ്ര രക്ഷാധികാരി സെക്രട്ടറി കെ.പി.എം സാദിഖ്, പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, സെക്രട്ടറി സുരേഷ് കണ്ണപുരം, ട്രഷറർ ജോസഫ് ഷാജി, സംഘാടക സമിതി ചെയർമാൻ മധു പട്ടാമ്പി, കൺവീനർ നസീര്‍ മുള്ളുര്‍ക്കര എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.