കേളി ‘ജീവസ്പന്ദനം 2024’ൽ നൽകിയത് 1086 യൂനിറ്റ് രക്തം
text_fieldsറിയാദ്: ഈ വർഷത്തെ ഹജ്ജിന്റെ മുന്നൊരുക്കങ്ങൾക്കായി കേളി കലാസാംസ്കാരിക വേദിയുടെ മെഗാ രക്തദാന ക്യാമ്പ് ‘ജീവസ്പന്ദനം 2024’ന് വൻ ജനപിന്തുണ. 1426 പേർ പങ്കാളികളായ ക്യാമ്പിൽ 1086 യൂനിറ്റ് രക്തം ശേഖരിക്കാൻ കഴിഞ്ഞു. വെള്ളിയാഴ്ച രാവിലെ എട്ടിന് ആരംഭിച്ച ക്യാമ്പ് വൈകീട്ട് ഏഴുവരെ നീണ്ടു. വിവിധ കാരണങ്ങളാൽ 340 പേരുടെ രക്തം സ്വീകരിക്കാൻ കഴിഞ്ഞില്ല. 2023 -ൽ നടത്തിയ ആറാമത് ക്യാമ്പിൽ 1150 പേരായിരുന്നു പങ്കാളികളായിരുന്നത്. മലാസ് ലുലു ഹൈപ്പറിൽ നടന്ന പരിപാടിയിൽ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള റിയാദ് സെന്റ്റൽ ബ്ലഡ് ബാങ്കും സൗദി മിനിസ്ട്രി ഓഫ് ഡിഫൻസിന്റെ കീഴിലുള്ള പ്രിൻസ് സുൽത്താൻ മിലിട്ടറി മെഡിക്കൽ സിറ്റിയും രക്തം സ്വീകരിച്ചു.
കേളിയുടെയും കേളി കുടുംബ വേദിയുടെയും പ്രവർത്തകർക്ക് പുറമെ മലയാളി സമൂഹവും ഇന്ത്യയിലെ വിവിധ സംസ്ഥാനക്കാരും, സിറിയ, യമൻ, ജോർഡൻ, ഫിലിപ്പീൻസ്, നേപ്പാൾ, സൗദി അറേബ്യ, ബംഗ്ലാദേശ്, പാകിസ്താൻ എന്നീ രാജ്യങ്ങളിൽനിന്നുമായി 1426 പേർ ക്യാമ്പിൽ പങ്കാളികളായി. ഇത്തവണ റിയാദ് ബ്ലഡ് ബാങ്കിന് പുറമെ, മിലിട്ടറി മെഡിക്കൽ സിറ്റിയും രക്തം ആവശ്യപ്പെട്ട് കേളിയെ സമീപിച്ചിരുന്നു. രാവിലെ 8 മുതൽ 12 മണി വരെ മിലിട്ടറി മെഡിക്കൽ സിറ്റിയും തുടർന്ന് റിയാദ് ബ്ലഡ് ബാങ്ക് വൈകീട്ട് ഏഴ് വരെയും 1086 പേരുടെ രക്തം ശേഖരിച്ചു.
പ്രിൻസ് സുൽത്താൻ മിലിട്ടറി മെഡിക്കൽ സിറ്റിയുടെ 36 മെഡിക്കൽ സ്റ്റാഫും 20 ആരോഗ്യ പ്രവർത്തകരും അടങ്ങുന്ന സംഘത്തിന് ഡോക്ടർ മുസാദും സൗദി ആരോഗ്യ മന്ത്രാലത്തിലെ 41 മെഡിക്കൽ സ്റ്റാഫും 30 ആരോഗ്യപ്രവർത്തകരും അടങ്ങുന്ന സംഘത്തിന് റിയാദ് ബ്ലഡ് ബാങ്ക് ഡയറക്ടർ ഖാലിദ് അൽ സൗബീയയും കേളിയുടെ 110 അംഗ വളണ്ടിയർ ഗ്രൂപ്പിന് വളണ്ടിയർ ക്യാപ്റ്റൻ ഗഫൂർ ആനമങ്ങാടും നേതൃത്വം നൽകി.
20 ബെഡ് യൂനിറ്റുകളും ആറു പേരുടെ വീതം രക്തം ശേഖരിക്കാവുന്ന രണ്ട് ബസുകളിലുമായി 32 പേരുടെ രക്തം ഒരേ സമയം ശേഖരിക്കുന്ന തരത്തിലുള്ള സൗകര്യമാണ് ക്യാമ്പിൽ ഒരുക്കിയത്. കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാലിന്റെ അധ്യക്ഷതയിൽ നടന്ന സമാപന ചടങ്ങിൽ കേളി ജോയന്റ് സെക്രട്ടറി സുനിൽകുമാർ ആമുഖ പ്രസംഗം നടത്തി. മുഖ്യ രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് ക്യാമ്പിന്റെ പ്രസക്തിയെക്കുറിച്ച് വിശദീകരിച്ചു.
തുടർന്ന് റിയാദ് സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഡയറക്ടര്‍ ഖാലിദ് സൗബായീ, കിങ് സഊദ് മെഡിക്കൽ സിറ്റി ബ്ലഡ് ബാങ്ക് മാനേജരായ അലി അല്‍ സുവൈദി, പ്രിൻസ് സുൽത്താൻ മിലിട്ടറി മെഡിക്കൽ സിറ്റി ഡോക്ടർ ഫവാസ് അൽ ഒതൈബി മലാസ് ലുലു മാനേജർ ആസിഫ് എന്നിവർ സംസാരിച്ചു. ഖാലിദ് സൗബായീ, ഫവാസ് അൽ ഒതൈബി, ആസിഫ് എന്നിവർക്ക് സുരേഷ് കണ്ണപുരം, സെബിൻ ഇക്ബാൽ, കേളി ട്രഷറർ ജോസഫ് ഷാജി എന്നിവർ യഥാക്രമം കേളിക്കുവേണ്ടി മെമന്റോകൾ കൈമാറി.
സംഘാടക സമിതി ചെയർമാൻ മധു എടപ്പുറത്ത്, കേളി കുടുംബവേദി സെക്രട്ടറി സീബ കുവ്വോട് കിങ് സഊദ് ബ്ലഡ് ബാങ്ക് സ്റ്റാഫുകാരായ സിസ്റ്റർ അമാനി മെദവദ് അൽഷംരി ഷരീഫ അലി അൽവാബി മറിയം സാലെ അൽമുതൈരി എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും സംഘാടക സമിതി കൺവീനർ നസീർ മുള്ളൂർക്കര നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.