ബ്ലൂസ്റ്റാർ സോക്കർ ഫെസ്റ്റിന് ജിദ്ദയിൽ തുടക്കം
text_fieldsജിദ്ദ: അഞ്ചാമത് അൽ അബീർ ബ്ലൂസ്റ്റാർ സോക്കർ ഫെസ്റ്റ് 2022ന് ജിദ്ദയിൽ ആവേശകരമായ തുടക്കം. ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിലെ ഹിലാൽ ശാം സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച ആരംഭിച്ച സൂപ്പർ ലീഗിലെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ സിഫ് ചാമ്പ്യന്മാരായ ഷറഫിയ ട്രേഡിങ് സബീൻ എഫ്.സിയെ അൽ നഖ്ആ ഐസ് ഫാക്ടറി റിയൽ കേരള എഫ്.സി സമനിലയിൽ തളച്ചു. മുൻ സന്തോഷ് ട്രോഫി താരം അഫ്ദൽ മുത്തു, കെ.എസ്.ഇ.ബി താരം സഫ്‌വാൻ തുടങ്ങിയ താരങ്ങളെ അണിനിരത്തി കരുത്തുറ്റ നിരയുമായി ഇറങ്ങിയ സബീൻ എഫ്.സിക്കെതിരെ ഉജ്ജ്വലമായ കളിയാണ് റിയൽ കേരള കാഴ്ചവെച്ചത്. ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ചാണ് സമനില നേടിയത്.
തുടക്കം മുതൽ ആക്രമണ പ്രത്യാക്രമണങ്ങൾ കൊണ്ട് സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ ആയിരക്കണക്കിന് കാണികളെ ആവേശത്തിലാക്കിയ മത്സരത്തിന്റെ ആദ്യപകുതി ഗോൾ രഹിതമായിരുന്നു. രണ്ടാം പകുതിയിൽ അസ്‍ലം എടുത്ത കോർണർ കിക്കിൽ നിന്നും ഉയർന്നു വന്ന പന്ത് മനോഹരമായ ഹെഡറിലൂടെ പോസ്റ്റിലേക്ക് തിരിച്ചു വിട്ട ഈനാസ് റഹ്മാന്റെ ഗോളിലൂടെ സബീൻ എഫ്സി.യാണ് ആദ്യം മുന്നിലെത്തിയത്. കളിതീരാൻ ഏതാനും മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ ക്യാപ്റ്റൻ നിഷാദ് കൊളക്കാടൻ മൈതാന മധ്യത്തുനിന്നും ഒറ്റക്ക് മുന്നേറി നൽകിയ മനോഹര പാസ്സിൽ നിന്നും വിഷ്ണു മനോജ് റിയൽ കേരളക്ക് വേണ്ടി സമനില ഗോൾ നേടി. ഗോൾ മടക്കിയ ഉടൻ റിയൽ കേരളക്കു കിട്ടിയ മികച്ചൊരു ഗോൾ അവസരം സബീൻ എഫ്.സിയുടെ പരിചയ സമ്പന്നനായ ഗോൾ കീപ്പർ ഷറഫുദ്ദീൻ പള്ളിപ്പറമ്പൻ ഉജ്വല സേവിലൂടെ രക്ഷപ്പെടുത്തി.
റിയൽ കേരളയുടെ മധ്യനിരയിൽ മികച്ച പന്തടക്കത്തോടെ കളി നിയന്ത്രിച്ച വിഷ്ണു മനോജിനെ മാൻ ഓഫ് ദ മാച്ചായി തെരഞ്ഞെടുത്തു. റിയൽ കേരള ഗോൾകീപ്പർ ആഷിഖിന്റെ ചില മികച്ച സേവുകളും മത്സരത്തിൽ കണ്ടു. സെക്കൻഡ് ഡിവിഷൻ മത്സരത്തിൽ അൽഹാസ്മി ന്യൂ കാസിൽ എഫ്.സിയും തുറയ്യാ മെഡിക്കൽസ് യാസ് എഫ്.സിയും ഓരോ ഗോൾ വീതം അടിച്ചു സമനിലയിൽ പിരിഞ്ഞു. അബു താഹിർ യാസ് എഫ്.സിക്ക് വേണ്ടിയും ഷിഹാബുദ്ധീൻ ന്യൂകാസിൽ എഫ്.സിക്കു വേണ്ടിയും ഗോളുകൾ നേടി. യാസ് എഫ്.സിയുടെ അബുതാഹിറിനെ മത്സരത്തിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു.
അൽഅബീർ മെഡിക്കൽ ഗ്രൂപ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. അഹമ്മദ് ആലുങ്ങൽ, ജിദ്ദ നാഷനൽ ആശുപത്രി വൈസ് ചെയർമാൻ മുഷ്താഖ് മുഹമ്മദലി, സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറം പ്രസിഡന്റ് ബേബി നീലാമ്പ്ര എന്നിവർ റഫറിമാർക്ക് ബാളുകൾ കൈമാറി ടൂർണമെന്റ് ഉത്ഘാടനം ചെയ്തു. ബ്ലൂസ്റ്റാർ ക്ലബ് മാനേജർ ശരീഫ് പൂങ്ങോട് അധ്യക്ഷത വഹിച്ചു. ഡോ. ഇമ്രാൻ ആശംസ നേർന്നു. ജനറൽ സെക്രട്ടറി ഷഫീഖ് പട്ടാമ്പി സ്വാഗതവും ട്രഷറർ ഫിറോസ് നീലാമ്പ്ര നന്ദിയും പറഞ്ഞു. സി.കെ. ഹംസ, ഷബീറലി ലാവ, നിസാം പാപ്പറ്റ, റഷീദ് അൽഹാസ്മി ട്രേഡിങ്, സൈഫുദ്ധീൻ തുറയ്യ മെഡിക്കൽസ്, ബ്ലൂസ്റ്റാർ എക്സിക്യൂട്ടിവ് അംഗം കുഞ്ഞാലി എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.ഫാസിൽ തിരൂർ, ജലീൽ കണ്ണമംഗലം എന്നിവർ മാൻ ഓഫ് ദ മാച്ച് പുരസ്കാരങ്ങൾ സമ്മാനിച്ചു. കാണികൾക്കുള്ള ലക്കി ഡ്രോ നറുക്കെടുപ്പ് വിജയിക്കുള്ള സമ്മാനം 'ഗൾഫ് മാധ്യമം' മാർക്കറ്റിങ് മാനേജർ ഹിലാൽ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.